Movies
പുഷ്പ 2 ഒടിടിയിലേയ്ക്ക്? ; പ്രതികരണവുമായി നിർമാതാക്കൾ
പുഷ്പ 2 ഒടിടിയിലേയ്ക്ക്? ; പ്രതികരണവുമായി നിർമാതാക്കൾ
സകല റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ഡിസംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം 1500 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡയിയിൽ. ചിത്രം ഉടൻ തന്നെ ഒ.ടി.ടിയിൽ എത്തുമെന്നാണ് പ്രചരിച്ചിരുന്നത്.
എന്നാൽ ഇപ്പോഴിതാ ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. പുഷ്പ: ദ റൂളിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ച് ഒരുപാട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഈ അവധിക്കാലത്ത് പുഷ്പ 2 ബിഗ് സ്‌ക്രീനുകളിൽ മാത്രം ആസ്വദിക്കൂ.
”56 ദിവസം വരെ ഇത് ഒരു ഒടിടിയിലും ഉണ്ടാകില്ല” എന്നാണ് മൈത്രി മൂവീ മേക്കേഴ്‌സ് അറിയിച്ചിരിക്കുന്നത്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. ബോക്‌സ് ഓഫീസിൽ സിനിമ കുതിപ്പ് തുടരുകയാണ്. 990.7 കോടിയാണ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ കളക്ഷൻ.
തെലുങ്കിൽ 295.6 കോടിയാണ് നേടിയിരിക്കുന്നത്. തമിഴിൽ 52.4, കന്നഡ7.13, മലയാളത്തിൽ 7.13 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ഇ ഫോർ എന്റർടെയ്ൻമെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്. അല്ലു അർജുനും രശ്മിക മന്ദാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുനിൽ, ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്.
