Malayalam
പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനം; നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി സംഭവിക്കുന്നത്
പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനം; നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി സംഭവിക്കുന്നത്
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വാദം തുടങ്ങിയത്. ഒരു മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഈ വേളയിൽ കേസിൽ ഏറ്റവും നിർണായകമാകുക കേസിലെ ഒന്നാം പ്രതി പൾസർ സുനിയായിരിക്കുമെന്ന് പറയുകയാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്. കേസിലെ തെളിവുകളെല്ലാം തന്നെ കൃത്യമായി കോടതിക്ക് മുൻപിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടതിയിൽ തെളിവുകൾ എത്തിയിട്ടുണ്ട്. പക്ഷെ എങ്ങനെ കോടതി അതിനെ കാണുമെന്ന് പറയാൻ സാധിക്കില്ല. കോടതിക്ക് അകത്തിരിക്കുന്ന തെളിവിന് രൂപമാറ്റം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോടതികളിൽ വെച്ച് ആ ദൃശ്യം പരിശോധിക്കപ്പെട്ടു. അതിൽ ഇന്ന് വരെ തീരുമാനം ഉണ്ടായിട്ടില്ല. തൊണ്ടി സാധനം പോലും കോടതിക്കകത്ത് സുരക്ഷിതമല്ല.
കോടതിയിൽ ഇരിക്കുന്നൊരു തെളിവ് പരിശോധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി പോലീസല്ല,കോടതിയാണ്. ഇതിനെതിരെ അതിജീവിത കീഴ്ക്കോടതിലും മേൽക്കോടതിയിലുമെല്ലാം പരാതി നൽകിയെങ്കിലും കാര്യമുണ്ടായിട്ടില്ല. രാഷ്ട്രപതിയെ സമീപിച്ചെങ്കിലും രാഷ്ട്രപതിക്ക് ഇതിൽ പ്രത്യേകിച്ചൊരു റോൾ ഒന്നുമില്ല.
കേസിൽ പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനമാണ്. സുനി സത്യം പറയാൻ തയ്യാറാവുകയും ഇന്നയാളാണ് അതിന് പിന്നിലെന്ന് പറയുകയും ചെയ്താൽ കോടതിക്ക് ആ വാദം പരിഗണിക്കാതിരിക്കാൻ സാധിക്കില്ല’, അദ്ദേഹം പറഞ്ഞു. കേസിൽ ആർ ശ്രീലേഖ പ്രതി ദിലീപിനെ പിന്തുണച്ച് സംസാരിച്ചതും അദ്ദേഹം വിമർശിച്ചു. മുൻ ഡിജിപിയുടെ പരാമർശം അനുചിതമായിപ്പോയി.
വിചാരണ നടക്കുമ്പോൾ വസ്തുതകൾ പറയാം. എന്നാൽ പ്രതിയെ അനുകൂലിച്ച് മുൻ ജയിൽ ഡിജിപിയായിരുന്നൊരാൾ സംസാരിക്കുകയെന്ന് പറഞ്ഞാൽ അതിന് പിന്നിൽ ദുഷ്ടലാക്കാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വാദത്തിന് കൂടുതൽ സമയം ഇന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ഈ സാഹചര്യത്തിൽ വേഗത്തിൽ തന്നെ വാദങ്ങൾ പൂർത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം പ്രോസിക്യൂഷന്റെ വാദങ്ങളാണ് കേൾക്കുക. ഇതിന് രണ്ടാഴ്ച വേണ്ടി വന്നേക്കും. പിന്നീടായിരിക്കും ദിലീപ് അടക്കമുള്ള പ്രതികളുടെ വാദം കേൾക്കുക. ഇതിനിടെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി.
അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു.
സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് ഓടുന്ന കാറിൽ വെച്ച് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. തൃശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കഴിഞ്ഞ 7 വർഷത്തിനിടെ ഒരുപാട് ട്വിസ്റ്റുകളും ടേണുകളും സംഭവിച്ച നടി കേസിൽ അന്തിമ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരളം.
നടൻ ദിലീപിനെതിരെ ഗൂഢാലോചന കുറ്റമാണ് ഉള്ളത്. ദിലീപ് തനിക്ക് 50 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ദിലീപിനെതിരെ കേസ് കെട്ടിചമച്ചതാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. കേസിൽ ദിലീപ് അടക്കമുള്ളവർക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ എത്തിയിട്ടുണ്ടെന്നും നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് അവരെ പിന്തുണയ്ക്കുന്നവർ പറയുന്നത്.