News
ദിലീപിന് അനുകൂലമായി മൊഴികൊടുക്കണമെന്ന് വക്കീല്‍ പറഞ്ഞ് എല്‍പ്പിച്ചിട്ടുണ്ട്, ഈ വിഷയത്തില്‍ താല്‍പര്യമുണ്ടോ… അങ്ങനെയെങ്കില്‍ കുറച്ച് കാശ് കിട്ടുമെന്നും നാസർ പറഞ്ഞു; ജിൻസണിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
ദിലീപിന് അനുകൂലമായി മൊഴികൊടുക്കണമെന്ന് വക്കീല്‍ പറഞ്ഞ് എല്‍പ്പിച്ചിട്ടുണ്ട്, ഈ വിഷയത്തില്‍ താല്‍പര്യമുണ്ടോ… അങ്ങനെയെങ്കില്‍ കുറച്ച് കാശ് കിട്ടുമെന്നും നാസർ പറഞ്ഞു; ജിൻസണിന്റെ നിർണ്ണായക വെളിപ്പെടുത്തൽ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലായിരുന്നു പള്‍സർ സുനിയോടൊപ്പം കാക്കനാട് ജയിലില്‍ കഴിഞ്ഞ സഹതടവുകാരനായിരുന്നു ജിന്‍സൺ നടത്തിയത്. കേസിലെ മാപ്പ് സാക്ഷികൂടിയായ ജിന്‍സനെ കൂറുമാറ്റാന്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടായത് സംബന്ധിച്ചും അന്വേഷണം നടന്ന് വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകള്‍ കഴിഞ്ഞയാഴ്ചകളില്‍ പുറത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കര നടത്തുന്ന ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജിൻസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
മറ്റൊരു കേസില്‍പ്പെട്ട് കാക്കാനാട് ജയിലിലേക്ക് വന്നയാളായിരുന്നു നാസർ എന്നാണ് ജിന്‍സണ്‍ അഭിമുഖത്തിൽ പറയുന്നത്. ഞാന്‍ സി ബ്ലോക്കിലേക്ക് പോകുന്നതിന് മുമ്പ് എ ബ്ലോക്കില്‍ മൂന്നാമത്തേയോ നാലാമത്തെയോ സെല്ലില്‍ കിടന്നിരുന്ന ആളാണ് നാസർ. മുസ്ലിം ആണെങ്കിലും എപ്പോഴും ബൈബിള്‍ വായിക്കുന്ന ആളായിരുന്നു അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും ജിന്‍സണ്‍ പറയുന്നു.
അടുത്തുപോയി സംസാരിച്ചപ്പോള്‍ കുഴപ്പമില്ലാത്ത ഒരാള്‍ എന്ന തോന്നലാണ് എനിക്ക് ഉണ്ടായത്. പിന്നീട് ഒരിക്കല്‍ മറ്റൊരു പ്രതിയുമായി ചെറിയ സംഘർഷം ഉണ്ടായപ്പോള്‍ നാസറിനെ സി ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ അദ്ദേഹം പലയിടത്തും ഇരുന്ന പല കാര്യങ്ങളും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും സത്യമല്ല. ദിലീപിന്റെ വക്കീല്‍ പറഞ്ഞത് പ്രകാരം എന്നെ വിളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.
ദിലീപ് പറഞ്ഞിട്ടാണ് ഇത് ചെയ്തതെന്ന് സുനി പറഞ്ഞതായിട്ടൊന്നും പറയരുതെന്നായിരുന്നു നാസർ പറഞ്ഞത്. ഞാന്‍ എല്ലാ കാര്യങ്ങളും കറക്ടായി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് എന്ന് വിചാരിച്ചിട്ടാണ് ഇവർ എന്നോട് ആവശ്യപ്പെടുന്നത്. ദിലീപിന് അനുകൂലമായി മൊഴികൊടുക്കണമെന്ന വക്കീല്‍ പറഞ്ഞ് എല്‍പ്പിച്ചിട്ടുണ്ട് ഈ വിഷയത്തില്‍ താല്‍പര്യമുണ്ടോ. അങ്ങനെയെങ്കില്‍ കുറച്ച് കാശ് കിട്ടുമെന്നും നാസർ പറഞ്ഞതായി ജിന്‍സണ്‍ പറയുന്നു.
സുനിയുടെ മാത്രം താല്‍പര്യത്തിന് വേണ്ടി ചെയ്തതാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ജിന്‍സണ്‍ വ്യക്തമാക്കിയിരുന്നു. നാദിർഷയും ദിലീപുമൊക്കെ നിന്നെ കൈവിട്ട് കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചിരുന്നു. നാദിർഷയ്ക്ക് പങ്കുണ്ടെന്നൊന്നും സുനി പറഞ്ഞിരുന്നില്ല. പക്ഷെ നാദിർഷയെ സുനി ജയിലില്‍ നിന്ന് വിളിച്ചിരുന്നു. അവസാനം ആറ് പൂജ്യം വരുന്ന നമ്പറാണ്. ആ നമ്പർ കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുണ്ടെന്നും ജിന്‍സണ്‍ അഭിമുഖത്തില്‍ പറയുന്നു.
സഹതടവുകാരനായ നാസർ മുഖേനെയായിരുന്നു ജിന്‍സനെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ നടന്നത്. ജിന്‍സണെ കൂറുമാറ്റാമെങ്കില്‍ 25 ലക്ഷത്തിലേറെയായിരുന്നു വാഗ്ദാനം. ഇത് സംബന്ധിച്ച സംഭാഷണം ജിന്‍സണ്‍ റെക്കോർഡ് ചെയ്ത് ക്രൈംബ്രാഞ്ചിലേല്‍പ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ചാണ് ദിലീപിന്റെ വക്കീലിനെ വരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം നടക്കുന്നത്.
അതേസമയം ദിലീപിനെതിരായ അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് അന്വേഷണം സംഘം. താരത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് നടത്തിയ ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് നീക്കം. ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി ദിലീപിന്റെ 2 ബിസിനസ് പങ്കാളികൾ, പ്രൊഡക്‌ഷൻ കമ്പനി ജീവനക്കാർ, ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരുടെ മൊഴികള്‍ അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസില്‍ വിചാരണ തുടങ്ങിയ ശേഷം ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങളായിരുന്നു ഇവരോട് ചോദിച്ചത്. ഈ സമയത്ത് ദിലീപ് നടത്തിയ 4 സാമ്പത്തിക കൈമാറ്റങ്ങള്‍ ഫീസാണെന്നായിരുന്നു ഇവർ വ്യക്തമാക്കിയത്.