Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി; ഹൈക്കോടതി വിധി ഇന്ന്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജി; ഹൈക്കോടതി വിധി ഇന്ന്
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ മാസം 25 ന് ആയിരുന്നു പുറത്തെത്തേണ്ടിയിരുന്നത്. എന്നാൽ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ റിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേയായിരുന്നു സംഭവം.
റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ച് ആണ് വിധി പറയുക. പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തുകയില്ലെന്ന വിശ്വാസത്തിലാണ് പലരും മൊഴി നൽകിയത്. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയോടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതിൻ്റെയും ലംഘനമാണെന്നും ഹർജിക്കാരൻ അറിയിച്ചു.
എന്നാൽ ഹർജിക്കാരന് ഇക്കാര്യത്തിൽ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്ന് വിവരാവകാശ കമ്മീഷൻ വാദിച്ചിരുന്നു. പൊതു താത്പര്യത്തെ കുറിച്ചാണ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഇത് ഹർജിക്കാരനെ ബാധിക്കുന്നത് എന്ന് പോലും പറയുന്നുമില്ല. കമ്മീഷനിൽ ഹർജിക്കാരൻ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേൾക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടില്ല. വിവരാവകാശ കമ്മീഷൻ പറയുന്നു.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.