Malayalam
വയനാടിന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ സഹായവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ
വയനാടിന് ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയുടെ സഹായവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ
വയനാട്ടിലെ ഉരുൾപൊട്ടലിന്റെ വേദനയിൽ നീറുന്നവർക്ക് സഹായവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തി അയ്യായിരം രൂപ ഇവർ സംഭാവനയായി നൽകി. മാത്രമല്ല, ദുരിത ബാധിത പ്രദേശങ്ങളിലേക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന അവശ്യ സാധനങ്ങളും എത്തിച്ചു നൽകി.
കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന് ആണ്സംഭാവന കൈമാറിയത്. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ടിൻ്റു മാത്യു, സുഗീത് എസ്, പ്രജിത്ത് പി, രാജൻ വെളിമുക്ക് എന്നിവർ നേതൃത്വം നൽകി.
അതേസമയം, മോഹൻലാൽ അദ്ദേഹം പ്രവർത്തിക്കുന്ന മദ്രാസ് ഇൻഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്.
ദുരിതാശ്വസ നിധിയിലേയ്ക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നൽകുമെന്നും സ്കൂളിന്റെ പുനർനിർമാണം വിശ്വശാന്തി ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മോഹൻലാൽ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. ‘വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്‌നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.