എനിക്ക് ആത്മവിശ്വാസം വളരെ കുറവായിരുന്നു. ഇപ്പോൾ ഞാൻ പഴയ എന്നിലേക്ക് തിരിച്ചെത്തിയതായി എനിക്ക് തോന്നുന്നുണ്ടെന്ന് മൃദുല
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മൃദുല വിജയ്‍യും യുവ കൃഷ്‍ണയും. തന്റെ നിത്യ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്കുവയ്ക്കുന്ന താരമാണ് മൃദുല വിജയ്. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും അങ്ങനൊരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാവാതിരുന്നതും ഇതുകൊണ്ട് തന്നെയാണ്. കുഞ്ഞ് ധ്വനിയുടെയടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ രീതിയിൽ ജനപ്രീതി പിടിച്ച് പറ്റിയ താരമാണ് മൃദുല. കുറച്ചു നാളായി അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു നടി. വിവാഹ ശേഷം വൈകാതെ ഗര്‍ഭിണിയായതോടെയാണ് നടി അഭിനയത്തിൽ നിന്ന് താൽകാലിക ഇടവേളയെടുത്തത്.
തിരിച്ചുവരവ് ഉണ്ടാകുമെന്ന് മൃദുല ഉറപ്പ് നൽകിയിരുന്നെങ്കിലും അതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഒടുവിൽ കുഞ്ഞിന്റെ വരവിന് പിന്നാലെ നടി തിരിച്ചെത്തിയിരിക്കുകയുമാണ്. നടി അര്‍ച്ചന കവിയ്ക്ക് പകരം റാണി രാജ എന്ന സീരിയലിലൂടെ തിരിച്ച് വരവ്. ആമി എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിക്കുന്നത്.
തിരിച്ചെത്തിയ മൃദുലയ്ക്ക് ആരാധകർ ഗംഭീര സ്വീകരണമാണ് നൽകിയത്. സോഷ്യൽ മീഡിയയിലൊക്കെ നിരവധിപേരാണ് നടിക്ക് ആശംസകളും അഭിനന്ദങ്ങളും നേർന്ന് എത്തിയത്. എന്നാൽ ആ തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് മൃദുല ഇപ്പോൾ. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഗർഭിണിയാണെന്നറിഞ്ഞപ്പോഴും ജോലിയിൽ തുടരാനായിരുന്നു എന്റെ പ്ലാൻ. നിർഭാഗ്യവശാൽ, ആരോഗ്യപ്രശ്നങ്ങൾ കാരണം എനിക്ക് മാറേണ്ടി വന്നു. കുഞ്ഞിന് ഒരു ആറ് മാസമൊക്കെ ആകുമ്പോൾ തിരികെ വരാമെന്നായിരുന്നു പ്ലാൻ. പക്ഷേ, ഈ ടീമിനോട് എനിക്കുള്ള പ്രതിബദ്ധത കാരണം, ആ കഥാപാത്രം ഏറ്റെടുക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. തിരിച്ചുവരവിൽ സന്തോഷമുണ്ട്.
എന്നാൽ ഈ തിരിച്ചുവരവ് എനിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. വളരെ ഉത്കണ്ഠയോടെയാണ് ഞാൻ തുടങ്ങിയത്, എനിക്ക് ആത്മവിശ്വാസം വളരെ കുറവായിരുന്നു. പക്ഷേ, പതിയെ അത് ശരിയായി, ഇപ്പോൾ ഞാൻ പഴയ എന്നിലേക്ക് തിരിച്ചെത്തിയതായി എനിക്ക് തോന്നുന്നുണ്ടെന്ന് മൃദുല പറയുന്നു.
എല്ലാ ദിവസവും കുഞ്ഞുമായാണ് സെറ്റിലേക്ക് വരുന്നത്. ടീമിലെ എല്ലാവരും നല്ല സഹകരണമാണ്. അവൾക്ക് ഭക്ഷണം നൽകുമ്പോഴൊക്കെ അവർക്ക് കാത്തിരിക്കും. അവളുടെ ആരോഗ്യത്തെ കുറിച്ചൊക്കെ എനിക്ക് ആശങ്കയുണ്ട്. പക്ഷെ എന്റെ അമ്മയുടെ സഹായത്തോടെ ഒക്കെ എനിക്കത് കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. ധ്വനിക്കും എന്നേക്കാൾ ആവേശമാണ്. എല്ലാവരുടെയും സ്നേഹം ലഭിക്കുന്നത് കൊണ്ട് അവളും സെറ്റിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്.
കുഞ്ഞുണ്ടായ ശേഷം അമ്മമാർ കരിയർ അവസാനിപ്പിക്കേണ്ടതില്ല എന്നതാണ് എന്റെ അഭിപ്രായം. കുഞ്ഞിനെ നോക്കാൻ എന്നൊക്കെ പറയുന്നത് പഴകീയ രീതികളാണ്. എത്രയും വേഗം നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് തിരിയുക എന്നതാണ്. അല്ലാതെ സ്വയം നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയാൽ നിങ്ങൾക്ക് നിങ്ങളെ തന്നെ നഷ്ടപ്പെടുമെന്ന് മൃദുല അഭിപ്രായപ്പെടുന്നു.
എന്നാൽ നിങ്ങൾക്ക് ഇതിനൊക്കെ നല്ല പിന്തുണ ആവശ്യമാണ്. എനിക്ക് എന്റെ കുടുംബത്തിന്റെ നല്ല പിന്തുണയുണ്ട്. യുവയും ഇതേ മേഖലയിൽ നിന്ന് തന്നെ ആയതിനാൽ എങ്ങനെയാണ് ഇൻഡസ്ട്രിയെന്ന് വ്യക്തമായി അറിയാം. ഞാൻ സിരിയൽ നിർത്തുന്ന കാര്യവും തിരിച്ചുവരുന്ന കാര്യവും പറഞ്ഞപ്പോൾ ആരോഗ്യമനുസരിച്ച് തീരുമാനമെടുക്കാനാണ് യുവ പറഞ്ഞതെന്നും മൃദുല പറഞ്ഞു.
അർച്ചന കവി ആയിരുന്നു ആദ്യം ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. സിനിമ നടിയുടെ സീരിയൽ എൻട്രി ആയതിനാൽ പ്രതീക്ഷകൾ ഏറെ ആയിരുന്നു. സത്യം പറഞ്ഞാൽ, ഞാൻ ഷോയുടെ അധികം എപ്പിസോഡുകൾ കണ്ടിട്ടില്ല. ആ കഥാപാത്രത്തെ എന്റെ രീതിയിൽ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
പ്രേക്ഷകർ എന്നോട് കാണിക്കുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ തിരിച്ചുവരണം എന്ന് പറഞ്ഞു കൊണ്ടുള്ള മെസേജുകൾ ഓരോ ദിവസവും ലഭിക്കാറുണ്ടായിരുന്നു. പ്രേക്ഷകരുടെ സ്‌നേഹം കൊണ്ടാണ് ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മൃദുല പറഞ്ഞു.