Actor
ഞെട്ടിക്കാൻ മോഹൻലാൽ എത്തുന്നു; വരുന്നത് മൂന്ന് വമ്പൻ ചിത്രങ്ങൾ; ആവേശത്തിൽ ആരാധകർ
ഞെട്ടിക്കാൻ മോഹൻലാൽ എത്തുന്നു; വരുന്നത് മൂന്ന് വമ്പൻ ചിത്രങ്ങൾ; ആവേശത്തിൽ ആരാധകർ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്. മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി പുറത്തെത്തിയത്.
ഇതിനിടെ മനോരഥങ്ങൾ എന്ന ആന്തോളജി ഒടിടി റിലീസായും എത്തിയിരുന്നു. അദ്ദേഹത്തിന്റേതായി അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്ത് എത്തിയ സിനിമയ്ക്ക് വേണ്ടത്ര വരവേൽപ്പ് പ്രേക്ഷകരിൽ നിന്നും ലഭിച്ചില്ല.
സിനിമയുടെ കഥയും അതിന്റെ മേക്കിങുമാണ് പലരും സിനിമയെ വിമർശിക്കാൻ കാരണമായത്. മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയിൽ അടക്കം മേക്കോവർ നടത്തിയിരുന്നു മോഹൻലാൽ. സിനിമയ്ക്ക് എതിരെ വിമർശനം ഉള്ളതിനാൽ മോഹൻലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതിൽ മുങ്ങിപ്പോകുകയായിരുന്നു.
മോഹൻലാൽ തന്റെ കരിയറിൽ ഇപ്പോൾ മോശം അവസ്ഥയിലൂടെയാണ് നടൻ കടന്ന് പോകുന്നതെന്നാണ് ആരാധകർ തന്നെ പറയുന്നത്. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങളാണ് അടുപ്പിച്ചടുപ്പിച്ച് അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നത്.
ആദ്യ സംവിധാന സംരംഭമായ ബറോസ് ആണ് ഇതിൽ ആദ്യത്തേത്. ഡിസംബർ മൂന്നാം വാരം ക്രിസ്മസ് റിലീസായി തിയെറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹൻലാലിന്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2019ൽ പ്രഖ്യാപിച്ച ചിത്രം 170 ദിവസമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്.
തൊട്ടടുത്ത മാസം, മോഹൻലാലിൻറെ ന്യൂ ഇയർ സ്പെഷ്യൽ സിനിമ എത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണിത്. മോഹൻലാലിൻറെ നായികയായി ശോഭന എത്തുന്നു എന്നതാണ് ആരാധകരുടെ ഏറ്റവും വലിയ ആകർഷണം. തമിഴ് സംവിധായകൻ ഭാരതിരാജ മലയാളത്തിൽ നടനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ അടക്കമുള്ള വലിയ താരനിരയുമുണ്ട്.
സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിയും ഒപ്പം കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ പത്തനംതിട്ടക്കാരനായ ടാക്സി ഡ്രൈവറായെത്തുന്ന സിനിമയ്ക്ക് കുടുംബചിത്രമെന്ന ലേബലാണുള്ളത്.
ഇതിന് പിന്നാലെ സമീപകാലത്ത് മോഹൻലാലിൻറെ ഏറ്റവും വലിയ മാസ് കഥാപാത്രമായി എത്തിയ ലൂസിഫറിൻറെ രണ്ടാം ഭാഗമാണ് വരാനുള്ളത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എമ്പുരാൻ എന്നു നേരത്തെ തന്നെ പേരിട്ടിരുന്നു.
‘എൽ2: എമ്പുരാൻ’ എന്നാണ് ചിത്രത്തിൻറെ മുഴുവൻ പേര്. ലൂസിഫറിലെ പ്രധാന താരങ്ങളെല്ലാം എമ്പുരാനിലും ഉണ്ടാകും. ലൂസിഫറിൽ കണ്ട സ്റ്റീഫൻ നെടുമ്പള്ളിയുടെ അധോലോക വിശ്വരൂപമായ അബ്രാം ഖുറേഷിയുടെ കഥയാണ് എമ്പുരാൻ എന്നാണ് ഇതുവരെയുള്ള സൂചന. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് രചന.