Actor
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ
മലയാളികളുടെ സ്വന്തം മെഗാസ്റ്റാറിന്റെ 73ാം പിറന്നാൾ ആണ് ഇന്ന്. വയസ് വെറുമൊരു അക്കം മാത്രമാണെന്ന് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളിലൂടെയും മലയാളികളെ ഓർമ്മിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം ഇതിനോടകം ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.
പതിവ് തെറ്റിക്കാതെ അർധരാത്രിയിൽ തന്നെ മമ്മൂട്ടിയുടെ വീടിന് മുന്നിൽ നൂറുക്കണക്കിന് ആരാധകർ ആണ് പിറന്നാൾ പ്രമാണിച്ച് തടിച്ച് കൂടിയത്. കൊച്ചിയിലെ വീട്ടിലില്ലാതിരുന്നതുകൊണ്ടാണ് അദ്ദേഹം വീഡിയോ കോളിലൂടെ ആരാധകരെ കാണാനെത്തിയത്.
ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിക്കൊപ്പം പൊട്ടിച്ചിരിയ്ക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് പിണറായി വിജയൻ പങ്കുവെച്ച് ആശംസ നേർന്നിരിക്കുന്നത്.
അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിൻറെ ടെെറ്റിൽ പോസ്റ്ററും ജന്മദിനത്തിന് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാം ചിത്രം സംവിധാനം ചെയ്യുന്നത് ഗൗതം വാസുദേവ് മേനോനാണ്.
അതേസമയം, 1971ൽ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യ ചിത്രം. നായകനാകുന്നത് 1980ൽ ‘മേള’യിലും. അതേ ദശകത്തിലാണ് നാലുവർഷം കൊണ്ട് 143 സിനിമകളിൽ അഭിനയിച്ച റെക്കോഡ് സ്വന്തമാക്കുന്നതും. 1983 മുതൽ 1986 വരെ യഥാക്രമം 35,34,39,35 എന്നിങ്ങനെയാണ് അദ്ദേഹം അഭിനയിച്ച സിനിമകളുടെ എണ്ണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ദേശീയ പുരസ്‌കാരങ്ങൾ നേടിയ മലയാളി നടനാണ് മമ്മൂട്ടി. മൂന്ന് നാഷണൽ അവാർഡുകൾ നേടി കമൽ ഹാസനൊപ്പം പുരസ്‌കാര നേട്ടത്തിൽ രണ്ടാമതാണ് മമ്മൂട്ടിയുള്ളത്. നാല് ദേശീയ പുരസ്‌കാരത്തോടെ അമിതാഭ് ബച്ചനാണ് ഒന്നാമൻ. രണ്ട് ഭാഷകളിൽ നിന്നായി ദേശീയ പുരസ്‌കാരം നേടുന്ന ഒരേയൊരു ഇന്ത്യൻ നടനും മമ്മൂട്ടിയാണ്.
1989ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, 1993ൽ പൊന്തൻ മാട, വിധേയൻ, 1998ൽ ഡോ. ബാബസാഹേബ് അംബേദ്കർ എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടിയിലെ നടന് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊടുത്തത്. എട്ട് സംസ്ഥാന പുരസ്‌കാരങ്ങളും, 13 ഫിലിം ഫെയർ അവാർഡുകളും.