Malayalam
രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ
രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ; മോഹൻലാൽ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെയെന്ന് ആശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസ നേർന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ;
“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം
കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം”
– ഏക ശ്ലോക രാമായണം
രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ!
കർക്കിടക മാസത്തെയാണ് നാം രാമായണ മാസമായി ആചരിക്കുന്നത്. ഒട്ടനവധി ധാർമിക മൂല്യങ്ങളെ മുറുകെ പിടിച്ചിട്ടുള്ള രാമായണ പാരായണം കർക്കടക മാസത്തിൽ നടത്താറുണ്ട്. രാമായണം എന്നാൽ രാമന്റെ യാത്ര എന്നാണ് അർത്ഥം. വാത്മീകി രചിച്ച രാമായണത്തേക്കാൾ, മലയാളികൾക്ക് പരിചിതം എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ്.
കോരിച്ചൊരിയുന്ന മഴയും പഞ്ഞക്കർക്കടകത്തിലെ പട്ടിണിയും പഴയപോലെ ഇപ്പോഴില്ലെങ്കിലും എല്ലാ വ്യഥകളും മായ്ക്കുന്ന അക്ഷരവെളിച്ചമായി രാമായണം മലയാളി ഭവനങ്ങളെ പ്രകാശസാന്ദ്രമാക്കുമെന്നതാണ് ഈ മാസത്തെ പ്രത്യേകത. ഈ വർഷത്തെ കർക്കടകം ഓഗസ്റ്റ് 16 വെള്ളിയാഴ്ചയാണ് അവസാനിക്കുക.
അതേസമയം, മോഹൻലാൽ തന്റെ സിനിമാ തിരക്കുകളിലാണ്. ഇപ്പോൾ എൽ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുവരുന്നത്. തരുൺ മൂർത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. അതോടൊപ്പം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അനിമേറ്റഡ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മോഹൻലാലും മറ്റ് അണിയറപ്രവർത്തകരും കൂടിച്ചേർന്നാണ് സീരീസ് സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചത്. സുനിൽ നമ്പുവാണ് ‘ബറോസ് ആന്റ് വൂഡോ’ എന്ന അനിമേഷൻ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ടികെ രാജീവ്കുമാറിന്റെതാണ് സീരീസിന്റെ ആശയം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബറോസ്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്.
ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
