Actress
തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണം ഉണ്ടാക്കാൻ ഉപദേശം നൽകിയവരുണ്ട്; പാർവതി തിരുവോത്ത്
തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണം ഉണ്ടാക്കാൻ ഉപദേശം നൽകിയവരുണ്ട്; പാർവതി തിരുവോത്ത്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തിൽ വന്ന് അർഥവത്തായ സിനിമകൾ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാൽ എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു.
ഇപ്പോൾ സിനിമകൾ കുറവാണ്, പക്ഷേ ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങൾ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. എന്നാൽ ഓരോ സിനിമ കഴിയുമ്പോഴും എനിക്കിത് പറ്റും എന്ന ആത്മവിശ്വാസമുണ്ടായി.
സോഷ്യൽ മീഡിയയുടെ അതിപ്രസരം അത്രമേലുണ്ടായിരുന്ന ഒരു കാലത്തായിരുന്നില്ല എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമെന്നതും നന്നായി. അതിന് ശേഷമുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. ചോദ്യങ്ങൾ ചോദിക്കുന്ന എന്റെ സ്വഭാവവും ഡബ്ല്യുസിസിയൊക്കെയായപ്പോൾ ആളുകൾ എന്റെ മുഖത്ത് പോലും നോക്കാതെയായി.
പക്ഷേ ഞാൻ സിനിമാ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂർണബോധ്യമുണ്ട്. ഇങ്ങനെ പറയാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകൾ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് എനിക്ക് നിലപാടുകളിൽ ഉറച്ചുനിൽക്കാനാകുന്നത്.
നല്ലൊരു മനുഷ്യനാകാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. എനിക്ക് സിനിമാ അവസരങ്ങൾ നഷ്ടപ്പെടുന്നുണ്ട്. അതിന്റെ കാരണം ഒരാളെ നിശബ്ദരാക്കാനുള്ള ഏറ്റവും നല്ല മാർഗം അവരെ പട്ടിണിക്കിടുക എന്നതാണല്ലോ. അവസരങ്ങൾ ലഭിക്കാതെ ഞാൻ എങ്ങനെയാണ് എന്റെയുള്ളിലെ ക്രാഫ്റ്റ് മെച്ചപ്പെടുത്തുക? നിലവിൽ പല പ്രോജക്ടുകളുടെയും എഴുത്തിന്റെ ഭാഗമാകുന്നുണ്ട് എന്നാണ് പാർവതി പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം പവർ ഗ്രൂപ്പ് ആരാണ് എന്ന് പറയാൻ തനിക്ക് സാധിക്കില്ലെന്ന് പാർവ്വതി പറഞ്ഞിരുന്നു. എന്നാൽ പവർ ഗ്രൂപ്പ് എന്നൊന്നുണ്ട്. അതുമാത്രമാണ് തനിക്ക് പറയാൻ സാധിക്കുക. അത് ആരൊക്കെയാണ് എന്ന് നമുക്കെല്ലാവർക്കും അറിയുകയും ചെയ്യാം എന്നും പാർവ്വതി പറഞ്ഞു. പിന്നോട്ട് വലിക്കുന്നത് ആരൊക്കെ ആണെന്ന് എല്ലാവർക്കും അറിയാം.
ഒന്നുകിൽ അവർ പവർ ഗ്രൂപ്പിന്റെ ഭാഗമായിട്ടുളളവരാണ്, അല്ലെങ്കിൽ പവർ ഗ്രൂപ്പിന്റെ സ്വാധീനത്തിൽപ്പെട്ടവരാണ്. ഇതിൽക്കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വരുത്തുക തനിക്ക് സാധിക്കില്ല. കാരണം ഞാനിതിനകം തന്നെ കുഴപ്പങ്ങൾ വരുത്തി വെച്ചിട്ടുണ്ട്. ഞാൻ ജോലി ചെയ്ത് ജീവിക്കണമെന്നും വാടക കൊടുക്കണം എന്നും നിങ്ങൾക്ക് തോന്നുന്നില്ലേ. വിമൻ ഇൻ സിനിമ കളക്ടീവിന്റെ രൂപീകരണത്തിന് ശേഷം സിനിമാ സെറ്റുകളിൽ ആളുകൾ തങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. ഞങ്ങളെന്തോ ചാരന്മാരാണ് എന്ന തരത്തിലാണ് ആളുകളുടെ ഭയം.
ഒന്നും പറഞ്ഞേക്കല്ലേ, ഡബ്ല്യൂസിസി അവിടെ ഇരിപ്പുണ്ട് എന്ന തരത്തിലുളള തമാശ പറച്ചിലുകളും ഉണ്ട്. അത്തരത്തിലൊരു അലർട്ട് ഉളളത് നല്ലതാണെന്നാണ് കരുതുന്നത്. ഒരു തെറ്റ് ചെയ്യുന്നതിൽ നിന്ന് അത് തടയുന്നുണ്ട് എങ്കിൽ അതിൽ എന്താണ് കുഴപ്പം. അത്തരം ചർച്ചകളും തർക്കങ്ങളും നോർമലാകുന്നുണ്ട് എന്നത് പോസിറ്റീവായ ഒരു മാറ്റം ആണെന്നും പാർവതി പറഞ്ഞു.
