Malayalam
ഇത് പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം വേണം, കാലാവസ്ഥ ചതിക്കരുത്; പൃഥ്വിരാജ്
ഇത് പൂർത്തിയാക്കാൻ നിങ്ങളുടെ സഹായം വേണം, കാലാവസ്ഥ ചതിക്കരുത്; പൃഥ്വിരാജ്
മോഹൻലാൽ ചിത്രങ്ങളിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി ഒരിക്കൽ കൂടി ഒരു ചിത്രം എത്തുമ്പോൾ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ഉറപ്പെന്നാണ് ആരാധകർ പറയുന്നത്. സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ തുടർച്ചയാണ്. ‘ലൂസിഫർ’ സിനിമയുടെ ഗംഭീര വിജയം തന്നെയാണ് എമ്പുരാന് ഇത്രയധികം ഹൈപ്പ് ലഭിക്കാൻ കാരണവും.
ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കെ പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ആണ് താരം ഇതേ കുറിച്ച് പറയുന്നത്. ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂർത്തിയാക്കാൻ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’ എന്ന കുറിപ്പിന് ഒപ്പം എമ്പുരാൻ, എൽ2ഇ എന്ന് ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. മ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂൾ ആണ് ഇപ്പോൾ ഗുജറാത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയിൽ ഏറെ നിർണായകമായ സീനുകൾ ഉൾപ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തിൽ നടക്കുന്നത്. മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരും ഉൾപ്പെടുന്നതാണ് ഏഴാം ഷെഡ്യൂൾ. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പോകുന്നതെങ്കിൽ എമ്പുരാന്റെ ഷൂട്ട് ഒക്ടോബറോടെ പൂർത്തിയാക്കാനാകും എന്നാണ് കരുതുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അപ്പോൾതന്നെ ആരംഭിക്കുമെന്നാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിടുന്ന വിവരം. എല്ലാം കണക്കുകൂട്ടിയതുപോലെ നടക്കുകയാണെങ്കിൽ 2025ന്റെ ആദ്യപകുതിയിൽ സിനിമ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങൾ.
മുരളി ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമ്മിക്കുക. 20ഓളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം. സുരേഷ് ബാലാജിയും ജോർജ് പയസ് തറയിലും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.
