സീരിയൽ കണ്ടിട്ടില്ലാത്ത സീരിയലിനോട് പുച്ഛമുള്ള ആളായിരുന്നു ഞാൻ.അങ്ങനെയാണ് സീരിയലിലേക്ക് എത്തിയത് ; നിഷ മാത്യു പറയുന്നു ,’
കൂടെവിടെ’ എന്ന പരമ്പരയിലെ വില്ലത്തി റാണിയമ്മ ഇന്ന് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. നിഷ മാത്യുവാണ് റാണിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ നിഷ ഇപ്പോൾ സീരിയലുകളിൽ സജീവമാകുകയാണ്.
സീരിയലിന് പുറമെ സിനിമയിലും നിഷ അഭിനയിച്ചിട്ടുണ്ട്. ദുബായിൽ പ്രൊഡക്ഷൻ കമ്പനി നടത്തിയിരുന്ന നിഷ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ സുഹറ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്താണ് നടി മിനിസ്‌ക്രീനിൽ എത്തുന്നത്.
ഇപ്പോഴിതാ, പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന സിനിമയിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് നിഷ. ശ്രീനാഥ് ഭാസിയെ നായകനാക്കി ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഖാവ് കമല എന്ന കഥാപാത്രമായാണ് നിഷ മാത്യു എത്തുന്നത്.
ആൻ ശീതൾ, ഗ്രേസ് ആന്റണി, ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ , രസ്ന പവിത്രൻ, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, ഉണ്ണിരാജ , രാജേഷ് മാധവൻ, മൃദുല തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സിനിമയിൽ പാവം അമ്മ കഥാപാത്രങ്ങൾ ചെയ്തിരുന്ന തനിക്ക് കിട്ടിയ വ്യത്യസ്തമായ വേഷമാണ് സഖാവ് കമല എന്ന് പറയുകയാണ് നിഷ മാത്യു. ചിത്രത്തിന്റെ പ്രചരണാർത്ഥം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ നടി പങ്കുവച്ചത്. പത്തോളം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും താൻ റാണിയമ്മ ആയിട്ടാണ് അറിയപ്പെടുന്നതെന്നും നിഷ പറയുന്നുണ്ട്. നിഷയുടെ വാക്കുകൾ ഇങ്ങനെ.
ആദ്യമായിട്ടാണ് ഇത്തരമൊരു കഥാപാത്രം ചെയ്യുന്നതെന്ന് നിഷ പറയുന്നു. ആദ്യ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിലൊക്കെ സഖാവ് കമല എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങി. പാവം അമ്മ കഥാപാത്രങ്ങളാണ് ഇതുവരെ ചെയ്തിട്ടുള്ളത്. തനിക്ക് താൻ എങ്ങനെയാണോ അങ്ങനെ കാണാൻ കഴിയുന്നു എന്നതാണ് സിനിമയിൽ അഭിനയിക്കുമ്പോൾ ഉള്ള സന്തോഷം. കുഞ്ഞായിരിക്കുമ്പോൾ ചെയ്യാനാഗ്രിച്ച കാര്യങ്ങളാണ് കമല എന്ന വേഷത്തിലൂടെ ചെയ്യാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കമല എന്ന കഥാപാത്രം ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണെന്ന് നിഷ പറഞ്ഞു.
‘സിനിമയിൽ അഭിനയിച്ച് തുടങ്ങിയിട്ട് പത്ത് വർഷമായി. പത്ത് സിനിമകളും ചെയ്തു. എന്നാലും ഇതുവരെ ആരും തന്നെ സിനിമ നടിയായി കണ്ട് വന്ന് സംസാരിച്ചിട്ടില്ല. ടെലിവിഷൻ സീരിയലിലെ കഥാപാത്രമാണ് പ്രേക്ഷകർക്ക് പ്രിയപ്പെട്ടത്. പടച്ചോനെ ഇങ്ങള് കാത്തോളീന്റെ ഷൂട്ട് കോഴിക്കോടായിരുന്നു. രാവിലെ അവിടെയുള്ള ആളുകൾ വന്ന് റാണിയമ്മക്ക് ഇന്ന് ഷൂട്ട് ഇല്ലേന്ന് ചോദിക്കുമായിരുന്നു’, നടി പറഞ്ഞു.
സിനിമയിലേക്കും പിന്നീട് സീരിയലിലേക്കും എത്തിയതിനെ കുറിച്ചും നിഷ സംസാരിക്കുന്നുണ്ട്. ‘ജോയ് മാത്യുവിനെ നേരത്തെ അറിയാമായിരുന്നു. ജോയ്മാത്യുവിന്റെ ഷട്ടറിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ലാലിന്റെ ഭാര്യയായിട്ടായിരുന്നു ഷട്ടറിൽ അഭിനയിച്ചത്. അന്ന് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രണ്ട് ദിവസം അഭിനയിച്ച് തിരികെ പോകേണ്ടി വന്നാലോ എന്ന് വിചാരിച്ച് ആരോടും പറയാതെയാണ് ദുബായിയിൽ നിന്ന് വന്നത്’,
അഞ്ച് നല്ല സിനിമകളിൽ നല്ല സംവിധായകരൊപ്പവും ക്രൂവിനൊപ്പവും പ്രവർത്തിക്കാൻ പറ്റി. സുനാമി എന്ന സിനിമ ചെയ്യുമ്പോഴാണ് തുറന്നും സിനിമ ചെയ്യണമെന്ന് ഉറപ്പിക്കുന്നത്. അതിനിടെയാണ് സീരിയലിൽ അവസരം വന്നത്. സീരിയൽ കണ്ടിട്ടില്ലാത്ത സീരിയലിനോട് പുച്ഛമുള്ള ആളായിരുന്നു ഞാൻ. നാട്ടിൽ സെറ്റിലായി മറ്റൊന്നും ചെയ്യാതെ ഇരിക്കുകയായിരുന്നു. എനിക്ക് ആക്ടിംഗ് പോളിഷ് ചെയ്യണം എന്നുണ്ടായിരുന്നു. അങ്ങനെയാണ് സീരിയലിലേക്ക് എത്തിയത്,’
‘നെഗറ്റീവ് ഷെയ്‌ഡ് ഉള്ള കഥാപാത്രമായിരുന്നു അത്. അതൊരു ദേഷ്യക്കാരിയാണ്. പക്ഷേ എന്റെ മുഖത്ത് എപ്പോഴും ചിരി വരുന്നത് പോലെ തോന്നും. അതുകൊണ്ട് തന്നെ ആദ്യത്തെ മൂന്ന് മാസം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. പിന്നെ ഞാൻ തന്നെ അതെല്ലാം ശരിയാക്കി എടുത്തു. ഇപ്പോൾ പരമ്പര അഞ്ഞൂറാമത്തെ എപ്പിസോഡിൽ എത്തി,’ നിഷ പറഞ്ഞു.