Movies
രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം; നന്ദി പറഞ്ഞ് സംവിധായകൻ
രാഗേഷ് കൃഷ്ണന് സഹായവുമായി മാർക്കോ ടീം; നന്ദി പറഞ്ഞ് സംവിധായകൻ
അടുത്ത കാലത്തായി പ്രേക്ഷകർക്കേറെ സുപരിചിതനാണ് സംവിധായകൻ രാഗേഷ് കൃഷ്ണൻ. സെറിബ്രൽപാൾസി എന്ന രോഗത്തെ മറികടന്ന് സംവിധായകനായി മാറിയ രാഗേഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറലായിരുന്നു. കളം 24 എന്ന ചിത്രമാണ് രാഗേഷ് സംവിധാനം ചെയ്ത് തിയേറ്ററിലെത്തിച്ചത്. മൂന്നാഴ്ചയോളം ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ രാഗേഷ് കൃഷ്ണന് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് മാർക്കോ സിനിമയുടെ അണിയറപ്രവർത്തകർ. സാമ്പത്തിക സഹായവും സിനിമയെരുക്കുന്നതിനുള്ള മറ്റ് സഹായങ്ങളുമാണ് മാർക്കോ ടീം വാഗ്ദാനം ചെയ്തത്. ഇക്കാര്യം അറിയിച്ച് രാഗേഷ് കൃഷ്ണൻ മാർക്കോ ടീമിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളിൽ റിലീസായ എന്റെ ചിത്രം കളം 24 മൂന്നാഴ്ച തിയേറ്ററിൽ ഓടിയിരുന്നു. പലരിൽ നിന്നും മികച്ച അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്തത്. നിരവധി പേർ നല്ല വാക്കുകൾ വിളിച്ച് അറിയിച്ചു. പക്ഷേ എന്നെ ഞെട്ടിച്ചത് മാർക്കോയുടെ നിർമാതാവ് ഷെരീഫിക്കയായിരുന്നു.
നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നു കണ്ടു. സാമ്പത്തിക സഹായം നൽകി. മറ്റു സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഒത്തിരി നന്ദിയുണ്ട്. എന്റെ സിനിമ അദ്ദേഹം കാണാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. മാർക്കോയ്‌ക്ക് വിജയാശംസകൾ നേരുന്നുവെന്നും രാഗേഷ് പറഞ്ഞു.
അതേസമയം, ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് റിലീസിനെത്തിയത്. ആഗോള കലക്‌ഷനിൽ ചിത്രം നൂറ് കോടി കഴിഞ്ഞു. മലയാളത്തിൽ ഏറ്റവും വലിയ വയലൻറ് ചിത്രത്തിന് ആവേശകരമായ വരവേൽപ്പാണ് കേരളത്തിനകത്തും പുറത്തുനിന്നും ലഭിച്ചത്.
ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ചിത്രത്തിൻറെ ഭാഗമായിട്ടുണ്ട്. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ 100 കോടി നേടിയിരുന്നു.
