Connect with us

ഒരു കലാരൂപത്തെക്കുറിച്ച് നിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണം; ഓ മൈ ഡാര്‍ലിങ് നിര്‍മാതാവ് മനോജ് ശ്രീകണ്ഠ

News

ഒരു കലാരൂപത്തെക്കുറിച്ച് നിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണം; ഓ മൈ ഡാര്‍ലിങ് നിര്‍മാതാവ് മനോജ് ശ്രീകണ്ഠ

ഒരു കലാരൂപത്തെക്കുറിച്ച് നിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണം; ഓ മൈ ഡാര്‍ലിങ് നിര്‍മാതാവ് മനോജ് ശ്രീകണ്ഠ

ഒരു കലാരൂപത്തെക്കുറിച്ച് നിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണമെന്ന് ഓ മൈ ഡാര്‍ലിങ് എന്ന ചിത്രത്തിന്റെ നിര്‍മാതാവ് മനോജ് ശ്രീകണ്ഠ പറഞ്ഞു. ദുബായില്‍ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയെ തകര്‍ക്കാന്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു. ഓരോ സിനിമാ ആസ്വാദകനും വ്യക്തിപരമായ താത്പര്യങ്ങളുണ്ട്. എന്നാല്‍ അതുവെച്ച് ഒരു സിനിമയെയും തകര്‍ക്കാനാവില്ല.

സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍കൊണ്ടും നല്ല സിനിമകളെ നശിപ്പിക്കാനാകില്ല. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമെയുള്ളൂ. അതിനുശേഷം നല്ല സിനിമകളെ ജനങ്ങള്‍ തിരിച്ചറിയും. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്നത് 250ലേറെ സിനിമകളാണ്. ഈ സാഹചര്യത്തില്‍ നെഗറ്റീവ് നിരൂപണമെഴുതി വരുമാനമുണ്ടാക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും മനോജ് പറഞ്ഞു.

നല്ല സിനിമകളെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നത് സങ്കടകരമാണെന്ന് നടി മഞ്ജു പിള്ള അഭിപ്രായപ്പെട്ടു. ഓ മൈ ഡാര്‍ലിങ് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുപോലും സാമൂഹികമാധ്യമങ്ങളിലെ നിരൂപണങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന എം.ആര്‍.കെ.എച്ച്. സിന്‍ഡ്രത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.

ലോകത്ത് വളരെ കുറച്ചുമാത്രം കണ്ടുവരുന്ന വൈകല്യമാണത്. എന്നാല്‍ ചിത്രം കാണാതെ വിമര്‍ശനമുന്നയിക്കുന്നവരാണ് അധികവും. ഈ പ്രവണത അവസാനിപ്പിക്കണം. ഒരു പ്രണയസിനിമ എന്നതിലപ്പുറം സമൂഹം അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങള്‍ ഈ സിനിമ ചര്‍ച്ചചെയ്യുന്നുണ്ട്. മനോജ് ഈ വിഷയത്തെക്കുറിച്ച് പഠിച്ചശേഷമാണ് നിര്‍മാണത്തിന് തയ്യാറായതെന്നും മഞ്ജുപിള്ള പറഞ്ഞു.

താരങ്ങളായ അനിഖാ സുരേന്ദ്രന്‍, മെല്‍വിന്‍ ജി. ബാബു, ഫുക്രു, ജാക്കി റഹ്മാന്‍, രാജന്‍ വര്‍ക്കല തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. യു.എ.ഇ., ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലടക്കം ഗള്‍ഫില്‍ 42 തിയേറ്ററുകളിലാണ് ഓ മൈ ഡാര്‍ലിങ് വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുന്നത്.

More in News

Trending