ഗ്രേറ്റ് ഗാമ മോഹൻലാൽ അല്ല, വാർത്ത വ്യാജം; ആരാധകരുടെ ഭാവന മാത്രമെന്ന് നിർമ്മാതാവ്
മലൈക്കോട്ടൈ വാലിബനിൽ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്ന് എന്ന വാർത്ത പ്രചാരം നേടിയിരുന്നു. എന്നാൽ ‘മലൈക്കോട്ടൈ വാലിബനി’ൽ മോഹൻലാൽ ഗ്രേറ്റ് ഗാമയായി അഭിനയിക്കുന്നില്ല എന്ന് അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് ഷിബു ബേബി ജോൺ. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്നും ആരാധകരുടെ ഭാവനയിലുള്ള ഓരോ തോന്നലുകളാണ് ഇവ എന്നും അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ വമ്പന്‍ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. വിഎഫ്എക്സ് വര്‍ക്കുകള്‍ അടക്കം 45 കോടിയാണ് വാലിബന്റെ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.
ഈ വർഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവിൽ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ആണ് ചിത്രത്തിന്റെ ഷെഡ്യൂൾ പുരോഗമിക്കുന്നത്. പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന വാലിബൻ്റെ കഥ ലിജോ ജോസ് പെല്ലിശ്ശേരിയുടേത് തന്നെയാണ്, തിരക്കഥ പി എഫ് റഫീക്ക്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്‌ത് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. എൽജെപി ചിത്രങ്ങളുടെ ഏതാനും അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കുന്നുണ്ട്. ‘ചുരുളി’യുടെ ഛായാഗ്രാഹകന്‍ മധു നീലകണ്‌ഠന്‍ ആണ് ക്യാമറ.
ചിത്രത്തിന്റെ ഷൂട്ടിങ് പോലും അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് പോകരുതെന്ന് വാലിബന്‍ ടീമിന് സംവിധായകന്‍ കര്‍ശന നിർദേശവും നല്‍കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത ലുക്കിലാണ് മോഹൻലാൽ വാലിബനില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയില്ലാതെ അഭിനയിക്കുന്ന ചിത്രം കൂടിയായിരിക്കും വാലിബന്‍ എന്നതും മറ്റൊരു പ്രതേകതയാണ്. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് റിപ്പോർട്ടുകൾ. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും മലൈക്കോട്ടൈ വാലിബന്‍ പറയുക. 1900 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് മലൈക്കോട്ടൈ വാലിബൻ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് ലൊക്കേഷൻ ചിത്രങ്ങൾ. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടം തന്നെയാണ് ഗുലം മുഹമ്മദിൻ്റേതും.