News
ചിയാനും ഐശ്വര്യയ്ക്കും പ്രത്യേക കയ്യടി, റഹ്മാന്റെ സംഗീതം സിനിമയെ ഒരു ഇതിഹാസ തലത്തിലേയ്ക്ക് ഉയര്‍ത്തി; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ പുകഴ്ത്തി അനില്‍ കപൂര്‍
ചിയാനും ഐശ്വര്യയ്ക്കും പ്രത്യേക കയ്യടി, റഹ്മാന്റെ സംഗീതം സിനിമയെ ഒരു ഇതിഹാസ തലത്തിലേയ്ക്ക് ഉയര്‍ത്തി; പൊന്നിയിന്‍ സെല്‍വന്‍ 2 വിനെ പുകഴ്ത്തി അനില്‍ കപൂര്‍
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ രണ്ടാംമ ഭാഗവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വന്‍ 2വിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അനില്‍ കപൂര്‍.
‘മണിരത്‌നത്തിന്റെ പിഎസ്2 കാണുന്നത് ഒരു ആവേശകരമായ അനുഭവമായിരുന്നു. ഇഴയടുപ്പിക്കുന്ന നാടകവും ആകര്‍ഷകമായ സംഗീതവും ഇതിഹാസ സ്‌കെയിലും എന്നെ തുടക്കം മുതല്‍ തന്നെ ആകര്‍ഷിച്ചു.
ചിയാന് ഒരു പ്രത്യേക കൈയടി. ഐശ്വര്യയ്ക്കും. റഹ്മാന്റെ സംഗീതം സിനിമയെ ഒരു ഇതിഹാസ തലത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് ഒരു യഥാര്‍ത്ഥ രത്‌നം സമ്മാനിച്ച മണിരത്‌നത്തിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍!’ എന്നും അനില്‍ കപൂര്‍ എഴുതി.
‘നന്ദി മിസ്റ്റര്‍ കപൂര്‍. നിങ്ങളെപ്പോലുള്ള ഒരു ശക്തനില്‍ ഇത് കേള്‍ക്കുന്നത് വരുന്നത് ഒരുപാട് അര്‍ത്ഥമാക്കുന്നു’ സ്‌നേഹത്തോട് പ്രതികരിച്ചുകൊണ്ട് ചിയാന്‍ വിക്രം ട്വീറ്റ് ചെയ്തു.
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായ പിഎസ് 2 തിയറ്ററുകളിലെത്തിയത് ഏപ്രില്‍ 28 വെള്ളിയാഴ്ച ആയിരുന്നു. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ പുലര്‍ച്ചെ നാല് മുതല്‍ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു.
മികച്ച ഓപണിംഗ് ആണ് ചിത്രം ഇവിടെ നിന്ന് നേടിയിരിക്കുന്നത്. വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 2.82 കോടി ആയിരുന്നു. ശനിയാഴ്ച 2.42 കോടി, ഞായറാഴ്ച 3.05 കോടി. തിങ്കളാഴ്ച 2.35 കോടി എന്നിങ്ങനെയാണ് കളക്ഷന്‍. അതായത് ആദ്യ 4 ദിനങ്ങളില്‍ കേരളത്തില്‍ നിന്ന് നേടിയ ഗ്രോസ് 10.64 കോടി. സമീപകാലത്ത് മലയാള ചിത്രങ്ങള്‍ പ്രേക്ഷകരെ കണ്ടെത്താന്‍ പാടുപെടുമ്പോഴാണ് പിഎസ് 2 വിന്റെ ഈ നേട്ടം.