News
‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ നീങ്ങണം’; ബോളിവുഡ് പ്രവേശനത്തെ കുറിച്ച് നയന്‍താര
‘സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ നീങ്ങണം’; ബോളിവുഡ് പ്രവേശനത്തെ കുറിച്ച് നയന്‍താര
നിരവധി ആരാധകരുള്ള, തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നിരവധി ആരാധകരെ സ്വന്തമാക്കിയ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജീവിതത്തില്‍ എല്ലാത്തിനും കൃത്യമായ സമയമുണ്ടെന്നും അതിനായി കാത്തിരിക്കണമെന്നും പറയുകയാണ് നടി നയന്‍താര.
ഷാരൂഖ് ഖാന്‍ നായകനാവുന്ന ജവാന്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലേയ്ക്ക് ചുവടുവെയ്ക്കുന്ന താരം അതേക്കുറിച്ചാണ് മനസ്സ് തുറന്നത്. തമിഴില്‍ സ്വന്തം ബാനറായ റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ച ‘കണക്റ്റ്’ എന്ന ഹൊറര്‍ചിത്രം ഹിന്ദിയില്‍ മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട് നയന്‍താര.
‘ഹിന്ദിചിത്രം ചെയ്യാന്‍ എനിക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. നേരത്തേ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്നത് മാറി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നമ്മള്‍ നീങ്ങണം’ എന്നും നയന്‍താര പറഞ്ഞു. ഷാരൂഖിനൊപ്പമുള്ള ‘ജവാന്‍’ ഈ വര്‍ഷം പുറത്തിറങ്ങും. നയന്‍താരയുടെ ഒന്നിലധികം ചിത്രങ്ങള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റി ഇറക്കിയിട്ടുണ്ട്.
ഒരു നല്ല സിനിമ കണ്ടാല്‍ തമിഴ്, കന്നഡ, തെലുങ്ക്, മലയാളം പ്രേക്ഷകര്‍ സന്തോഷിക്കും. ഉള്ളടക്കം നല്ലതാണെങ്കില്‍ അംഗീകരിക്കും. മാന്യമായ സിനിമ ചെയ്യണമെന്ന ഉത്തരവാദിത്വ ബോധമുണ്ടെന്നും നയന്‍താര പറഞ്ഞു. അതേസമയം, അടുത്തിടെയും നയന്‍താരയുടെ വാക്കുകള്‍ വൈറലായിരുന്നു.
പ്രേതത്തെ പേടിയില്ലെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവറുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് എന്നാണ് നയന്‍താര പറയുന്നത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്ചുറല്‍ പവര്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ട്. മാത്രമല്ല, ഹൊറര്‍ ചിത്രങ്ങള്‍ ധാരാളം കാണുന്ന ആളാണ്. കല്യാണത്തിന് മുമ്പ് റൂം എല്ലാം അടച്ച് കുറ്റിയിട്ട് ഒറ്റയ്ക്കിരുന്ന് ഹൊറര്‍ ചിത്രങ്ങള്‍ കാണാറുണ്ട്.
ആ ഒരു ഫീലോടു കൂടെ കാണുന്നതിലാണ് രസം. ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുന്ന ആളാണെങ്കിലും, രാത്രി ഉറങ്ങുമ്പോള്‍ ലൈറ്റ് ഓഫ് ചെയ്താല്‍ പേടിയാണ്. ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ മലര്‍ന്ന് കിടക്കാറില്ല. ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാന്‍ എളുപ്പമാണ്. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ല. ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നാണ് നയന്‍താര പറഞ്ഞത്.