News
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോഹൻലാൽ; സൈനിക യൂണിഫോമിൽ നടൻ ദുരന്തമുഖത്ത്
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മോഹൻലാൽ; സൈനിക യൂണിഫോമിൽ നടൻ ദുരന്തമുഖത്ത്
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് അദ്ദേഹം ദുരിതബാധിതരെ കാണാൻ എത്തിയത്. ദുരിത ബാധിതരെ സന്ദർശിച്ച ശേഷം മോഹൻലാൽ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലും എത്തി. സൈനിക അകമ്പടിയിലായിരുന്നു യാത്ര.
സൈനിക യൂണിഫോമിലാണ് മോഹൻലാൽ എത്തിയത്. വയനാട്ടിലേത് ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്നും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മോഹൻലാൽ പറഞ്ഞു. വിശ്വ ശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിനും മറ്റ് രക്ഷാപ്രവർത്തകർക്കും മോഹൻലാൽ അഭിനന്ദനമറിയിച്ചു.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു.മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
2018ൽ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ സംഭാവന നൽകിയിരുന്നു. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്.
സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി. ടെറിട്ടോറിയൽ ആർമിയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ വയനാട്ടിലേക്കുള്ള വരവ്. അതേസമയം മരിച്ചവരുടെ എണ്ണം 360 ആയി. ഇനിയും ഇരുന്നൂറിലേറെ പേരെ കാണാനില്ലെന്നാണ് കരുതപ്പെടുന്നത്.