ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’; ചിത്രത്തിനെതിരെയുള്ള കേസ് റദ്ദാക്കി, സന്തോഷം പങ്കുവെച്ച് സംവിധായകന്‍
സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് എടുത്ത കേസ് റദ്ദാക്കി. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. കേസ് റദ്ദാക്കിയതില്‍ ഹൈക്കോടതിയോട് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ആണ് ഒമര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
”നല്ല സമയം’ സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണര്‍ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു. കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’ – എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് മാര്‍ച്ച് 20ന് പ്രഖ്യാപിക്കുമെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചതിനെ തുടര്‍ന്നാണ് സിനിമയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് കേസ് എടുത്തിരുന്നത്.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഉള്‍പ്പെടുത്തിയതാണ് കേസ് എടുക്കാന്‍ എക്‌സൈസ് വകുപ്പിനെ പ്രേരിപ്പിച്ചത്. അബ്കാരി, എന്‍ഡിപിഎസ് നിയമപ്രകാരം എക്‌സൈസ് കോഴിക്കോട് റേഞ്ചാണ് കേസ് എടുത്തത്.