News
കൊച്ചിയിലേക്ക് വരാന്‍ എനിക്ക് പേടിയാണ്, അവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് മാറിയത്; സാന്ദ്ര തോമസ്
കൊച്ചിയിലേക്ക് വരാന്‍ എനിക്ക് പേടിയാണ്, അവിടെ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് മാറിയത്; സാന്ദ്ര തോമസ്
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് കത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്
ഉത്തരവാദിത്തപ്പെട്ടവര്‍ വളരെ മോശമായിട്ടാണ് ഇടപെട്ടത് എന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. കൊച്ചിയില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്നും മാറിയിരിക്കുകയാണ്. മാരകമായ സാഹചര്യമാണ് കൊച്ചിയില്‍ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് സാന്ദ്ര പ്രതികരിച്ചത്.
സാന്ദ്ര തോമസിന്റെ വാക്കുകള്‍:
ഞാന്‍പാലാരിവട്ടത്തായിരുന്നു താമസം. ആറ് മാസത്തോളമായി ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അന്തരീക്ഷത്തില്‍ ഒരുപാട് രാസമാലിന്യങ്ങളുണ്ട്. അതിന്റെ പേരില്‍ ഗ്രീന്‍ ട്രിബ്യൂണല്‍ കേസെടുക്കുകയുണ്ടായി. കൊച്ചിയില്‍ ഒരുപാട് പേര്‍ക്ക് തൊണ്ടയില്‍ അണുബാധ ഉണ്ടായി. ശബ്ദം പോയി. അതുപോലെ ശബ്ദം ഒരാഴ്ചയോളും ഇല്ലാതായ ഒരു ആളാണ് ഞാന്‍. അപ്പോഴാണ് ഇതിനെ കുറിച്ച് അറിയുന്നത്. അവിടെ പത്തോളം ഫാക്ടറികളുടെ പേരില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ കേസ് എടുത്തിട്ടുണ്ട്. അപ്പോള്‍ അങ്ങനെ ഒരു സാഹചര്യത്തിലായിരിക്കുമ്പോഴാണ് ബ്രഹ്‌മപുരം കത്തുന്നത്. ബ്രഹ്‌മപുരം കത്തിയതിനാല്‍ അവര്‍ എല്ലാവരും താല്‍ക്കാലികമായി ഇത് നിര്‍ത്തി വച്ചിരിക്കുകയാണ്.
ബ്രഹ്‌മപുരം കത്തി എന്ന് അറിഞ്ഞ് അവിടെ നിന്ന് പോന്നെങ്കിലും കുട്ടികള്‍ ഇപ്പോഴും അത് അനുഭവിക്കുകയാണ്. ചുമയും തലവേദനയും മൂക്കൊലിപ്പും അങ്ങനെ ഇതിന്റേതായ എല്ലാ പ്രത്യാഘാതങ്ങളും ഞാനും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും കൊച്ചിയില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് അവിടെ നിന്ന് മാറിയത്. പക്ഷേ എവിടെയും പോകാനാകാത്ത ഒരുപാട് കുടുംബങ്ങളുണ്ട്, അമ്മമാരുണ്ട്. അതുപോലെ പറയേണ്ടത് കുട്ടികളുടെ അവസ്ഥയാണ്.
കുട്ടികളാണ് ഇതിന്റെ ദൂഷ്യ ഫലങ്ങള്‍ വളരെ അധികം അനുഭവിക്കുന്നത്. അതിനൊപ്പം പരീക്ഷയും. പരീക്ഷ എങ്ങനെ കുട്ടികള്‍ എഴുതും എന്നാണ് സര്‍ക്കാര്‍ വിചാരിക്കുന്നത്. മന്ത്രിമാരെന്നല്ല, രാഷ്ട്രീയ പ്രവര്‍ത്തകരെന്നല്ല, സിനിമ താരങ്ങള്‍ എല്ലാം വളരെ മോശമായിട്ടാണ് ഇതില്‍ ഇടപെട്ടിരിക്കുന്നത്. കൊച്ചിയില്‍ അസ്വഭാവിക സാഹചര്യം ഇല്ല എന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരുന്നത്. മേയറും ഉദ്യോഗസ്ഥരും അടക്കമുള്ള ഉത്തരവാദിപ്പെട്ടവരുടേതെല്ലാം ഒരു പ്രതിരോധ പറച്ചിലുകളായിരുന്നു.
അവിടെ ജീവിക്കുന്ന ആളുകള്‍ക്ക് അറിയാം എന്താണ് സംഭവിക്കുന്നതെന്ന്. ഡയോക്‌സിന്‍ എന്ന വാതകം പ്രകൃതിയിലേക്ക് ഇറങ്ങി കഴിഞ്ഞാല്‍ അത് ചിരഞ്ജീവിയാണെന്ന് എല്ലാവരും ഇപ്പോള്‍ അറിഞ്ഞു. ഇത്രയും മാരകമായ ഒരു സാഹചര്യം എങ്ങനെ മറികടക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ എല്ലാം പറയുന്നത്. കൊച്ചിയിലേക്ക് വരാന്‍ എനിക്ക് പേടിയാണ്. ബ്രഹ്‌മപുരം കത്തി മൂന്നാമത്തെ ദിവസമാണ് നിയമസഭ നടക്കുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്തെങ്കിലും പറയും എന്ന് ഞാന്‍ പ്രതീക്ഷിച്ചു. ഒരക്ഷരം മിണ്ടിയില്ല എന്നതാണ് വേദനാജനകമായ ഒരു കാര്യം.