Malayalam
താലി വരെ റെഡിയാണ്, അറുപതിൽ ഒരിക്കൽ കൂടി പാർവതിക്ക് താലിക്കെട്ടണം; ആഗ്രഹം പങ്കുവെച്ച് ജയറാം
താലി വരെ റെഡിയാണ്, അറുപതിൽ ഒരിക്കൽ കൂടി പാർവതിക്ക് താലിക്കെട്ടണം; ആഗ്രഹം പങ്കുവെച്ച് ജയറാം
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ദമ്പതിമാരാണ് ജയറാമും പാർവതിയും. നായിക നായകന്മാരായി ഒരുമിച്ച് സിനിമയിൽ അഭിനയിച്ച താരങ്ങൾ പിന്നീട് പ്രണയിച്ചു വിവാഹിതരാവുകയായിരുന്നു. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് വീട്ടമ്മയായി കഴിയുകയാണ് നടി. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം പ്രിയങ്കരനായി നിൽക്കുമ്പോൾ തന്റെ അറുപതാം പിറന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ ജയറാം.
ഇത്തവണത്തെ പിറന്നാൾ കുടുംബത്തിനും ഏറെ സ്പെഷ്യലാണ്. മരുമക്കൾ കൂടി കുടുംബത്തിലേക്ക് എത്തിയശേഷം വരുന്ന ആദ്യത്തെ പിറന്നാളാണ്. ചെന്നൈയിൽ കുടുംബത്തോടൊപ്പം തന്നെയാണ് ഇത്തവണത്തെ ആഘോഷവും. ഈ വേളയിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.
കണ്ണദാസൻ പറഞ്ഞ വരികളുണ്ട്. ജനിക്കുന്ന വയസൊന്ന്, പള്ളിക്കൂടത്തിൽ ചേർക്കാനായി കൊടുക്കുന്ന കള്ള വയസൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും മറ്റും ജീവിതത്തിലെ പല ഘട്ടങ്ങളിൽ പറയുന്ന വയസ് ഒരുപാടുമുണ്ട്. ഇതിനേക്കാൾ എല്ലാം ഉപരിയായി നമ്മുടെ മനസ് പറയുന്ന ഒരു വയസുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എനിക്ക് പ്രായം കുറവാണ്.
എന്റെ എസ്എസ്എൽസി ബുക്കും പാസ്പോർട്ടും നോക്കിയാൻ 1965 ഡിസംബർ പത്താണ് എന്റെ ജനന തിയ്യതി. അങ്ങനെ നോക്കിയാൽ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാൻ. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാൻ ആസ്വദിക്കുന്നു. നമ്മൾ മെച്വേർഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോഴെന്ന് ജയറാം പറയുന്നു.
ജയറാമിനെ ഞാൻ കാണുമ്പൊൾ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങൾക്ക് ഒപ്പം ഇരിക്കുമ്പോൾ എന്റെ ഒപ്പം തമാശ പറയുമ്പോൾ ഒക്കെയും പ്രായം ഇരുപത്തിയഞ്ചാണെങ്കിൽ ആനയ്ക്കും പൂരത്തിനും ഒപ്പം കൂടുമ്പോൾ ആ പ്രായം ഇരുപതിലും പതിനെട്ടിലും എത്തും. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കയറാൻ പറഞ്ഞാൽ മാത്രം ജയറാം 70 വയസുള്ള അപ്പൂപ്പനാകും.
അദ്ദേഹത്തോട് ഒപ്പമുള്ള ഇത്രയും വർഷങ്ങൾ അത്രയും മനോഹരമാണ്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പാണ് ജയറാമിന്റെ പിറന്നാൾ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയിൽ വെച്ചാണെന്ന് പാർവതിയും പറഞ്ഞു. അറുപതിൽ ഒരിക്കൽ കൂടി പാർവതിക്ക് താലിക്കെട്ടാനുള്ള ആഗ്രഹവും ജയറാം പങ്കുവെച്ചിരുന്നു. അതിനുള്ള താലി വരെ റെഡിയാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസിൽ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങൾ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. വിവാഹം നടന്ന അതേ ഗുരുവായൂരിൽ വെച്ചുകെട്ടാമെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓർത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാർവതി തമാശരൂപേണ പറഞ്ഞത്.
മക്കളും ഭാര്യയുമെല്ലാം തനിക്ക് ഒരുപാട് സർപ്രൈസുകൾ തരുന്നവരാണെന്നും പക്ഷെ തനിക്ക് അതിനൊന്നും സാധിക്കാറില്ലെന്നും ജയറാം പറയുന്നു. എനിക്ക് എല്ലാ പിറന്നാളിനും സർപ്രൈസുകളുടെ ബഹളമാണ്. അശ്വതിയും കുട്ടികളും എനിക്കത് തരും. പക്ഷെ ഞാൻ ഇവരുടെ പിറന്നാളും മറ്റും മറന്നു പോകും. ഞാൻ സർപ്രൈസ് ഒന്നും കൊടുക്കാറില്ല. എനിക്ക് ഡയറിയോ മാനേജരോ ഇല്ല.
അതുകൊണ്ടുതന്നെ ഞാൻ മറന്നുപോകും. എന്തെങ്കിലും ആലോചിച്ചുകൊണ്ട് ഇരിപ്പാകും പലപ്പോഴും. എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റുകൾക്ക് ശരിക്കും ഞാൻ ഇവരോട് മാപ്പ് പറയുന്നുവെന്ന് നടൻ പറഞ്ഞ് അവസാനിച്ചപ്പോൾ താനില്ലെങ്കിൽ ജയറാം മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണെന്ന് പാർവതിയും കൂട്ടിച്ചേർത്തു. ജയറാം ഒരു ഷോപ്പിൽ പോലും ഞാൻ ഇല്ലാതെ പോകില്ല. ഞാൻ ഇല്ലെങ്കിൽ മുഴുവൻ ഹാൻഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം പാർവതി കൂട്ടിച്ചേർത്തു.
തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആണ് ജയറാം ജനിച്ചത്. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കുന്നത്. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ നിരവധി പുരസ്കാരങ്ങൽ ജയറാം സ്വന്തമാക്കിയിട്ടുണ്ട്.