അഭിനയവും സീരിയലുമെല്ലാം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി; കഥാപാത്രം ചെറുതോ വലുതോ എന്നു പോലും നോക്കാതെ സ്വീകരിക്കുകയായിരുന്നു; നിഷ സാരംഗ് പറയുന്നു !
മലയാളികള്‍ക്ക് സുപരിചിതയാണ് നിഷ സാരംഗ്. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അമ്മയോ മകളോ സഹോദരിയോ ഒക്കെയായി മാറുകയാണ് നിഷ. സീരിയല്‍ ലോകത്തും സിനിമാ ലോകത്തുമെല്ലാം നിറ സാന്നിധ്യമാണ് ഇന്ന് നിഷ സാരംഗ്. ഉപ്പും മുളകും നേടിയ വിജയത്തോടെയാണ് നിഷ സാരംഗ് എന്ന താരത്തെ തേടി മികച്ച അവസരങ്ങളെത്തുന്നതും.
മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ് ഇന്ന് നീലുവെന്ന നിഷ. ഇപ്പോഴിതാ തന്റെ സിനിമ-സീരിയല്‍ യാത്രയെക്കുറിച്ചും പരമ്പരയെക്കുറിച്ചുമൊക്കെ നിഷ സാരംഗ് മനസ് തുറക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകള്‍ ഇങ്ങനെ
സിനിമയില്‍ നിന്നാണെങ്കിലും സീരിയലില്‍ നിന്നാണെങ്കിലും തനിക്ക് അങ്ങനെ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല എന്നാണ് നിഷ സാരംഗ് പറയുന്നത്. അതേസമയം, തുടക്കക്കാരെന്ന നിലയില്‍ ചില കളിയാക്കലുകളൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കത്തിലായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു. താന്‍ ആധ്യം അഭിനയിച്ചത് സിനിമയിലായിരുന്നു. പിന്നീടാണ് സീരിയലിലെത്തിയത്.
തനിക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത് സീരിയല്‍ ആണെന്നും നിഷ സാരംഗ് പറയുന്നു.സീരിയലില്‍ അഭിനയിച്ച് തുടങ്ങിയതിന് ശേഷം ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല എന്നാണ് നിഷ പറയുന്നത്. അവസരങ്ങള്‍ ലഭിക്കുന്നതില്‍പ്പോലും വലിയ സ്ട്രഗിളൊന്നും നേരിട്ടിട്ടില്ല എന്നും താരം വ്യക്തമാക്കുന്നു. അതേസമയം സീരിയല്‍ ചെയ്യുന്നതിനിടയിലും സിനിമയില്‍ നിന്നും നല്ല വേഷങ്ങള്‍ ലഭിച്ചിരുന്നുവെന്നും അതൊക്കെ ചെയ്യാന്‍ സാധിച്ചത് എല്ലാവരും നന്നായി സഹകരിച്ചതിനാലാണെന്ന് നിഷ പറയുന്നു.അതേസമയം തനിക്ക് അഭിനയവും സീരിയലുമെല്ലാം തന്റെ മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമായിരുന്നുവെന്നാണ് നിഷ സാരംഗ് പറയുന്നത്.
അതിനാല്‍ കഥാപാത്രം ചെറുതോ വലുതോ എന്നു പോലും നോക്കാതെ സ്വീകരിക്കുകയായിരുന്നുവെന്നും നിഷ പറയുന്നുണ്ട്. ഒരു വര്‍ക്ക് വന്നാല്‍ ഞാന്‍ ചിന്തിക്കുന്നത് ഒരാഴ്ച എനിക്കും മക്കള്‍ക്കും ഉള്ള അന്നത്തിനു വകയാണല്ലോ അതെന്നാണ്. മക്കളെ ഒരു നിലയില്‍ എത്തിക്കണമെന്നും പഠിപ്പിക്കണമെന്ന് ഒക്കെയുള്ള ആഗ്രഹമാണ് വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാ കഥാപാത്രങ്ങളിലേക്കും എത്തിച്ചതെന്നാണ് നിഷ പറയുന്നത്.
അതേസമയം, നല്ല കഥാപാത്രങ്ങള്‍ കിട്ടണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ പോലും അത് ഡിമാന്‍ഡ് ചെയ്യാനോ വരുന്ന അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കാനോ തയ്യാറായില്ല താനെന്നാണ് നിഷ പറയുന്നത്. എന്തായാലും പിന്നീട് അത്തരം അവസരങ്ങള്‍ തന്നെ തേടിയെത്തി. എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കും നല്ല അവസരങ്ങള്‍ കിട്ടണമെന്നും ഇപ്പോഴുള്ള പ്രയാസങ്ങള്‍ ഒക്കെ മാറണം എന്നൊക്കെ, അങ്ങനെയാണ് ഉപ്പും മുളകിലേക്ക് എത്തുന്നതെന്നും നിഷ പറയുന്നു.
ഉപ്പും മുളകും എന്ന പരമ്പരയിലേക്ക് താന്‍ എത്തിയതിന് പിന്നിലെ കഥയും നിഷ സാരംഗ് പങ്കുവെക്കുന്നുണ്ട്. ഉപ്പും മുളകും ഷോ ചാനലിലെ തന്നെ മറ്റൊരു പ്രോഗ്രാമില്‍ എത്തിയതായിരുന്നു നിഷ. അന്ന് ക്രിയേറ്റീവ് ഹെഡ് ആയിരുന്ന അനില്‍ അയിരൂര്‍ ആണ് നിഷയ്ക്ക് ഉപ്പും മുളകിലേക്കുമുള്ള വാതില്‍ തുറക്കുന്നത്. കുട്ടി കലവറ എന്ന് പറയുന്ന ഒരു പ്രോഗ്രാമിലേയ്ക്കാണ് എന്നെ വിളിക്കുന്നത്. കുട്ടികള്‍ക്കൊപ്പം അവരെ ഗ്രൂം ചെയ്യാനായി ആര്‍ട്ടിസ്റ്റുകളും ഉണ്ടായിരുന്നു. അതില്‍ കുസൃതികള്‍ നിറഞ്ഞ രണ്ട് കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ എത്തിയത്. മറ്റാരുമായും അടുക്കാതെ നിന്ന അവര്‍ വേഗത്തില്‍ താനുമായി അടുത്തു. ഷോ തീരാറായപ്പോഴേക്കും പിരിയാന്‍ സാധിക്കാത്ത അത്ര അടുപ്പമായിരുന്നുവെന്നും നിഷ ഓര്‍ക്കുന്നു.
അത്തരത്തില്‍ കുട്ടികളുമായുള്ള അടുപ്പവും ഒക്കെ കണ്ടതു കൊണ്ടായിരിക്കാം ഉപ്പും മുളകിലേക്ക് തന്നെ വിളിക്കുന്നത് എന്നാണ് നിഷ പറയുന്നത്. ഉപ്പും മുളകിലും ഇതേപോലെ കുട്ടികളുമായും കുടുംബവുമായും ഒക്കെയുള്ള നമ്മുടെ നിത്യജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളൊക്കെ തന്നെയാണല്ലോ പറയുന്നത് എന്നും നിഷ സാരംഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകള്‍ തിരിച്ചറിയാനും നമ്മള്‍ ചെയ്ത കഥാപാത്രത്തെ പ്രശംസിക്കാനും ഒക്കെ തുടങ്ങിയത് ഉപ്പും മുളകിനും ശേഷമാണെന്നും നിഷ സാരംഗ് പറയുന്നു.
പരമ്പര തുടങ്ങുന്നതിനു മുന്‍പ് മൂകാംബികയിലേക്കും ഗുരുവായൂരുമായി പ്രാര്‍ത്ഥിച്ച് വ്രതം എടുത്തിരുന്നു. പരമ്പര അവസാനിച്ചതിനുശേഷം വീണ്ടും ഒരു വര്‍ഷം കൂടി ഈ വൃതം ഞാന്‍ തുടര്‍ന്നു എന്നും നിഷ തുറന്നു പറയുന്നു. പരമ്പരയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രവുമായും എനിക്ക് എന്തൊക്കെയോ സാമ്യങ്ങളുണ്ട്. എന്റെ സംസാര ശൈലിയും പെരുമാറ്റവുമെല്ലാം നീലുവിനോട് അടുത്തു നില്‍ക്കുന്നതാണ്. ഷൂട്ട് തുടങ്ങുമ്പോഴും കട്ട് പറയുമ്പോഴും എല്ലാം ആ വീടും ഞങ്ങളും പ്രേക്ഷകര്‍ കാണുന്നത് പോലെയാണ് എന്നും നിഷ പറയുന്നു.
