News
വിജിലൻസ് കേസ്; ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം
വിജിലൻസ് കേസ്; ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം
കായല്‍ കയ്യേറി മതില്‍ നിർമ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട് കായൽ കൈയേറിയെന്ന പരാതിയില്‍ വിജിലന്‍സ് രജിസ്റ്റർ ചെയ്ത കേസില്‍ ജയസൂര്യ ഒഴികെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യം എടുക്കുകയായിരുന്നു.
വ്യക്തിപരമായ കാര്യങ്ങളാൽ ജയസൂര്യ കോടതിയിൽ എത്തിയില്ല.
നാല് മാസം മുമ്പാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. കോടതിയിൽ നേരിട്ട് ഹാജരാകണം എന്നു നിർദേശിച്ച് കഴിഞ്ഞ നവംബറിൽ കേസിലെ എതിർകക്ഷികളായ ജയസൂര്യ ഉൾപ്പടയുള്ളവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ കൊച്ചി കോർപറേഷന്റെ വൈറ്റില സോണൽ ഓഫീസിലെ മുൻ ബിൽഡിംഗ് ഇൻസ്‌പെക്ടർ കെപി രാമചന്ദ്രൻ നായർ, പിജി ഗിരിജ ദേവി എന്നിവരാണ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തത്.
അനധികൃത നിര്‍മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് കാണിച്ച് 2014ല്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. കയ്യേറ്റം അളക്കാന്‍ കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ഉത്തരവുകളൊന്നും നടപ്പായില്ല. ഇതോടെയാണ് കേസ് കോടതിയിലെത്തിയത്. കായല്‍ കയ്യേറിയുള്ള നിര്‍മ്മാണത്തിന് നിലവിലെ നിയമങ്ങള്‍ മറികടക്കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു.