Malayalam
ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് അടിയന്തരപ്രാധാന്യം ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന്; പ്രിയദര്‍ശന്‍ തമ്പി
ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് അടിയന്തരപ്രാധാന്യം ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന്; പ്രിയദര്‍ശന്‍ തമ്പി
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പ്രമുഖ അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അടിയന്തരപ്രാധാന്യം ഇല്ലെന്ന് വ്യക്തമായതിനാലാണ് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ഫെബ്രുവരിയിലേക്ക് മാറ്റിയതെന്നാണ് അദ്ദേഹം പറയുന്നത്.
ഏതെങ്കിലും തരത്തിലുള്ള അടിയന്തര പ്രാധാന്യം ഉണ്ടായിരുന്നെങ്കിലും അതില്‍ തീര്‍പ്പ് കല്‍പ്പിക്കുകയോ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുകയും ചെയ്‌തേനെ. ഈ ഹര്‍ജി ഫെബ്രുവരിയിലേക്ക് മാറിയതുകൊണ്ട് വിചാരണ കോടതിയിലെ നടപടികളൊന്നും തടസ്സപ്പെടാന്‍ പോവുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ഇവിടുത്തെ നടപടിക്രമങ്ങള്‍ കഴിയുകയാണെങ്കില്‍ സ്വാഭാവികമായി അടുത്ത മാസം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രധാന്യം നഷ്ടപ്പെടും. മറിച്ച് വിചാരണ തീരുന്നില്ലെങ്കില്‍ എട്ടാം പ്രതി തന്റെ ആവശ്യം വീണ്ടും കോടതിക്ക് മുമ്പാകെ ഉന്നയിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ ദിലീപ് ഉദ്ദേശിച്ച റിലീഫ് കിട്ടിയില്ലെന്നുള്ളത് വസ്തുതയാണെന്ന് പറയാതിരിക്കാന്‍ സാധിക്കില്ല.
ഇടക്കാല ഉത്തരവ് ഇല്ലാത്തതിനാല്‍ വിചാരണ യാതൊരു തസ്സവും ഇല്ലാതെ തുടര്‍ന്ന് മുന്നോട്ട് പോകും. പ്രോസിക്യൂഷന് തങ്ങള്‍ ഉദ്ദേശിക്കുന്ന സാക്ഷികളെ വിസ്തരിക്കാന്‍ സാധിക്കും. ഇത്തരം വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം വരട്ടെ എന്ന നിലപാട് കോടതികള്‍ സ്വീകരിക്കാറുണ്ടെങ്കിലും ഈ കേസിന്റെ വിധി അതില്‍ നിന്ന് വ്യത്യസ്തമാണ്. വിചാരണ സമയബന്ധിതമായി തീര്‍ക്കണമെന്ന് സുപ്രീം കോടതി തന്നെ പലതവണ പറഞ്ഞിട്ടുണ്ട്.
ജനുവരി 31 നുള്ളില്‍ തീര്‍ക്കണമെന്നാണ് ആവശ്യം. കേസിലെ നിലവിലെ അവസ്ഥയെക്കുറിച്ച് വിചാരണ കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരേയുള്ള വിചാരണ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നുണ്ടെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. അതിനാല്‍ തന്നെ ദിലീപിന്റെ ഹര്‍ജിയിലെ ഉത്തരവിനെ കാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലെന്നും അഡ്വ. പ്രിയദര്‍ശന്‍ തമ്പി വ്യക്തമാക്കുന്നു
ഇതുപോലുള്ള കേസുകളില്‍ മാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ളത് ഏറ്റവും പ്രധാനപ്പെട്ട വകുപ്പാണ് എന്നതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പ് എന്ന് പറയുന്നത് ആര്‍ട്ടിക്കിള്‍ 14 ആണ്. ഭരണഘടനാ ശില്‍പ്പി ഡോക്ടര്‍ അംബേദ്കര്‍ ഈ വകുപ്പിനെ വിശേഷിപ്പിച്ചത് ഭരണഘടനയുടെ ആത്മാവെന്നാണ്. നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എല്ലാവര്‍ക്കും നിയമം ഒരു പോലെയാണെന്ന് എഴുവെച്ചിട്ടുണ്ടെങ്കില്‍ പോലും സ്വാതന്ത്രം നേടി ഇത്രയും വര്‍ഷമായിട്ടും അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണെന്നും എല്ലാവര്‍ക്കും നിയമം ഒരു പോലെയാണെന്ന് പറയുന്നുണ്ടെങ്കിലും സമ്പന്നതയും രാഷ്ട്രീയവും ഉള്‍പ്പടേയുള്ള മറ്റ് തരത്തില്‍ സ്വാധീനമുള്ള ആളുകള്‍ ഒരുപാട് കാര്യങ്ങള്‍ അനധികൃതമായി ചെയ്യുന്നുണ്ടെന്നുള്ളത് പരമമായ സത്യമാണ്. ഇതിനൊക്കെ എതിരെ പ്രതികരിക്കാന്‍, വലിയൊരു അന്ധകാരത്തില്‍ ചെറിയൊരു മിന്നാമിനുങ്ങായി മാറാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.
അന്ധകാരത്തില്‍ ചെറിയ വെളിച്ചമാവാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ആ അവസ്ഥ ഭീകരമായിരിക്കും. എല്ലാവരും മിണ്ടാതിരുന്നപ്പോള്‍ രാജാവ് നഗ്‌നനാണെന്ന് വിളിച്ച് പറഞ്ഞ കൊച്ചു കൂട്ടിയെപോലെ മാധ്യമങ്ങളും സത്യം വിളിച്ച് പറയണം അതിന് തയ്യാറായവരെ അഭിനന്ദിക്കുകയാണ്. സമൂഹത്തെ ആകെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. അവര്‍ വളരെ പ്രധാന്യത്തോടെ എല്ലാം നോക്കി കാണുന്നുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ തിരിച്ചറിയുന്നുണ്ട്. കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത് പോലെ ഇതെല്ലാം ചരിത്രത്തില്‍ എഴുതപ്പെടും എന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്നും പ്രിയദര്‍ശന്‍ തമ്പി കൂട്ടിച്ചേര്‍ക്കുന്നു.
തുടരന്വേഷണ റിപ്പോര്‍ട്ടില്‍ സാക്ഷികളായി മഞ്ജു വാര്യര്‍ ഉള്‍പ്പടെ നൂറിലേറെ സാക്ഷികളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ മഞ്ജു വാര്യറില്ലെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടിയെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. മഞ്ജുവാര്യറെ വിസ്തരിക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താതിരുന്നതും പ്രോസിക്യൂഷന് വലിയ ആശ്വാസമായി.
അതേസമയം ഒരിക്കല്‍ വിസ്തരിച്ചവരെ വിസ്തരിക്കുന്നതിനെതിരെ കടുത്ത എതിര്‍പ്പാണ് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിര്‍ണായകമാകും. ദിലീപിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാല്‍ അത് അതിജീവിതയേയും പ്രോസിക്യൂഷനേയും സംബന്ധിച്ച് കനത്ത തിരിച്ചടിയായിരിക്കും.