Actress
4600 കോടിയുടെ ആസ്തി; സമ്പന്നയായ നടിമാരുടെ ലിസ്റ്റിൽ ഐശ്വര്യ റായിയെ കടത്തിവെട്ടി ഈ നടി!
4600 കോടിയുടെ ആസ്തി; സമ്പന്നയായ നടിമാരുടെ ലിസ്റ്റിൽ ഐശ്വര്യ റായിയെ കടത്തിവെട്ടി ഈ നടി!
ബോളിവുഡിലെ സമ്പന്നയായ നടി ആരെന്ന് ചോദിച്ചാൽ ഐശ്വര്യ റായി എന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ടുകൾ പ്രകാരം ലിസ്റ്റിൽ മുന്നിൽ നിൽക്കുന്നത് ഐശ്വര്യ റായി അല്ല. നടി ജൂഹി ചൗളയാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരുടെ ലിസ്റ്റിൽ ഒന്നാമത്.
ഹുറൂൺ റിച്ച് ലിസ്റ്റ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ജൂഹി മുന്നിൽ നിൽക്കുന്നത്. എന്നാൽ കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയ പടങ്ങളൊന്നും ഈ താരത്തിന്റേതായിട്ടില്ലെന്നതാണ് ശ്രദ്ധേയം. സമ്പന്ന നടിമാരുടെ ലോക പട്ടികയിൽ ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്.
4600 കോടിയുടെ ആസ്തിയാണ് ജൂഹി ചൗളയ്ക്കുള്ളത്. ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ആലിയ ഭട്ടും ദീപിക പദുക്കോണും സമ്പന്നയായ നടിമാരുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം പിടിച്ചിട്ടുണ്ട്. ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളിൽ നിന്നാണ്.
റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. ഐപിഎല്ലിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ് നടി. റിയൽ എസ്റ്റേറ്റ് രംഗത്തും സജീവമാണ്. കോടീശ്വരനായ ഭർത്താവുമായി സംയുക്തമായി മറ്റ് ബിസിനസുകളിൽ നിക്ഷേപമുള്ളതായാണ് റിപ്പോർട്ട്.
ബോളിവുഡിലെ ഐക്കോണിക് നായികമാരിൽ ഒരാളാണ് ജൂഹി ചൗള. മിസ് ഇന്ത്യ പട്ടം നേടിയാണ് ജൂഹി ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ജൂഹി ചൗള സൂപ്പർ നായികയായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു ജൂഹി. ഹരികൃഷ്ണൻസിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ജൂഹി.