Connect with us

അമ്മയുടെ തലപ്പത്തേയ്ക്ക് ഇനി താനില്ലെന്ന് മോഹൻലാൽ

Malayalam

അമ്മയുടെ തലപ്പത്തേയ്ക്ക് ഇനി താനില്ലെന്ന് മോഹൻലാൽ

അമ്മയുടെ തലപ്പത്തേയ്ക്ക് ഇനി താനില്ലെന്ന് മോഹൻലാൽ

ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ വന്ന ആരോപണങ്ങൾക്കും പിന്നാലെ മലയാള താര സംഘടനയായ അമ്മ പിരിച്ചു വിട്ടിരുന്നു. മോഹൻലാൽ പ്രസിഡന്റും സിദ്ദീഖ് ജനറൽ സെക്രട്ടറിയുമായിട്ടുള്ള ഭരണ സമിതിയാണ് പിരിച്ചു വിട്ടത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്. എക്സിക്യൂട്ടീവ് അം​ഗങ്ങളായ സിദ്ദീഖ്, ബാബുരാജ് എന്നിവർക്കെതിരെയാണ് പ്രധാനമായും ലൈം ഗികാരോപണങ്ങൾ ഉയർന്നത്.

നിലവിൽ നേതൃത്വം അഡ്ഹോക് കമ്മിറ്റിയായി നിന്നാണ് സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂട്ടരാജിയുണ്ടായപ്പോൾ ഇനി ആര് നേതൃസ്ഥാനത്ത് വരണമെന്നതിനെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. നിരവധി പേരുകൾ ഉയർന്ന് വന്നിരുന്നുവെങ്കിലും സംഘടനയിലെ അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേരും മോഹൻലാൽ തിരിച്ച് വരണമെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്.

അ‌മ്മ തിരിച്ചുവരവിന്റെ പാതയിലാണെന്നും പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അടുത്തിടെ സുരേഷ് ​ഗോപി പറഞ്ഞപ്പോഴും മോഹൻലാൽ തലപ്പത്തേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ആശ്വസത്തിലുമായിരുന്നു അം​ഗങ്ങൾ. എന്നാൽ ഇപ്പോഴിതാ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.

അമ്മ സംഘടനയുടെ ഭാരവാഹിയാകാൻ ഇനി താനില്ലെന്ന് തന്നെയാണ് നടൻ സഹപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും താരത്തോട് പറഞ്ഞുവെന്നും ചില റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അതിനാൽ തന്നെ സംഘടനയുടെ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിലായിരിക്കും നടക്കുക. അപ്പോഴായിരിക്കും പുതിയ ഭരണസമിതിയേയും തെരഞ്ഞെടുക്കുക.

ഒരു വർഷത്തേക്കാണ് താൽക്കാലിക കമ്മിറ്റിക്ക് സംഘടനയുടെ ചുമതല. കേരളപ്പിറവിയോടനുബന്ധിച്ച് സംഘടനയുടെ കൊച്ചിയിലെ ആസ്ഥാനത്ത് അം​ഗങ്ങളായ താരങ്ങൾ ഒത്തുചേർന്നിരുന്നു. സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ അന്ന് നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷവും സഹപ്രവർത്തകർക്കെതിരെ ലൈം ഗികാരോപണങ്ങൾ ഉയർന്നപ്പോൾ മോഹൻലാൽ പ്രതികരിക്കാതിരുന്നതും വിമർശനങ്ങൾക്ക് കാരണമായിരുന്നു. റിപ്പോർട്ട് പുറത്ത് വന്ന് കുറച്ച് ദിവസങ്ങൾക്കുശേഷമാണ് മോഹൻലാൽ പ്രതികരിച്ചത്. മാത്രമല്ല അന്ന് താരം നൽകിയ മറുപടികളിൽ പ്രേക്ഷകർ തൃപ്തരുമായിരുന്നില്ല. വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്.

ദയവ് ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ. അത് നിശ്ചലമായിപ്പോകും. കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആർക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണം എന്നാണ് താരം മുമ്പ് പറഞ്ഞത്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്. എന്നാൽ ഒരു മാസത്തിനുള്ളിൽ സംഘടന പിരിച്ചുവിടുകയായിരുന്നു. അതേസമയം അടുത്ത ജൂൺ വരെ അഡ്‌ഹോക്ക് കമ്മിറ്റിക്ക് തുടരാം എന്നാണ് ബൈലോയിൽ പറഞ്ഞിട്ടുള്ളത് എന്നാണ് സംഘടനയിലെ ഒരു ഭാരവാഹിയെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. അതിനാലാണ്് തിടുക്കപ്പെട്ട് ജനറൽബോഡി വിളിക്കാത്തത് എന്നാണ് അദ്ദേഹം പറയുന്നു.

ഇതോടെ ജൂൺ വരെ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും സംഘടനാ കാര്യങ്ങൾ തീരുമാനിക്കുക. നേതൃസ്ഥാനത്തേക്ക് വരാൻ താരങ്ങൾക്കിടയിൽ താൽപര്യക്കുറവ് ഉണ്ട് എന്നാണ് വിവരം. പതിറ്റാണ്ടുകളോളം അമ്മ പ്രസിഡന്റായിരുന്ന ഇന്നസെന്റ് സ്ഥാനമൊഴിഞ്ഞതോടെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.കഴിഞ്ഞ രണ്ട് തവണയും മോഹൻലാൽ എതിരില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. മൂന്ന് വർഷം കൂടുമ്പോഴാണ് അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

More in Malayalam

Trending