Malayalam
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ; വിമർശിച്ചതിനും തിരുത്തിയതിനും നന്ദി; മോഹൻലാൽ
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ; വിമർശിച്ചതിനും തിരുത്തിയതിനും നന്ദി; മോഹൻലാൽ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ആണ് താരങ്ങൾക്കെതിരെ ഉയർന്ന് വന്നത്. പല ഗുരുതര ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാൽ പ്രതികരിക്കാത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോൾ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മോഹൻലാൽ രാജിവെച്ചിരിക്കുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്തിയിരുന്നു.
മോഹൻലാലിനൊപ്പം എക്‌സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്.
വാർത്താകുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.
അതേസമയം, കഴിഞ്ഞ ദിവസം പൃഥ്വിരാജ് നടത്തിയ വാർത്താ സമ്മേളനവും ഏറെ ചർച്ചയായിരുന്നു. ‘അമ്മയ്ക്ക്’ പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ചെയ്യാൻ കഴിയുന്നത് എനിക്ക് ചുറ്റുമുള്ള തൊഴിലിടം സുരക്ഷിതമാക്കുക എന്നുള്ളതാണ്. പക്ഷേ അതിൽ ഉത്തരവാദിത്വം തീരുന്നില്ല.
ഞാനിതിലില്ല എന്ന് സ്ഥാപിക്കുന്നിടത്ത് തീരുന്നില്ല എന്റെയോ നിങ്ങളുടേയോ ഉത്തരവാദിത്തം. പവർഗ്രൂപ്പിനെ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. എന്നാൽ, അങ്ങനെയൊരു ഗ്രൂപ്പ് ഇവിടെ ഇല്ല എന്ന് അവകാശപ്പെടാനാവില്ല. അവർ കാരണം ബാധിക്കപ്പെട്ടവർ മലയാള സിനിമയിലുണ്ടെങ്കിൽ അവരുടെ വിഷമം കേൾക്കണം. അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടെങ്കിൽ അതില്ലാതാകണം.
ശക്തമായ നടപടികളും ഇടപെടലുകളും അമ്മ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുതന്നെയാണ്. സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾക്കെതിരെ ആരോപണങ്ങൾ ഉണ്ടാവുകയാണെങ്കിൽ മര്യാദയുടെ ഭാഗമായി ചെയ്യേണ്ടത് ആ സ്ഥാനത്തുനിന്ന് മാറി അന്വേഷണം നേരിടുക എന്നതാണ്. കാരണം ഒരു സ്ഥാനത്തിരിക്കുമ്പോൾ അന്വേഷണം നേരിടാൻ പാടില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.