News
തന്റെ സിനിമകളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ല; പ്രകാശ് രാജ്
തന്റെ സിനിമകളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ല; പ്രകാശ് രാജ്
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകളാണ് വൈറലായി മാറുന്നത്. തന്റെ സിനിമകളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുത്വ ഉള്ളടക്കത്തെ പിന്തുണക്കില്ലെന്നാണ് പ്രകാശ് രാജ് പറയുന്നത്. ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് തനിക്കറിയാം. അത്തരം അസംബന്ധങ്ങളെ താന്‍ പിന്തുണയ്ക്കുന്നില്ലെന്നും നടന്‍ പറഞ്ഞു.
അഭിമുഖത്തില്‍ തന്റെ പുതിയ വെബ് സീരിസായ ‘മുഖ്ബിര്‍’നെ കുറിച്ചും, സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും പ്രകാശ് രാജ് വിശദീകരിച്ചു. സമീപകാലത്തെ സിനിമകളില്‍ ഹിന്ദുത്വ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിന് നടന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
‘ശരിയാണ് ഞാനും ഇത് കാണാറുണ്ട്. ഒരു പൗരനെന്ന നിലയില്‍ ശരിയും തെറ്റും എന്താണെന്ന് എനിക്കറിയാം, അത്തരം അസംബന്ധങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നില്ല, മുഖ്ബിര്‍ അത്തരത്തിലുള്ള ഒന്നല്ല. നിങ്ങള്‍ കാണാത്ത, കേള്‍ക്കാത്ത, ഒരിക്കലും ആഘോഷിക്കപ്പെടാത്ത ഒരു ചാരന്റെ കഥയാണ് മുഖ്ബീര്‍,’ അദ്ദേഹം പറഞ്ഞു.
ഒരു പൗരന്‍ എങ്ങനെ അയാളുടെ ദേശസ്‌നേഹം പ്രകടിപ്പിക്കണമെന്നത് മറ്റു ചിലരാണ് തീരുമാനിക്കുന്നതെന്നും പ്രകാശ് രാജ് പ്രതികരിച്ചു. അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ‘രാജ്യത്തോടുള്ള സ്‌നേഹമെന്താണ്? രാജ്യത്തോടുള്ള സ്‌നേഹം എങ്ങനെയാണ് ഒരാള്‍ പ്രകടിപ്പിക്കുന്നത്? എന്റെ അഭിപ്രായത്തില്‍ ഒരു കര്‍ഷകന്‍ കൃഷി ചെയ്താണ് രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്.
െ്രെഡവര്‍ വണ്ടിയോടിക്കുന്നു, പൈലറ്റ് വിമാനം പറത്തുന്നു, ലോക്കോ പൈലറ്റ് ട്രെയിന്‍ ഓടിക്കുന്നു, ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആര്‍ക്കിടെക്ടുകളും കലാകാരന്മാരുമെല്ലാം ജോലി ചെയ്യുന്നു. അവരെല്ലാം ഈ രാജ്യത്തിന്റെ ഭാഗമാണ്. അവരെല്ലാം രാജ്യത്തെ സ്‌നേഹിക്കുന്നു. ഇക്കാലത്ത് ദേശീയതയെ ദുര്‍വ്യാഖ്യാനം ചെയ്യുകയും ദുരുപയോഗം ചെയ്യുകയുമാണ്. ഓരോരുത്തര്‍ക്കും അവരവരുടെ രാജ്യത്തോടുള്ള സ്‌നേഹം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
