Malayalam
167 സിനിമ ചെയ്തിട്ടുള്ള ആളാണ്, അദ്ദേഹത്തെ മാറ്റിനിർത്തിയവനെ കാലിൽ വാരി നിലത്തടിക്കണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞത്; മണിയൻപിള്ള രാജു
167 സിനിമ ചെയ്തിട്ടുള്ള ആളാണ്, അദ്ദേഹത്തെ മാറ്റിനിർത്തിയവനെ കാലിൽ വാരി നിലത്തടിക്കണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞത്; മണിയൻപിള്ള രാജു
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയൻപിള്ള രാജു.
വർഷങ്ങളായി സിനിമയിൽ തുടരുന്ന അദ്ദേഹത്തിന് സിനിമയിൽ നിന്നും നിരവധി സൗഹൃദങ്ങളുമുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മണിയൻപിള്ള രാജു. ഇതിൽ മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജുവാണ്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ആ സൗഹൃദം തുടർന്നു നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു.
ഇരുവരുടെയും സുഹൃത്തുക്കളിലൊരാളാണ് സംവിധായകനും ഛായാഗ്രഹകനുമായ പി. ചന്ദ്രകുമാർ. അടുത്തിടെ മോഹൻലാൽ അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയൻപിള്ള രാജു. എനിക്കും ലാലിനും വളരെ അടുത്തറിയുന്ന ആളാണ് ചന്ദ്രകുമാർ. ഒരുപാട് സിനിമ ചെയ്ത് എക്‌സ്പീരിയൻസുള്ള ആളാണ് അദ്ദേഹം.
ലാലിനെ വെച്ചും അദ്ദേഹം പടങ്ങൾ ചെയ്തിട്ടുണ്ട്. കുറച്ചുകാലം മുമ്പ് അദ്ദേഹം ലാലിന്റെ ഒരു പടത്തിലെ സെറ്റിലേക്ക് പോയിരുന്നു. ഒരുപാട് തിരക്കുള്ള സെറ്റായിരുന്നു. അതെല്ലാം കഴിഞ്ഞ് ലാലിനെ കാണാമെന്ന് വെച്ച് അദ്ദേഹം മാറി നിന്നു. ഒരു അസിസ്റ്റന്റ് ഡയറക്ടർ പയ്യൻ വന്ന് ക്രൗഡിനെ മാറ്റിയപ്പോൾ അദ്ദേഹത്തോട് പിന്നിലേക്ക് മാറി നിൽക്കെന്ന് പറഞ്ഞു.
അത്രയും എളിമയുള്ള മനുഷ്യനായതുകൊണ്ട് ചന്ദ്രകുമാർ അതുപോലെ ചെയ്തു. ഞാൻ ഈ കാര്യം അറിഞ്ഞു. അന്ന് രാത്രി ലാലിനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഈ കാര്യം ലാലിനോട് പറഞ്ഞു. ലാൽ അത് കേട്ടതും വല്ലാതായി. ‘167 സിനിമ ചെയ്തിട്ടുള്ള ആളാണ്. അദ്ദേഹത്തെ മാറ്റിനിർത്തിയവനെ കാലിൽ വാരി നിലത്തടിക്കണ്ടേ’ എന്ന് ലാൽ എന്നോട് പറഞ്ഞു. ലാലിന് ചന്ദ്രകുമാറിനോടുള്ള റെസ്‌പെക്ട് എത്രത്തോളമുണ്ടെന്ന് അപ്പോൾ മനസിലായി എന്നുമാണ് മണിയൻപിള്ള രാജു പറഞ്ഞത്.
അതേസമയം, 90 കളിലെ പ്രേക്ഷകരെ രസിപ്പിച്ച ഹിറ്റ് കോമ്പോയാണ് മോഹൻലാൽ മണിയൻപിള്ള രാജു കൂട്ടുകെട്ട്. നീണ്ട 13 വർഷങ്ങൾക്ക് ശേഷം ആ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുകയാണ്. എന്നാൽ ഇത്രയും കാലം എന്തുകൊണ്ട് മോഹൻലാലിനൊപ്പം സിനിമകൾ ചെയ്തില്ല എന്ന ചോദ്യത്തിനും മണിയൻപിള്ള രാജു മറുപടി പറഞ്ഞു.
എല്ലാ ദിവസവും താനും ലാലും ഫോണിലൂടെ സംസാരിക്കാറുണ്ടെന്നും, തമാശകൾ പറയാറുണ്ടെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഇടക്കൊക്കെ തമ്മിൽ കാണാറുണ്ടെന്നും, എന്നാൽ സംസാരിച്ചു കഴിഞ്ഞ ശേഷം അടുത്ത സിനിമയിൽ എന്നെക്കൂടെ ഉൾപ്പെടുത്തണമെന്ന് പറയാൻ തോന്നാറില്ലെന്നും താരം പറഞ്ഞു. ഒന്നുകിൽ തനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാറില്ലെന്നായിരിക്കാം അല്ലെങ്കിൽ തന്റെ അഭിനയം മോശമായതുകൊണ്ടാകാം തന്നെ വിളിക്കാത്തതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
‘മോഹൻലാലും ഞാനും ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 13 വർഷമായി. ഞങ്ങള് തമ്മിൽ എന്നും ഫോൺ വിളിച്ച് സംസാരിക്കു, തമാശകൾ പറയും, ഇടയ്‌ക്കൊക്കെ കാണും. പക്ഷേ എല്ലാം കഴിഞ്ഞ് അടുത്ത സിനിമയിൽ എനിക്ക് കൂടി ഒരു വേഷം തരണമെന്ന് പറയാൻ ഒരു മടി ഉണ്ട്. അതുകൊണ്ട് അങ്ങോട്ട് കയറി ചാൻസ് ചോദിക്കാറില്ല.
അങ്ങനെ എല്ലാ സിനിമയിലും ചാൻസ് ചോദിക്കുന്നവരുണ്ട്. എല്ലാ സിനിമയിലും അവർ അഭിനയിക്കുന്നുമുണ്ട് എനിക്ക് എന്തോ അങ്ങനെ ചെയ്യാൻ തോന്നാറില്ല. ഒന്നുകിൽ എനിക്ക് പറ്റിയ വേഷം ആ സിനിമയിൽ ഉണ്ടാകാത്തതു കൊണ്ടാകാം, അല്ലെങ്കിൽ എന്റെ അഭിയം മോശമായതുകൊണ്ടാകാം എന്നെ വിളിക്കാത്തത്. എനിക്ക് അതിൽ വിഷമമൊന്നുമില്ല,’ മണിയൻപിള്ള രാജു പറഞ്ഞു.
