featured
എംടി വാസുദേവൻ നായർ അന്തരിച്ചു
എംടി വാസുദേവൻ നായർ അന്തരിച്ചു
മലയാളത്തെ ലോക സാഹിത്യത്തിന്റെ നെറുകയിലെത്തിച്ച ഇതിഹാസ കഥാകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയോടെ വിട പറയുകയായിരുന്നു.
ശ്വാസതടസത്തെ തുടർന്ന് ഡിസംബർ 16 തിങ്കളാഴ്ച പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായതോടെ നില വഷളാവുകയായിരുന്നു. പിന്നാലെ, എംടിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. വീട്ടിൽ മാത്രമായിരിക്കും പൊതുദർശനം. ശേഷം വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. തൻ്റെ മൃതദേഹം എവിടെയും പൊതുദർശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും എംടി നേരത്തെ തന്നെ മക്കളോട് വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് പൊതുദർശനം വീട്ടിൽ മാത്രമായി ചുരുക്കിയത്.
സിനിമ ജീവിതത്തിൽ തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ നൽകിയ വ്യക്തിയാണ് എം ടി വാസുദേവൻ നായർ എന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ പറഞ്ഞു. മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെ അവസാനമായി ഒരു നോക്കു കാണാൻ കോഴിക്കോട്ടെ വീട്ടിൽ എത്തിയതായിരുന്നു മോഹൻലാൽ. സംവിധായകൻ ടി കെ രാജീവ്കുമാറും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
എംടിയുമായി ഒരുപാട് വർഷത്തെ ബന്ധമുണ്ടെന്നും നല്ല സ്നേഹമായിരുന്നു എന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സംസ്കൃത നാടകങ്ങൾ കാണാൻ എംടി മുംബൈയിലെത്തിയ കാര്യവും മോഹൻലാൽ ഓർത്തെടുത്ത് പറഞ്ഞു. എംടിയുമായി വൈകാരിക അടുപ്പമുണ്ടായിരുന്നെന്നും സ്നേഹം അങ്ങോട്ടുമിങ്ങോട്ടുമുണ്ടെന്നും മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിൻറെ തൂലികയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ച ഒരാളാണ് താനെന്നും മോഹൻലാൽ പറഞ്ഞു.
1933ൽ പുന്നയൂർക്കുളത്തുകാരൻ ടി.നാരായണൻ നായരുടെയും കൂടല്ലൂരുകാരി അമ്മാളുവമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടിയുടെ ജനനം. തൃശൂർ ജില്ലയിലെ പൂന്നയൂർക്കുളത്തും പാലക്കാട്ടെ കൂടല്ലൂരുമായിട്ടായിരുന്നു ചെറുപ്പകാലം. എംടിയുടെ അച്ഛൻ ജോലി സംബന്ധമായി സിലോണിലായിരുന്നു. ചെറുപ്പത്തിലെ നനുത്ത വഴികളിൽ നിന്ന് പെറുക്കിയെടുത്ത ഓർമകളെമ്പാടും എംടിയുടെ എഴുത്തിൽ ഇഴകൾ പാകി.
നിളയോരത്തെയും നാട്ടുവഴികളിലെയും അനുഭവ മുഹൂർത്തങ്ങൾ കഥകളിലും നോവലുകളിലും സിനിമകളിലും അത്രമേൽ ഭാവതീവ്രമായി ആവിഷ്കരിക്കപ്പെട്ടു. പാലക്കാട് വിക്ടോറിയ കോളജിലായിരുന്നു ഉപരിപഠനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം 1954-ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി പ്രവർത്തിച്ചു. രണ്ടിടത്തും കണക്ക് മാഷായിരുന്നു.
2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചു. 1986-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം 1973ൽ നിർമ്മാല്യത്തിലൂടെ ലഭിച്ചു. നാലുതവണയാണ് മികച്ച തിരക്കഥയ്ക്കുള്ള ദേശീയപുരസ്കാരം നേടിയത്.
ഒരു വടക്കൻ വീരഗാഥ, കടവ്, സദയം, പരിണയം .എന്നിവയ്ക്കായിരുന്നു കേന്ദ്രാംഗീകാരങ്ങൾ. മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ബന്ധനം, കടവ് എന്നിവ നേടി. മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം ബന്ധനം, കേരള വർമ്മ പഴശ്ശിരാജഎന്നിവയ്ക്ക് ലഭിച്ചു. 2011ൽ എഴുത്തച്ഛൻ പുരസ്കാരവും 2013ൽ ജെ.സി. ഡാനിയേൽ പുരസ്കാരവും നേടി.
1965-ൽ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയെയും ശേഷം 1977-ൽ പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയെയും അദ്ദേഹം വിവാഹം കഴിച്ചു. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലെ ‘സിതാര’യിലാണ് താമസം. മൂത്തമകൾ സിതാര ഭർത്താവിനൊപ്പം അമേരിക്കയിൽ ബിസിനസ് എക്‌സിക്യുട്ടീവാണ്. ന്യൂജഴ്‌സിയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൾ അശ്വതി പ്രശസ്ത നർത്തകിയാണ്.
