Actress
അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ; വിമർശകർക്ക് മറുപടിയുമായി നവ്യ നായർ
അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ; വിമർശകർക്ക് മറുപടിയുമായി നവ്യ നായർ
അപ്രതീക്ഷിത ദു രന്തത്തിന്റെ വിങ്ങലിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് കൈകോർത്തത്. പ്രമുഖരും അല്ലാത്തവരുമുൾപ്പെടെ നിരവധി പേരാണ് തങ്ങളാൽ കഴിയുന്ന സഹായ ഹസ്തങ്ങളുമായി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ധനസഹായം ചെയ്യുന്നവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുന്നുമുണ്ട്.
ഇത്തരത്തിൽ നടി നവ്യാ നായരും ദുരിതം അനുഭവിക്കുന്നവർക്ക് സഹായം നൽകിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചുകൊണ്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു. നവ്യയുടെ അച്ഛനും അമ്മയും മകനും ചേർന്നാണ് പണം കൈമാറിയത്.
‘ഞാൻ കുമിളിയിൽ ഷൂട്ടിലാണ് , എന്റെ അസാന്നിധ്യത്തിൽ അച്ഛനും അമ്മയും മകനും ഞങ്ങളുടെ എളിയ കടമ വയനാട്ടിലെ സഹോദരങ്ങൾക്കായി, പ്രാർത്ഥനയോടെ… ഇവിടെ സുരക്ഷിതയാണോ എന്ന് അന്വേഷിച്ച് മെസ്സേജ് അയക്കുന്ന കൂട്ടുകാർക്ക് , ഇതുവരെ ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്.’- എന്നായിരുന്നു നവ്യ കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. അഞ്ചുരൂപ കൊടുത്താൽ പത്തു പേരെ അറിയിക്കണോ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് മറുപടിയുമായി നവ്യ തന്നെ രംഗത്തെത്തിയിരുന്നു. ‘എല്ലാത്തിലും നെഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ… അതാണ് ശരിയെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ പിക്ചർ ഇടാതിരുന്നാൽ പോരെ.’ എന്ന് നടി മറുപടിയും നൽകി.
അതേസമയം, വയനാടിന്റെ അതിജീവനത്തിനായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. നടൻ ആസിഫ് അലി കഴിഞ്ഞ ദിവസം സംഭാവന നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിന്റെ രസീത് ആസിഫ് അലി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. എന്നാൽ എത്ര തുകയാണ് നല്കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നൽകിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മമ്മൂട്ടി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു. തമിഴ് താരങ്ങളായ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയും കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിരുന്നു.