Actress
ഇന്ത്യൻ 2 വിന്റെ പരാജയം; ശങ്കർ-കമൽഹാസൻ സിനിമയോട് ആരാണ് നോ പറയുക, ഞാനും അതേ ചെയ്തുള്ളൂ; മാപ്പ് പറഞ്ഞ് നടി പ്രിയാ ഭാവാനി ശങ്കർ
ഇന്ത്യൻ 2 വിന്റെ പരാജയം; ശങ്കർ-കമൽഹാസൻ സിനിമയോട് ആരാണ് നോ പറയുക, ഞാനും അതേ ചെയ്തുള്ളൂ; മാപ്പ് പറഞ്ഞ് നടി പ്രിയാ ഭാവാനി ശങ്കർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കമൽ ഹാസൻ ശങ്കർ ചിത്രമായിരുന്നു ഇന്ത്യൻ2. എന്നാൽ ആദ്യ ദിവസം മുതൽ തന്നെ മികച്ച പ്രതികരണങ്ങളായിരുന്നില്ല ചിത്രത്തിന് ലഭിച്ചിരുന്നത്. ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഇന്ത്യൻ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ജൂലൈ 12 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിൽ നടി പ്രിയാ ഭാവാനി ശങ്കറും പ്രധാന വേഷത്തിലെത്തിയിരുന്നു. നടിയ്ക്കും കടുത്ത രീതിയിലുള്ള സൈബർ ആക്രമണമാണ് നടന്നത്. നടിയുടെ അഭിനയത്തിനു വരെ വിമർശനമുണ്ടായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം പ്രിയയ്ക്കാണെന്നുവരെ ചിലർ ആരോപിച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇത്തരത്തിലുള്ള ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഇത്തരം വിമർശനങ്ങൾ തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ 2 വിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും നടി പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഇന്ത്യൻ 2 വിൽ കരാർ ഒപ്പുവച്ചത് മുതൽ റിലീസ് വരെയുള്ള ഘട്ടത്തിനിടയിൽ എന്നെത്തേടി ഒരുപാട് സിനിമകൾ ആണ് വന്നിരുന്നത്. എന്റെ കരിയറിൽ ആദ്യമായാണ് ഞാൻ ഇത്രയും വലിയ ഒരു സിനിമയുടെ ഭാഗമാകുന്നത്. കടൈക്കുട്ടി സിംഗം എന്ന സിനിമ എന്റെ കരിയറിൽ വലിയ ഹിറ്റായിരുന്നു.
സംവിധായകൻ പാണ്ടിരാജ് സാറിന് ഈ വേളയിൽ ഞാൻ നന്ദി പറയുകയാണ്. എന്നിരുന്നാലും വലിയ സിനിമകളുടെ ഭാഗമായാൽ മാത്രമേ കൂടുതൽ സിനിമകൾ എന്നെ തേടിയെത്തൂ എന്ന അവസ്ഥ ഇവിടെയുണ്ട്. ഞാൻ പരാതി പറയുകയല്ല. പക്ഷേ സിനിമയുടെ വിപണിയാണ് അത് തീരുമാനിക്കുന്നത്.
ഒരു സിനിമ പരാജയമാകുമെന്നോ വിജയമാകുമെന്നോ കരുതിയല്ല നമ്മൾ അതിൽ അഭിനയിക്കുന്നത്. എല്ലാവരും സിനിമ വിജയമാകാനാണ് കഠിനാധ്വാനം ചെയ്യുന്നത്. സിനിമ പരാജയപ്പെടുമ്പോൾ ആ വിഷമം ഒരാളെ മാത്രമല്ല, എല്ലാവരെയും ബാധിക്കും. ഇന്ത്യൻ 2 റിലീസായതിന് ശേഷം എന്നെയാളുകൾ കുറ്റപ്പെടുത്താൻ തുടങ്ങി. അതിൽ എനിക്ക് അതിയായ വേദനയുണ്ട്.
ശങ്കർ-കമൽഹാസൻ സിനിമയോട് ആരാണ് നോ പറയുക. ഞാനും അതേ ചെയ്തുള്ളൂ. ഈ സിനിമയുടെ ഭാഗമായതിൽ ഇപ്പോഴും അഭിമാനവും സന്തോഷവും മാത്രമേയുള്ളൂ. എന്നാൽ പ്രേക്ഷകരുടെ സംതൃപ്തിയ്ക്ക് ഒത്ത് ഉയർന്നില്ല എങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പ്രിയ പറഞ്ഞു. നടിയുടെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമൽസാനും പറഞ്ഞിരുന്നു. ഇന്ത്യൻ 2 ചെയ്യാനുള്ള പ്രധാന കാരണം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പ്രതികരിച്ചിരുന്നത്. എന്നാൽ ഇന്ത്യൻ 2 പരാജയപ്പെട്ടതോടെ ഇന്ത്യൻ 3 ന് എന്താകും സംഭവിക്കുകയെന്ന് കണ്ട് തന്നെ അറിയണം.