Actor
എന്റെ മോനായാണ് ഞാൻ ലാലിനെ കാണുന്നത്, പൊന്നമ്മ ചേച്ചി അടുത്തുണ്ടെങ്കിൽ സ്വന്തം അമ്മ അടുത്തുള്ളതുപോലെ തോന്നുമെന്ന് മോഹൻലാലും
എന്റെ മോനായാണ് ഞാൻ ലാലിനെ കാണുന്നത്, പൊന്നമ്മ ചേച്ചി അടുത്തുണ്ടെങ്കിൽ സ്വന്തം അമ്മ അടുത്തുള്ളതുപോലെ തോന്നുമെന്ന് മോഹൻലാലും
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കവിയൂർ പൊന്നമ്മ. ഏത് നടന്മാരുടെ അമ്മയായി എത്തിയാലും അത്രയേറെ മനോഹരമായാണ് ആ കോംബോയെ പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ അതിലെല്ലാം മികച്ചത് മോഹൻലാലും കവിയൂർ പൊന്നമ്മയും അമ്മ-മകൻ ആയി എത്തിയതാണ്. ഭൂരിഭാഗം സിനിമകളിലും മോഹൻലാലിന്റെ അമ്മ വേഷം ചെയ്തത് കവിയൂർ പൊന്നമ്മ തന്നെയാണ്.
സിനിമയ്ക്ക് പുറത്തും മോഹൻലാലിന് പൊന്നമ്മയോട് വളരെയേറെ അടുപ്പമുണ്ട്. സ്വന്തം അമ്മയെ പോലെയാണ് മോഹൻലാൽ കവിയൂർ പൊന്നമ്മയെ കാണുന്നത്. മോഹൻലാലിനെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന് രണ്ട് അമ്മമാരാണ്. യഥാർത്ഥ ജീവിതത്തിലെ അമ്മയും സിനിമയിലെ അമ്മയായ കവിയൂർ പൊന്നമ്മയും. പൊന്നമ്മ ചേച്ചി അടുത്തുണ്ടെങ്കിൽ സ്വന്തം അമ്മ അടുത്തുള്ളതുപോലെ തോന്നുമെന്നാണ് മോഹൻലാലും പറയാറുള്ളത്.
ഇപ്പോഴിതാ നടിയുടെ വേർപാടിന് പിന്നാലെ ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാട്ടിൻപ്പുറത്തെ സ്ത്രീകൾ എല്ലാം വിശ്വസിച്ചിരുന്നത് ഞാൻ മോഹൻലാലിന്റെ അമ്മയാണെന്നാണ്. ചിലർ ചോദിക്കും… മോനെ കൊണ്ടുവന്നില്ലേയെന്ന്. ആദ്യമൊന്നും എനിക്ക് ഇവർ എന്താണ് ചോദിക്കുന്നതെന്ന് മനസിലാകുമായിരുന്നില്ല.
ഞാൻ പറയും… മോൻ വന്നില്ലാ…തിരക്കിലാണ് എന്നൊക്കെ. ലാലിന്റെ കുടുംബവുമായും എനിക്ക് നല്ല അടുപ്പമാണ്. ലാലിന്റെ അമ്മയുമായി അത്രയ്ക്കും അടുപ്പമാണ്. ഞാൻ ഇടയ്ക്കിടയ്ക്ക് ലാലിന്റെ അമ്മയെ കാണാനായി പോകാറുണ്ട്. അവർ സുഖമില്ലാതെ ഇരിക്കുകയാണ്. വീട്ടിൽ പോയാൽ എന്നെ വട്ടംചുറ്റി കെട്ടിപ്പിടിക്കും. ഇഷ്ടത്തിന്റെ മാക്സിമം അവർ കാണിക്കും.
എനിക്കും അവരെ ഇഷ്ടമാണ്. എന്തൊരു നല്ല സ്ത്രീയാണ്. എന്താണ് ഈ ഈശ്വരൻ ചെയ്യുന്നത് നല്ലവരെയൊക്കെ ഇട്ട് വിഷമിപ്പിക്കുന്നുവല്ലോയെന്ന് തോന്നും. ലാലിന്റെ അച്ഛനും എന്നോട് നല്ല അടുപ്പമായിരുന്നു. അവരോടാണ് ലാലിനെക്കാളും എനിക്ക് ഇഷ്ടമെന്ന് ചിലപ്പോൾ തോന്നും.
എന്റെ മോനായാണ് ഞാൻ ലാലിനെ കാണുന്നത്. എത്ര സിനിമകളിലാണ് അമ്മേ… അമ്മേ എന്ന് വിളിച്ചിരിക്കുന്നത്. കിരീടത്തിൽ ഒരു സീനിൽ ഡയലോഗ് പറയാൻ കഴിയാതെ ഞാൻ വിങ്ങിപ്പോയ ഒരു സീനുണ്ട്. ലാൽ വീട്ടിൽ കയറി വരുമ്പോൾ തിലകൻ ചേട്ടൻ എനിക്ക് ഇവിടെ വേറെ മക്കളുണ്ട് ഇറങ്ങി പോടായെന്ന് പറയുന്നുണ്ട്.
എന്നെ ഒന്ന് നോക്കി തിരിഞ്ഞ് നടക്കും. അപ്പോൾ പുറകെ ഓടി വന്നിട്ട് മോനെ നീ എങ്ങോട്ടാണ് പോകുന്നതെന്ന് പറഞ്ഞിട്ട് എന്തോ ചോദിക്കും. അപ്പോൾ ലാൽ പറയുന്ന ഒരു ഡയലോഗുണ്ട്. ജീവിതം എന്റെ കയ്യിൽ നിന്നും വിട്ടു പോകുന്നു അമ്മേയെന്ന് ഒരു ഡയലോഗ് പറയുന്നുണ്ട്. അത് കേട്ടപ്പോൾ എനിക്ക് ഒരുമാതിരി വിങ്ങലായി എന്നാണ് കവിയൂർ പൊന്നമ്മ പറഞ്ഞത്.
അതേസമയം, വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് കവിയൂർ പൊന്നമ്മ അന്തരിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ തീവ്രവരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മോഹൻലാൽ കവിയൂർ പൊന്നമ്മയെ കാണാനായി ആശുപത്രിയിലെത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
1945 ൽ പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ മകളായി ആണ് താരം ജനിക്കുന്നത്. ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു പൊന്നമ്മ. അന്തരിച്ച നടി കവിയൂർ രേണുക ഇളയസഹോദരിയാണ്. 1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറിൽപരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നീണ്ട അറുപതാണ്ടു കൊണ്ട് എഴുനൂറിൽപരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. 2021 ൽ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂർ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ.