Bollywood
റഹ്മാൻ എനിക്ക് അച്ഛനെപ്പോലെ; ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കൂ; വിവാദങ്ങൾക്ക് മറുപടിയുമായി മോഹിനി ഡേ
റഹ്മാൻ എനിക്ക് അച്ഛനെപ്പോലെ; ദയവായി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കൂ; വിവാദങ്ങൾക്ക് മറുപടിയുമായി മോഹിനി ഡേ
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്.
പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയൽ സ്ഥിരീകരിച്ചിരുന്നു. വിവാഹ മോചന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു.
ഇപ്പോഴിതാ സാമൂഹിക മാധ്യമങ്ങളിലടക്കം ഉണ്ടായ കുപ്രചരണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മോഹിനി. മോഹിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;
എനിക്കും റഹ്മാനും എതിരെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അവിശ്വസനീയമാണ്. രണ്ട് സംഭവങ്ങളെയും മാധ്യമങ്ങൾ വിവാദമാക്കിയത് കുറ്റകരമായി തോന്നുന്നു. റഹ്‌മാന്റെ സിനിമകൾ, ടൂറുകൾ തുടങ്ങിയവയ്‌ക്കായി എട്ടര വർഷം കൂടെ ജോലി ചെയ്‌ത കുട്ടി എന്ന നിലയിലുള്ള സമയത്തെ ഞാൻ ബഹുമാനിക്കുന്നു.
ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് സഹതാപമോ സഹാനുഭൂതിയോ ഇല്ലെന്ന് കാണുന്നത് നിരാശാജനകമാണ്. ആളുകളുടെ മാനസികാവസ്ഥ കാണുമ്പോൾ വിഷമം തോന്നുന്നു. റഹ്മാൻ ഒരു ഇതിഹാസമാണ്, അദ്ദേഹം എനിക്ക് പിതാവിനെപ്പോലെയാണ്! എന്റെ കരിയറിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച, നിരവധി റോൾ മോഡലുകളും പിതാവിന് തുല്യ വ്യക്തിത്വങ്ങളും ജീവിതത്തിൽ എനിക്കുണ്ട്.
ചുരുക്കം ചിലത് – എന്നെ സംഗീതം പഠിപ്പിച്ച എൻ്റെ അച്ഛനും പിന്നെ എന്നെ സംഗീതരംഗത്തേക്ക് പരിചയപ്പെടുത്തിയ രഞ്ജിത് ബാറോട്ട് , എന്നെ രൂപപ്പെടുത്തിയ ലൂയിസ് ബാങ്ക്, ഷോകളിൽ തിളങ്ങാൻ എനിക്ക് സ്വാതന്ത്ര്യം തന്ന എ.ആർ. റഹാമ്ൻ, റെക്കോർഡിംഗ് സെഷനുകളിൽ അദ്ദേഹത്തിൻ്റെ സംഗീത ക്രമീകരണങ്ങൾ. ഞാൻ അത് വിലമതിക്കുകയും ചെയ്യുന്നു, എല്ലായ്പ്പോഴും ചെയ്യും!
അത് ആളുകളുടെ മനസ്സിലും ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം മാധ്യമങ്ങൾക്ക് മനസ്സിലാകുന്നില്ല. സെൻസിറ്റീവ് ആയിരിക്കുക. ഞാൻ ആർക്കും വിശദീകരണം നൽകേണ്ടതില്ല, മാത്രമല്ല, എന്റെ ഇന്നത്തെ ദിവസത്തിന്റെ ശോഭ കെടുത്താനും ആഗ്രഹിക്കുന്നില്ല, ദയവായി തെറ്റായ അവകാശവാദങ്ങൾ നിർത്തുക, ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക എന്നാണ് മോഹിനി പറഞ്ഞത്.
ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ തീരുമാനിച്ചു. വേർപിരിഞ്ഞാലും താനും മാർക്കും പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരും. തങ്ങളുടെ തീരുമാനത്തെ സുഹൃത്തുക്കളും ആരാധകരും പിന്തുണയ്ക്കണമെന്നുമാണ് മോഹിനി വിവാഹമോചന വാർത്ത അറിയിച്ച കുറിപ്പിലൂടെ പറഞ്ഞത്.
കൊൽക്കത്ത സ്വദേശിയാണ് 28കാരിയായ മോഹിനി ഡേ. എ.ആർ.റഹ്‌മാനൊപ്പം നിരവധി രാജ്യങ്ങളിലായി നാൽപ്പതിലേറെ ഷോകളിൽ മോഹിനി പങ്കെടുത്തിട്ടുണ്ട്. സംഗീത പ്രതിഭയായി ഏറെ ആഘോഷിക്കപ്പെട്ട കലാകാരിയാണ് മോഹിനി ഡേ. 11 വയസ്സുള്ളപ്പോഴാണ് മോഹിനിയുടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്.
ജാസ് മാസ്ട്രോ ലൂയിസ് ബാങ്ക്സിൻ്റെ ശിഷ്യയായ മോഹിനി സംഗീത ലോകത്തെ ഒരു പ്രധാന വ്യക്തിത്വമായി മാറി. ഗാൻ ബംഗ്ലായുടെ വിൻഡ് ഓഫ് ചേഞ്ച്, കോക്ക് സ്റ്റുഡിയോ ഇന്ത്യ തുടങ്ങിയ പ്രോജക്ടുകളിലെ പ്രവർത്തനമാണ് മോഹിനിയെ ശ്രദ്ധേയയാക്കിയത്. സക്കീർ ഹുസൈൻ, ശിവമണി, സ്റ്റീവ് വായ്, മാർക്കോ മിന്നെമാൻ തുടങ്ങിയ പ്രശസ്തരായ സംഗീതജ്ഞർക്കൊപ്പവും മോഹിനി പ്രവർത്തിച്ചിട്ടുണ്ട്.