Connect with us

ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്; അന്ന് മമ്മൂട്ടി പറഞ്ഞത്

Malayalam

ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്; അന്ന് മമ്മൂട്ടി പറഞ്ഞത്

ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്; അന്ന് മമ്മൂട്ടി പറഞ്ഞത്

മലയാള സിനിമാചരിത്രത്തിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിളക്കമേറിയ രണ്ട് പേരുകളാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും. കഥാപാത്രങ്ങളിലേയ്ക്ക് പരകായപ്രവേശം നടത്തി വെള്ളിത്തിരയിൽ അത്ഭുതം സൃഷ്ടിക്കുന്ന രണ്ടുപേർ ഇന്ന് സൂപ്പർതാരങ്ങളായി അരങ്ങുവാഴുകയാണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ രണ്ട് പേരുകളാണ് ഇവരുടേത്. ഈ രണ്ട് സൂപ്പർ താരങ്ങളുടേയും കരിയറിലും ജീവിതത്തിലും നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ശ്രീനിവാസൻ.

തിരക്കഥാകൃത്തായും സുഹൃത്തായുമെല്ലാം മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കരിയറിൽ ശ്രീനിവാസൻ ഉണ്ട്. ഒരിക്കൽ താൻ ആദ്യമായി മോഹൻലാലിനെ പരിയപ്പെട്ടതിന്റെ ഓർമ്മ ശ്രീനിവാസൻ പങ്കുവച്ചിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറിന്റെ മുറിയിൽ വെച്ചാണ് മോഹൻലാലിനെ ശ്രീനിവാസൻ പരിചയപ്പെടുന്നത്. എമ്പുരാന്റെ കുതിപ്പിനിടെ ആ വാക്കുകൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

അന്ന് ഞാൻ സ്വാമീസ് ലോഡ്ജിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ ശ്രീനി എന്നൊരു വിളി കേട്ടു. നോക്കുമ്പോൾ സുരേഷ് കുമാർ ആണ്. പിൻകാലത്ത് നിരവധി സിനിമകൾ എടുത്തിട്ടുള്ള നിർമ്മാതാവാണ്. ഞങ്ങൾ നേരത്തെ പരിചയമുണ്ടായിരുന്നു. സുരേഷും ഞാനും സംസാരിച്ചു കൊണ്ടിരിക്കെ ഒരു തടിയൻ ഞൊണ്ടിക്കാലൻ ആ മുറിയിലേക്ക് കടന്നു വന്നു. അയാളും സുരേഷിന്റെ കൂടെ താമസിക്കുകയാണ്. സുരേഷ് അയാളെ എനിക്ക് പരിചയപ്പെടുത്തി.

എന്റെ സുഹൃത്താണ്. ഈ ഞൊണ്ടിക്കാല് ബൈക്ക് അപകടത്തിൽ പറ്റിയതാണ്. സിനിമയിൽ അഭിനയിക്കാൻ വന്നതാണ്. ഇയാൾ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. ഇല്ല എന്ന് അയാൾ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് അഭിനയം പഠിച്ചിട്ടുണ്ടോ? അതും ഇല്ല. എനിക്ക് ഉള്ളിൽ ചിരിയാണ് വന്നത്. മണ്ടശിരോമണി. ഇവിടെ ഒരുത്തൻ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം ശാസ്ത്രീയമായി പഠിച്ചിട്ടും ചൊറിയും കുത്തി നടക്കുന്നു. അപ്പോഴാണ് ഒരു പിണ്ണാക്കും അറിയാതെ ചുമ്മാ സിനിമയിൽ അഭിനയിക്കണം എന്നും പറഞ്ഞ് കേറി വന്നേക്കുന്നത്.

മോനെ ഇവിടെ കിടന്ന് പട്ടിണി കിടക്കാണ്ട് വേഗം സ്ഥലം വിട്ടോ, അവന്റെ മുഖം കണ്ടാൽ ബലൂൺ വീർപ്പിച്ചത് പോലുണ്ടേ എന്നൊക്കെ എന്റെ മനസിൽ തോന്നി. നിങ്ങളുടെ മേള എന്ന സിനിമ ഞാൻ കണ്ടു. നിങ്ങളുടെ അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് അയാൾ പറഞ്ഞു. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മറ്റുള്ളവർ എന്നെ പ്രശംസിക്കുന്നത്. എനിക്ക് സന്തോഷം തോന്നി. അയാളോട് ഒരു സോഫ്റ്റ് കോർണറും തോന്നി. സുഹൃത്തേ എന്താണ് നിങ്ങളുടെ പേര് എന്ന് ഞാൻ ചോദിച്ചു. അയാൾ പേര് പറഞ്ഞു, മോഹൻലാൽ.

ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ ഇറങ്ങിയതോടെ തടിയനും ഒരു വശം ചെരിഞ്ഞവനും ബലൂൺ വീർപ്പിച്ചത് പോലുള്ള മുഖമുള്ളവനുമായ ആ വിദ്വാൻ കേരളത്തിലെ പ്രേക്ഷകരെ അതിശയിപ്പിച്ചു. മോഹൻലാലിന് വലിയ നാടക അഭിനയ പാരമ്പര്യമില്ല. എന്നെപ്പോലെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുമില്ല. എന്നിട്ടും എന്തൊരു അഭിനയം. അതും ആദ്യ ചിത്രത്തിൽ തന്നെ. ആ സംഭവത്തോടു കൂടി ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രീയമായി അഭിനയം പഠിച്ച കാര്യം പുറത്ത് ആരോടും പറയാതായെന്നും ശ്രീനിവാസൻ പറയുന്നു.

കരിയറിന്റെ തുടക്കകാലത്തെ മോഹൻലാലിനെ ശ്രദ്ധിച്ച മമ്മൂട്ടിയെക്കുറിച്ചും ശ്രീനിവാസൻ സംസാരിക്കുന്നുണ്ട്. ‘മമ്മൂട്ടി അപ്പോൾ നായകനായി തിളങ്ങി നിൽക്കുകയാണ്. അങ്ങനെ ഒരു ദിവസം മദിരാശിയിലെ ഹോട്ടലിൽ വെച്ച് കണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു. ആ വിദ്വാനെ, മോഹൻലാലിനെ സൂക്ഷിക്കണം. അവൻ അടുത്ത് തന്നെ നായകനാകും എന്ന് മാത്രമല്ല എനിക്ക് ഒരു ഭീഷണിയാകാനും സാധ്യതയുണ്ട്. മോഹൻലാൽ വില്ലനായി നിൽക്കുമ്പോൾ ആണ് മമ്മൂട്ടിയുടെ ഈ ദീർഘവീക്ഷണത്തോടെയുള്ള കമന്റ്. അതിനർത്ഥം മമ്മൂട്ടി ചില്ലറക്കാരനല്ല എന്നാണ്” എന്നാണ് ശ്രീനിവാസൻ പറയുന്നത്.

അടുത്തിടെ, മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് വീണ്ടും വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുചിത്ര മോഹൻലാൽ പറഞ്ഞത്. രണ്ട് പേരും ഒന്നിച്ച സിനിമകൾ എല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നും ആ കോമ്പോ ഒന്നിക്കണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നുമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുചിത്ര പറഞ്ഞത്. ശ്രീനിവാസന്റെ നിലവിലെ ആരോഗ്യം അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ആരോഗ്യവാനായി തിരിച്ചുവന്നിട്ട് ഒന്നിച്ചൊരു സിനിമ ആഗ്രഹമുണ്ടെന്നും സുചിത്ര പറഞ്ഞു.

ചേട്ടനും ശ്രീനിവാസനും ഒന്നിച്ച സിനിമകൾ എല്ലാം ഒന്നിനൊന്ന് ഗംഭീരമാണല്ലോ. എല്ലാ മലയാളികൾക്കും ഇഷ്ടമുള്ളതുപോലെ ആ സിനിമകൾ എനിക്കും ഇഷ്ടമാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കണമെന്നും സിനിമ ചെയ്യണമെന്നും ആഗ്രഹമുണ്ട്. പക്ഷേ ശ്രീനിയേട്ടന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കില്ല.

ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞാൽ രണ്ടുപോരും ഒന്നിക്കുന്ന സിനിമയുണ്ടകും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. രണ്ടുപേരുടെയും സൗഹൃദം പണ്ടുമുതലേ കാണുന്ന നമുക്ക് അത് വീണ്ടും കാണാൻ പറ്റുകയെന്ന് പറഞ്ഞാൽ സന്തോഷം തരുന്ന കാര്യമാണ്. എന്തായാലും കാര്യങ്ങളൊക്കെ വരുന്നതുപോലെ വരട്ടെ എന്ന് തന്നെ ആഗ്രഹിക്കാം എന്നും സുചിത്ര പറഞ്ഞു.

മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും. തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒട്ടനവധി തവണ ഇരുവരുടെയും സിനികൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകൾ ഇപ്പോഴും നടക്കുന്നു, കരിയറിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉയർച്ച താഴ്ചകൾ വന്നും പോയുമിരിക്കുന്നു.

എന്നാൽ ഇതൊന്നും മോഹൻലാൽ-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിന്ന് കടന്ന് പോകുന്നത്. മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് തുടരെ പരാജയങ്ങളാണ്. ആരാധകർ ഇത് ചർച്ചയാക്കാറുണ്ടെങ്കിലും ഇതൊന്നും താരങ്ങളുടെ ആത്മബന്ധത്തെ ബാധിച്ചതേയില്ല. ‌1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.

പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. 1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി.

രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.

അടുത്തിടെ, മമ്മൂട്ടി മോഹൻലാൽ സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് നടി സുഹാസിനി പരാമർശിച്ചിരുന്നു. ഭർത്താവ് സംവിധായകൻ മണിരത്നം പറഞ്ഞ കാര്യങ്ങളാണ് സുഹാസിനി പങ്കുവെച്ചത്. മമ്മൂട്ടിയോട് കഥ പറയാൻ മണി അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ വന്ന് ഒരു വടിയെടുത്ത് മമ്മൂട്ടി അവനെ ഓടിച്ചു. ആരാണതെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ മമ്മൂട്ടി രണ്ട് അടി മമ്മൂട്ടി അവന് കൊടുത്ത കാര്യം മണി തന്നോട് പറഞ്ഞിരുന്നെന്ന് സുഹാസിനി ഓർത്തു.

ഇതേക്കുറിച്ച് മോഹൻലാലും സംസാരിക്കുകയുണ്ടായി. മലയാളത്തിലെ അഭിനേതാക്കൾ തമ്മിൽ കുടുംബ ബന്ധം പോലെയുള്ള ബന്ധമുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. നാൽപത് വർഷമായുള്ള സാഹോദര ബന്ധമാണ് മമ്മൂട്ടിയുമായെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഇരുവരും തമ്മിൽ മത്സരം ഉണ്ടോ, മമ്മൂട്ടിയെ നായകനാക്കി മോഹൻലാൽ സിനിമ സംവിധാനം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മോഹൻലാൽ മറുപടി പറഞ്ഞിരുന്നു.

ഞാനും ഇച്ചാക്കയും 55 സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. ഇപ്പോഴും സിനിമകൾ ചെയ്യാൻ തയ്യാറാണ്. എന്റെ സിനിമകളും അദ്ദേഹത്തിന്റെ സിനിമകളും വ്യത്യസ്തമാണ്. ഞങ്ങൾക്ക് മത്സരമില്ല. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുക, അങ്ങനെയൊരു സിനിമയുടെ പ്രൊഡക്ഷനൊക്കെ എളുപ്പമല്ല. ഞങ്ങൾക്ക് മത്സരിക്കേണ്ട കാര്യമില്ല. ഞങ്ങൾ സിനിമയിൽ വന്ന സമയം സിനിമയുടെ സുവർണ കാലമാണ്.

ഒരുപാട് സംവിധായകർ, കഥ, നിർമ്മാതാക്കൾ. ആ സമയത്ത് എത്തിപ്പെട്ടു എന്നതാണ് ഭാഗ്യം. എസ് പി പിള്ള, ശിവാജി സാർ, അമിതാഭ് ബച്ചൻ, പദ്മിനിയമ്മ, വേണു ചേട്ടൻ, ഗോപി ചേട്ടൻ അങ്ങനെ പലർക്കൊപ്പവും അഭിനയിച്ചു. ഇതിലൊന്നും മത്സരിക്കേണ്ട കാര്യമില്ല, മത്സരിച്ചാൽ കുഴപ്പമാകും. മമ്മൂട്ടി -മോഹൻലാൽ ചിത്രം എന്തുകൊണ്ട് വരുന്നില്ലെന്ന് ചോദിച്ചാൽ നമ്മുക്ക് അങ്ങനെയല്ലാതെ സിനിമകൾ ചെയ്യാനുണ്ട്. നാളെ അങ്ങനെയൊരു കഥയുമായി ഒരാൾ വന്നാൽ തീർച്ചയായും ആലോചിക്കും.

അപ്പോൾ അതിന്റെ പ്രൊഡക്ഷൻ, കോസ്റ്റ് എല്ലാം നോക്കേണ്ടതുണ്ട്. രണ്ട് പേരെ വെച്ച് ഒരു സിനിമ ചെയ്യുന്നതിന്റെ സാമ്പത്തികം അടക്കമുള്ള കാര്യങ്ങൾ നോക്കേണ്ടതുണ്ട്. മമ്മൂട്ടിയുമായി വളരെ സ്നേഹത്തിലും സൗഹൃദത്തിലുമാണ് പോകുന്നത്. എപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്. ഞങ്ങളുടെ മക്കളും കുടുംബം പോലെ തന്നെയാണ്. എല്ലാ ദിവസും രാവിലെ മമ്മൂട്ടിയെ വിളിക്കുമെന്നല്ല. എനിക്കൊരു ആവശ്യം വരുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും കാര്യം അറിയണമെങ്കിലുമൊക്കെ അദ്ദേഹത്തെ വിളിക്കാറുണ്ട് അദ്ദേഹം തിരിച്ചും എന്നും മോഹൻലാൽ പറഞ്ഞു.

More in Malayalam

Trending

Recent

To Top