News
മറ്റൊരു സ്ത്രീ കാരണം ഇരുവരും പിരിയും; നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യനെതിരെ പോലീസിൽ പരാതി
മറ്റൊരു സ്ത്രീ കാരണം ഇരുവരും പിരിയും; നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും ഭാവി പ്രവചിച്ച ജ്യോത്സ്യനെതിരെ പോലീസിൽ പരാതി
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. പിന്നാലെ നിരവധി വിമർശനങ്ങളാണ് വന്നിരുന്നത്. ശോഭിതയ്ക്കെതിരെ കടുത്ത സൈബർ ആക്രമണവും വന്നിരുന്നു. പിന്നാലെ ഇരുവരും വേർപിരിയുമെന്ന് പ്രവചിച്ച് വേണു സ്വാമി എന്ന ജ്യോത്സ്യനും രംഗത്തെത്തിയിരുന്നു.
ഇരുവരുടെയും ബന്ധം മറ്റൊരു സ്ത്രീ കാരണം പിരിയും എന്നാണ് പ്രവചിച്ചിരുന്നത്. ഇൻസ്റ്റാഗ്രാമിൽ ഇയാൾ പങ്കുവെച്ച വീഡിയോയിലാണ് ഇതേകുറിച്ച് പറയുന്നത്. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ഇപ്പോഴിതാ ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് വൈജെ രാംബാബു.
തെലുങ്ക് ഫിലിം ജേർണലിസ്റ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ് വൈജെ രാംബാബു. താരങ്ങളെ അപമാനിക്കുന്നതാണ് ഇയാളുടെ പ്രസ്താവനകൾ എന്നും നടപടി വേണമെന്നുമാണ് പരാതിയിൽ പറയുന്നത്. മുമ്പും നിരവധി പ്രവചനങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. മുമ്പ് സാമന്തയും നാഗചൈതന്യയും വേർപിരിയുമെന്ന് ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു.
ഈ വിവാഹമോചനം നടന്നതോടെയാണ് ഇയാൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മാത്രമല്ല, നയൻതാരയും വിഘ്‌നേഷും വിവാഹിതരായാൽ ജാതക പ്രകാരം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നഷ്ടങ്ങൾ ഉണ്ടാകും. പിരിയാനുള്ള സാധ്യതയുമുണ്ടെന്നാണ് വേണു സ്വാമി അന്ന് പ്രവചിച്ചിരുന്നു.
പ്രഭാസിന് കരിയറിൽ വീഴ്ച സംഭവിക്കുമെന്നും ഇനി തിരിച്ച് വരവ് സാധിക്കില്ലെന്നും ഇയാൾ പ്രവചിച്ചിരുന്നു. തെന്നിന്ത്യൻ സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം നടത്തി വാർത്താ പ്രാധാന്യം നേടുന്ന ജ്യോത്സ്യനാണ് വേണു സ്വാമി. 2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ൽ വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല.
വിവാഹശേഷമാണ് സമാന്തയുടെ കരിയറിൽ വലിയ വഴിത്തിരിവുകൾ ഉണ്ടായത്. ഫാമിലി മാൻ എന്ന സീരീസിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി ലഭിച്ചു. അന്നും നാഗ ചൈതന്യക്ക് വലിയ ഹിറ്റുകളില്ല. വിവാഹമോചനത്തിന് പിന്നാലെ പുഷ്പ എന്ന സിനിമയിൽ ഡാൻസ് നമ്പർ ചെയ്യാൻ സമാന്ത തയ്യാറായി.
അതീവ ഗ്ലാമറസായി നടി ഈ ഗാനരംഗത്തിൽ ഡാൻസ് ചെയ്തതും അധിക്ഷേപങ്ങൾ കൂടാൻ കാരണമായി. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല. ഖുശിയാണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് ദേവരകൊണ്ട നായകനായ സിനിമ മികച്ച വിജയം നേടി. മയോസിറ്റിസിന്റെ ചികിത്സയുടെ ഭാഗമായി കുറച്ച് നാൾ ഇടവേളയെടുത്ത സമാന്ത കരിയറിൽ വീണ്ടും സജീവമാവുകയാണ്.