Connect with us

നാട്ടിലേക്ക് വരുന്നത് കൊറോണയ്ക്കു ശേഷം; പൃഥ്വിരാജ് ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Malayalam

നാട്ടിലേക്ക് വരുന്നത് കൊറോണയ്ക്കു ശേഷം; പൃഥ്വിരാജ് ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

നാട്ടിലേക്ക് വരുന്നത് കൊറോണയ്ക്കു ശേഷം; പൃഥ്വിരാജ് ജോര്‍ദാനില്‍ തന്നെ തുടരണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത്രി നിര്‍ദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാകില്ല നിരവധി സാധാരണക്കാര്‍ ഇത്തരത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രില്‍ എട്ടിനുള്ളില്‍ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാ സംഘം ഫിലിം ചേംബറിനും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്കും കത്ത് നല്‍കി. ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതില്‍ സംശയമുണ്ട്.

ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ കര്‍ഫ്യുവില്‍ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍. ഇതിന് ഇന്ത്യന്‍ എംബസിയുടെ ഇടപെടല്‍ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സംസ്ഥാനം സമ്മര്‍ദ്ദം ചെലുത്തണമെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.

തുടര്‍ന്ന് സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കി. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും അവശ്യമായ സഹായങ്ങള്‍ നല്‍കാമെന്നും എംബസി ഉറപ്പും നല്‍കിയിരുന്നു.

അതേസമയം, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം. വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോര്‍ദാനില്‍ ഇതുവരെ 274 പേര്‍ക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, പൃഥ്വി ജോര്‍ദാനില്‍ സുരക്ഷിതനാണെന്നും പേടിക്കേണ്ട അവസ്ഥയില്ലെന്നും അറിയിച്ച്് ഭാര്യ സുപ്രിയ സമൂഹ മാധ്യമത്തില്‍ സന്ദേശം പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം 29-നാണ് പൃഥ്വി ചിത്രീകരണത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോയത്. കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ആടുജീവിതത്തിനായുളള പൃഥ്വിയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല പോളാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

prithiraj

More in Malayalam

Trending

Recent

To Top