News
അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു; മരിക്കുന്നതിനു തലേദിവസം സുശാന്തുമായി ഫോൺകോൾ; ആ വെളിപ്പെടുത്തൽ
അനുവാദമില്ലാതെ റെക്കോർഡ് ചെയ്തു; മരിക്കുന്നതിനു തലേദിവസം സുശാന്തുമായി ഫോൺകോൾ; ആ വെളിപ്പെടുത്തൽ
ബോളിവുഡ് താരം സിങ് രാജ്പുത്തിന്റെ മരണത്തിൽ ദുരൂഹത ഏറെയാണ്. ബിഹാർ സർക്കാരിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുമതി നൽകിയതോടെ കേസ് സിബിഐ ഏറ്റെടുത്തു. സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കെതിരെ അദ്ദേഹത്തിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.
സുശാന്ത് മരിച്ചതിന്റെ തലേദിവസം അദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണത്തെപ്പറ്റി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രമേശ് തൗരാണി. ജൂൺ 13ന് ഉച്ചയ്ക്ക് 2.15നാണ് ഇരുവരും സംസാരിച്ചത്. 14നാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫോൺ സംഭാഷണത്തെക്കുറിച്ച് മാധ്യമങ്ങളിൽ നിരവധി ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി തൗരാണി രംഗത്തെത്തിയത്.]
‘ഒരു മാധ്യമപ്രവർത്തകൻ സുശാന്തുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ചോദിച്ച് എന്നെ വിളിച്ചു. അതിനെപ്പറ്റി സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും എന്റെ അനുവാദമില്ലാതെ ഫോൺ കോൾ റെക്കോർഡ് ചെയ്തു. അതിനാൽ ഇപ്പോൾ സംസാരിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്.’– രമേശ് തൗരാണി സമൂഹമാധ്യമത്തിലെ കുറിപ്പിൽ പറഞ്ഞു.
സംവിധായകൻ നിഖിൽ അഡ്വാനി, സുശാന്തിന്റെ മാനേജർ ഉദയ് എന്നിവരും ഉൾപ്പെട്ട കോൺഫറൻസ് കോളിലാണ് നടനുമായി സംസാരിച്ചത്. സുഖവിവരങ്ങൾ തിരക്കിയ ശേഷം ഒരു കഥയുടെ ആശയം പങ്കുവച്ചു. തികച്ചും ഔദ്യോഗികമായ സംഭാഷണത്തിൽ ഒരു വ്യക്തിയുടെ മാനസികനിലയെക്കുറിച്ച് അറിയുക പ്രയാസമാണ്. ഏകദേശം 15 മിനിറ്റ് മാത്രമാണ് ഫോൺ കോൾ നീണ്ടത്.
സുശാന്തിനു കഥയുടെ ആശയം ഇഷ്ടപ്പെട്ടതിനാൽ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരുന്നു. ബോളിവുഡിനെക്കുറിച്ചും സുശാന്തിന്റെ ബന്ധങ്ങളെക്കുറിച്ചും തെറ്റായ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യവസ്ഥിതിയിൽ വിശ്വസിച്ച് മുൻപോട്ട് പോകണമെന്നും അധികൃതർ വേണ്ടതു ചെയ്യട്ടെയെന്നും തൗരാണി കുറിച്ചു.