Movies
എങ്കിലും ചന്ദ്രികേ ഒടിടിയിലേക്ക്
എങ്കിലും ചന്ദ്രികേ ഒടിടിയിലേക്ക്
ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥപാത്രങ്ങളാക്കി ആദിത്യൻ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ ഒടിടിയിലേക്ക്. മനോരമ മാക്സിൽ ഏപ്രിൽ ഒന്നു മുതൽ ചിത്രം സ്ട്രീം ചെയ്യാൻ ആരംഭിക്കും. തൻവി റാം, മണിയൻ പിള്ള രാജു, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ആവറേഞ്ച് അമ്പിളി’ എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. ഫെബ്രുവരി 17 നാണ് ചിത്ര റിലീസിനെത്തിയത്. ചിത്രം റിലീസിനെത്തുന്നതിനു മുൻപു തന്നെ ഗാനവും ട്രെയിലറും ശ്രദ്ധ നേടിയിരുന്നു.
കൂമൻതൊണ്ട എന്നൊരു സാങ്കൽപ്പിക ദേശത്തിന്റെയും അവിടുത്തെ അഞ്ചു ചെറുപ്പക്കാരുടെയും കഥയാണ് ‘എങ്കിലും ചന്ദ്രികേ’ പറയുന്നത്. കൂമൻതൊണ്ടയിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ് സുമലത. അവിടുത്തെ സജീവ പ്രവർത്തകരാണ് സൊസൈറ്റി പവിത്രൻ (സുരാജ് വെഞ്ഞാറമൂട്), അഭിഷേക് (സൈജു കുറുപ്പ്), സിനിമാസംവിധായകനാവാൻ നടക്കുന്ന കിരൺ (ബേസിൽ ജോസഫ്), അമൽ, ബിബീഷ് (അഭിരാം പൊതുവാൾ) എന്നിവർ.
കൂട്ടത്തിൽ വിവാഹപ്രായം കഴിഞ്ഞ്, പെണ്ണു കിട്ടാതെ അതിന്റെതായ നിരാശയുമായി കഴിയുന്നവരാണ് പവിത്രനും അഭിഷേകും. അതിനിടയിൽ കൂട്ടുകാരെയൊന്നും അറിയിക്കാതെ കൂട്ടത്തിലെ അഞ്ചാമനായ ബിബീഷിന്റെ കല്യാണം ഉറപ്പിക്കുന്നു. ‘എന്തുകൊണ്ടാണ് വിവാഹകാര്യം ബിബീഷ് ഇത്ര രഹസ്യമായി കൊണ്ടുനടക്കുന്നത്’ എന്നത് കൂട്ടുകാരിലും സംശയമുണർത്തുന്നു. അതിനു പിന്നിലുള്ള ചങ്ങാതിമാരുടെ അന്വേഷണവും ബിബീഷ്- ചന്ദ്രിക വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ചില സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.
ആദിത്യൻ ചന്ദ്രശേഖർ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പുറത്തിറങ്ങി ഒരു മാസത്തിനു ശേഷം ഒടിടി റിലീസിനൊരുങ്ങുകയാണ് ‘എങ്കിലും ചന്ദ്രികേ.’