Malayalam
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം തുടങ്ങി
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ ചിത്രീകരണം തുടങ്ങി
മലയാളികളുടെ സ്വന്തം ആക്ഷൻ ഹീറോയാണ് സുരേഷ് ഗോപി. ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളും കഥാപാത്രങ്ങളും അദ്ദേഹം മലയാളം സിനിമയ്ക്കായി നൽകിയിട്ടുണ്ട്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി നിൽക്കുന്ന സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തുകയാണ്.
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി വേഷമിടുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങുകളോടെ ആരംഭിച്ചിരിക്കുകയാണ്. ചലച്ചിത്ര പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമിട്ടത്.
തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിന്റെ അറിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യ രംഗത്തോടെയാണ് ചിത്രീകരണം ആരംഭിച്ചത്.
മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രമെന്ന് പ്രത്യേകതയും ഒറ്റക്കൊമ്പനുണ്ട്.
നേരത്തെ പ്രഖ്യാപിച്ചതും എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോകുകയുമായിരുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പൻ. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം കൂടിയാണിത്. 2020 ലാണ് ഒറ്റക്കൊമ്പൻ പ്രഖ്യാപിച്ചത്. എന്നാൽ പൃഥ്വിരാജ് ചിത്രം കടുവയുടെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നതോടെ ഒറ്റക്കൊമ്പന് പകർപ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു.
ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ചിത്രത്തിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഡിസംബർ 30-ന് ചിത്രത്തിന്റെ ഭാഗമാകും.
ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ്, സുചിത്ര നായർ എന്നിവർക്കൊപ്പം ഒട്ടേറെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഒറ്റക്കൊമ്പനിൽ അണിനിരക്കുന്നു. എഴുപതിൽപ്പരം അഭിനേതാക്കൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയം ഉപേക്ഷിക്കേണ്ടി വരുമെന്നായിരുന്നു ചർച്ചകൾ. സെപ്തംബറിൽ തന്നെ ഒറ്രക്കൊമ്പന്റെ ചിത്രീകരണം തുടങ്ങുമെന്നായിരുന്നു സുരേഷ് ഗോപി ആദ്യം വ്യക്തമാക്കിയത്. സിനിമ ചെയ്യാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ല.
എത്ര പടം ചെയ്യണമെന്ന് അമിത് ഷാ ചോദിച്ചു. 22 എങ്കിലും ചെയ്യേണ്ടി വരും എന്ന് പറഞ്ഞപ്പോൾ ആ പേപ്പർ കെട്ടുകൾ അങ്ങനെ തന്നെ അദ്ദേഹം എടുത്ത് സൈഡിലേയ്ക്ക് എറിഞ്ഞു. എങ്കിലും അനുവാദം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് സുരേഷ് ഗോപി അന്ന് വ്യക്തമാക്കിയിരുന്നത്.
അതേസമയം, സിനിമയോ, അധ്യാപനമോ, മറ്റേതൊരു ജോലിയും ചെയ്യാൻ ഒരു മന്ത്രിക്ക് സാധിക്കില്ല. മന്ത്രിപദം എന്നത് മുഴുവൻ സമയ ജോലിയായിട്ട് കാണേണ്ട കാര്യമാണ്. ഈ പദവികളിൽ ഉള്ളവർക്ക് അവധി എടുത്ത് പോലും മറ്റ് ജോലികൾക്ക് പോകാൻ സാധിക്കില്ല’ എന്നാണ് ലോക്സഭയുടെ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞിരുന്നത്.
പണം വാങ്ങി മറ്റൊരു ജോലി ചെയ്യൽ മന്ത്രി പദത്തിൽ തുടരുമ്പോൾ സാധിക്കില്ല. ജനങ്ങളെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതാണ് മന്ത്രിയുടെ ജോലിയുടെ സ്വഭാവം. അതിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ അത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഈ പെരുമാറ്റച്ചട്ടം മാറ്റണമെങ്കിൽ പ്രധാനമന്ത്രിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
