general
സ്വപ്നം പോലെ ഒരു ദിവസം ….. ഷൈജിലിയെ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
സ്വപ്നം പോലെ ഒരു ദിവസം ….. ഷൈജിലിയെ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
കോഴിക്കോട് മാങ്കാവ് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന ഷിജിലി കെ ശശിധരന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്. എല്ലുകള്‍ പൊടിയുന്ന അസുഖം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതെ ജീവിതമാണ് ഷിജിലിയുടത്. അസ്ഥികള്‍ നുറുങ്ങുന്ന വേദനയുമായി ജീവിക്കുമ്പോഴും ഒരേ ഒരു ആഗ്രഹം മാത്രമേ ഷിജിലിക്ക് ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രിയപ്പെട്ട മോഹന്‍ലാലിനെ നേരിട്ടു കാണുക. ഷിജിലിക്ക് സ്വപ്നസാഫല്യമായി കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ നേരിട്ടെത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ഈ കുട്ടിയുടെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയത്.
വിശേഷങ്ങളൊക്കെ ചോദിക്കുമ്പോള്‍ ഷിജിലിയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു. യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ കാണാനുള്ള പരിമിതികളും ആരാധിക ലാലിനോട് പറഞ്ഞു. മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും കാണാന്‍ പറ്റുമോയെന്നും ഇടയ്ക്കിടെ ചോദിക്കാറുണ്ടെന്നും ഷിജിലിയുടെ അച്ഛന്‍ ലാലിനോട് പറഞ്ഞു. ഇതേ കുറിച്ച് ലോകം അറിഞ്ഞത് ഷിജിലി ഫേസ്ബുക്കിൽ കുറിപ്പിട്ടപ്പോഴാണ്.
ഷൈജിലിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
സ്വപ്നം പോലെ ഒരു ദിവസമായിരുന്നു ഇന്നലെ. ഏത് വാക്കുകളിൽ വർണിക്കണമെന്നറിയാത്തത്രയും ഭംഗിയുണ്ടതിന്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എന്റെ ലാലേട്ടനൊപ്പം ഞാൻ ചിലവഴിച്ചു. എന്റെ ഏറ്റവും വലിയ ആഗ്രഹം, എത്രയോ കാലത്തെ പരിശ്രമം എല്ലാത്തിനും ഇന്നലെ ഫലമുണ്ടായി. കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ; ചേർത്ത് പിടിച്ചു എന്നെ ഏട്ടന്റെ കൈകൾ. കുറേ വിശേഷങ്ങൾ ചോദിച്ചു, മനസ് നിറയെ സ്നേഹം തന്നു. ഇനിയുള്ള കാലമത്രയും ഓർക്കാൻ എനിക്ക് ഈ നിമിഷങ്ങൾ മതി; എന്റെ ഏട്ടനെ ചേർന്ന് നിന്ന ഈ നിമിഷങ്ങൾ മാത്രം.
നന്ദി പറയാനുള്ളത് സർവ്വേശ്വരനോടാണ്. പിന്നെ കോഴിക്കോട്ടെ ലാലേട്ടൻ ഫാൻസിലെ എന്റെ പ്രിയപ്പെട്ട ഏട്ടൻമാരോടും. എന്റെ പ്രിയ സുഹൃത്ത് പ്രജിത്ത്, ടിന്റു ഏട്ടൻ, സുഗീതേട്ടൻ, സുഹാസേട്ടൻ, രാജൻ ചേട്ടൻ എല്ലാവർക്കും നൂറ് നൂറ് നന്ദി.
