Actor
ലാലിന്റെ ചവിട്ട് നെഞ്ചില്‍ തന്നെ കിട്ടി, പൊടുന്നനെ ബോധംക്കെട്ട് വീണു; ആശുപത്രിയിലെ ബില്ല് അടക്കം കൊടുത്തത് മോഹന്‍ലാല്‍ ആയിരുന്നു
ലാലിന്റെ ചവിട്ട് നെഞ്ചില്‍ തന്നെ കിട്ടി, പൊടുന്നനെ ബോധംക്കെട്ട് വീണു; ആശുപത്രിയിലെ ബില്ല് അടക്കം കൊടുത്തത് മോഹന്‍ലാല്‍ ആയിരുന്നു
ടൈമിങ് തെറ്റിയാല്‍ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പരിക്ക് പറ്റുന്ന മേഖല കൂടിയാണ് ആക്ഷന്‍ രംഗങ്ങളെന്നും പലതവണ തനിക്കങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും പുന്നപ്ര അപ്പച്ചന്‍. ഒരുവിധം എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ ഏറ്റവും നല്ല ഇടി കിട്ടിയത് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നാണെന്നാണ് അപ്പച്ചന്‍ പറയുന്നത്. വിയ്‌നാറ്റം കോളനി എന്ന സിനിമയില്‍ നടി കനകയുമായിട്ട് വഴക്ക് കൂടുന്നൊരു സീനിലാണ്. അന്ന് ശരിക്കും ഇടി കിട്ടിയിരുന്നതായിട്ടാണ് നടന്‍ പറയുന്നത്.
അന്ന് ആയോധനവിദ്യയില്‍ പ്രഗ്ഭനായ ഗോപാലഗുരുക്കളുടെയും നസീര്‍ സാറിന്റെ കൂടെ ഉണ്ടായിരുന്ന ത്യാഗരാജന്‍ സാറിനൊപ്പവുമൊക്കെ ഞാന്‍ ഫൈറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഷോര്‍ട്ട് എടുക്കുന്ന കൃത്യ സമത്ത് മാറി കൊടുത്തില്ലെങ്കില്‍ ചവിട്ട് ശരീരത്തിനിട്ട് തന്നെ കിട്ടും. അങ്ങനെയാണ് മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നുമൊരു ചവിട്ട് കൊള്ളുന്നത്.
പിന്‍ഗാമി എന്ന സിനിമയിലെ ഒരു സീനില്‍ മോഹന്‍ലാല്‍ എന്നെ ചവിട്ടുകയാണ്. ടൈംമിങ്ങ് തെറ്റിയതോടെ എനിക്ക് മാറാന്‍ സാധിച്ചില്ല. ഇതോടെ ലാലിന്റെ ചവിട്ട് എന്റെ നെഞ്ചില്‍ തന്നെ കൊണ്ടു. നല്ലൊരു ചവിട്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ബോധംക്കെട്ട് വീണു. അദ്ദേഹത്തിന് ഷെയര്‍ ഉള്ള കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എന്നെ പ്രവേശിപ്പിച്ചു. അപ്പച്ചന്‍ എനിക്ക് പ്രിയപ്പെട്ട ആളാണ്, കാര്യമായ ചികിത്സ കൊടുക്കണമെന്ന് ലാല്‍ ആശുപത്രിക്കാരോട് പറഞ്ഞിരുന്നു.
അന്ന് ഇസിജി ഒക്കെ എടുത്ത് നോക്കി, ഏകദേശം അന്നത്തെ കാലത്ത് ഒന്‍പതിനായിരം രൂപ എങ്ങാനും ആശുപത്രിയിലെ ഒരു ദിവസത്തെ ബില്‍ ആയി. പക്ഷേ എന്റെ കൈയ്യില്‍ നിന്നും കാശ് വാങ്ങിയില്ല. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ലാല്‍ അങ്ങനൊരു സഹായം ചെയ്തതെന്നാണ് അപ്പച്ചന്‍ പറയുന്നത്.
ശക്തി എന്ന സിനിമയിലും ഇതുപോലൊരു സംഭവമുണ്ടായി. ആ ചിത്രത്തില്‍ പലിശ പിരിക്കുന്ന ആളാണ് ഞാന്‍. അന്ന് ലാല്‍ ശരിക്കും ഇടിച്ചു. ആ സമയത്ത് ഞാന്‍ കുറേ അഡ്ജസ്റ്റ്‌മെന്റ് ചെയ്തിരുന്നു. എന്നാല്‍ ഫറോക് കോളേജിന് അടുത്ത് നിന്നും ഒരു പുഴയിലേക്ക് എന്നെ വലിച്ചെറിയുന്നൊരു സീനുണ്ട്. ആ പുഴയില്‍ കുറേ കുറ്റിയൊക്കെ ഉണ്ടായിരുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.
നടന്‍ അടിക്കാന്‍ വരുമ്പോള്‍ ഇങ്ങോട്ട് മാറണം, അങ്ങോട്ട് മാറണമെന്നൊക്കെ സ്റ്റണ്ട് മാസ്റ്റര്‍ പറഞ്ഞ് തരും. പക്ഷേ ടൈമിങ്ങില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. ചിലപ്പോള്‍ ആ സീന്‍ കൂടുതല്‍ നന്നാക്കാന്‍ വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ എന്തെങ്കിലും ചെയ്യുന്നതുമാവാം. മോഹന്‍ലാലിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടിയിട്ടുണ്ടെങ്കിലും മമ്മൂട്ടിയില്‍ നിന്നും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.
അദ്ദേഹത്തിനൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു സംഘട്ടനരംഗം ഇല്ലായിരുന്നുവെന്നാണ് അപ്പച്ചന്‍ പറയുന്നത്. സീന്‍ റെഡിയാവാന്‍ വേണ്ടി കൂടെ നില്‍ക്കുന്നവരെയൊന്നും താരങ്ങള്‍ ശ്രദ്ധിച്ചെന്ന് വരില്ല. അങ്ങനെയാണ് അടി കിട്ടുന്നത്. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ രക്ഷപ്പെട്ട് പോവാം എന്നുള്ളതേയുള്ളു. ഒരു ഞാണിന്മേല്‍ കളിയാണ്.
ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ സ്റ്റ്ണ്ട് ചെയ്യുന്നവരെ സമ്മതിക്കണം. അവര്‍ക്ക് വീണാലും മുറിവ് പറ്റിയാലുമൊന്നും കുഴപ്പമില്ല. കാരണം അങ്ങനെ സംഭവിച്ചാല്‍ അതിനൊക്കെ ബാറ്റ കൂടുതലായി കിട്ടും. ചില്ല് പൊട്ടിച്ച് ബൈക്ക് ഓടിക്കണോ എന്നൊക്കെയാണ് അവര്‍ ചോദിക്കാറുള്ളത്. കാരണം ശമ്പളം ഇരട്ടിയായി കിട്ടും. അവര്‍ക്ക് മുറിവ് പ്രശ്‌നമല്ലെന്നാണ് നടന്‍ വ്യക്തമാക്കുന്നത്.