Connect with us

വിവാഹത്തിനായി മാറ്റിവെച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; നവദമ്പതികൾ നാടിന് അഭിമാനം: എം. സ്വരാജ്…

Malayalam

വിവാഹത്തിനായി മാറ്റിവെച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; നവദമ്പതികൾ നാടിന് അഭിമാനം: എം. സ്വരാജ്…

വിവാഹത്തിനായി മാറ്റിവെച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്; നവദമ്പതികൾ നാടിന് അഭിമാനം: എം. സ്വരാജ്…

കഴിഞ്ഞ ദിവസമായിരുന്നു നടൻ മണികണ്ഠൻ ആചാരിയുടെ വിവാഹം. കൊറോണയുടെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെെമാറുകയായിരുന്നു. ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകിയ മണികണ്ഠനും നവവധുവും നാടിനാകെ അഭിമാനമായി മാറിയിരിക്കുന്നുവെന്ന എം. സ്വരാജ് എംഎൽഎ.

വിവാഹ ചിലവുകൾക്കായി കരുതി വെച്ച തുകയിൽ നിന്നും 50,000 രൂപ വിവാഹ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നവദമ്പതികൾ സംഭാവന നൽകിയെന്ന് സ്വരാജ് പറ‍ഞ്ഞു.
എം. സ്വരാജിന്റെ വാക്കുകൾ:

നമ്മൾ അതിജീവിക്കും ….

ലോകമാകെ മനുഷ്യരൊന്നായി പൊരുതുകയാണ് . മഹാമാരിയെ ചെറുക്കാൻ ഓരോരുത്തരും അവരവർക്കാവും വിധം പ്രയത്നിക്കേണ്ട സമയമാണിത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കഴിയാവുന്ന സംഭാവനകൾ നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ഹൃദയം കൊണ്ടാണ് കേരളം കേട്ടത്.

കമ്മട്ടിപ്പാട ‘ത്തിലൂടെ ചലച്ചിത്രാസ്വാദകരുടെ മനംകവർന്ന ചലച്ചിത്ര താരം ശ്രീ മണികണ്ഠന്റെ വിവാഹമായിരുന്നു ഇന്ന്‌. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് വിവാഹം നടത്തിയത്. വിവാഹ ചിലവുകൾക്കായി കരുതി വെച്ച തുകയിൽ നിന്നും 50,000 രൂപ വിവാഹ വേദിയിൽ വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നവദമ്പതികൾ സംഭാവന നൽകി. തൃപ്പൂണിത്തുറക്കാരനായ മണികണ്ഠനും നവവധുവും നമ്മുടെ നാടിനാകെ അഭിമാനമായി മാറിയിരിക്കുന്നു.

പ്രളയകാലത്ത് ഏഴു പവനോളം തൂക്കമുള്ള സ്വർണമാല ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത മരടിലെ ശ്രീമതി ജൂബിലിയുടെ ഭർതൃമാതാവ് 83 വയസുള്ള ശ്രീമതി വള്ളി കുമാരൻ ഇന്നു കാലത്ത് അവരുടെ സ്വർണാഭരണങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് തരികയുണ്ടായി. മൂന്നു പവൻ തൂക്കമുള്ള രണ്ടു വളയും മോതിരവുമാണ് സന്തോഷത്തോടെ ആ അമ്മ നൽകിയത്. പ്രളയകാലത്ത് തന്റെ വാർദ്ധക്യകാല പെൻഷനും ഇതുപോലെയവർ സംഭാവന ചെയ്തിരുന്നു.

മണികണ്ഠന്റെ വിവാഹ വേദിയിൽ നിന്നും സംഭാവന കൈപ്പറ്റിയ ശേഷം മടങ്ങുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു ഫോൺ കോൾ വന്നത്. മരട് സ്വദേശിയായ ശ്രീ.രഞ്ജിത്താണ് വിളിയ്ക്കുന്നത്. മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ: കെ.കെ. ദിവാകരന്റെ മകനാണദ്ദേഹം. സർവീസിൽ നിന്നും വിരമിച്ച ശേഷം പിതാവിന്റെ പേരിൽ ഒരു ഫൗണ്ടേഷൻ രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന അദ്ദേഹത്തിന് ലോക്ക്ഡൗണിന് മുമ്പ് ഫീസിനത്തിൽ ലഭിച്ച 10,100 രൂപ സംഭാവന നൽകാൻ താൽപര്യമുണ്ടെന്ന് പറയാനാണ് വിളിച്ചത്. അദ്ദേഹത്തിന്റെ വീട്ടിലെത്തി ചെക്ക് സ്വീകരിച്ചു.

നേരെ പോയത് പൂത്തോട്ടയിലേയ്ക്കാണ് അവിടെ കർഷകനും കർഷക സംഘം നേതാവുമായ സ. എം.പി നാരായണ ദാസ് തന്റെ കൃഷിയിടത്തിലെ തെങ്ങുകളിൽ നിന്നും ഇത്തവണ ലഭിച്ച ആദായം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. 12,500 തേങ്ങയാണ് അദ്ദേഹം നൽകിയത്. ബഹു . കൃഷി വകുപ്പു മന്ത്രി സ. വി. എസ്. സുനിൽകുമാറും , സി പി ഐ (എം) ജില്ലാ സെക്രട്ടറി സ. സി എൻ.മോഹനനും ചേർന്നാണ് നാളികേരം ഏറ്റുവാങ്ങിയത്.

മരട് സ്വദേശികളായ ദമ്പതികൾ ഐ.ജി ശിവജിയും ടി.പി സലോമിയും ഇരുവരുടെയും ഒരു മാസത്തെ പെൻഷൻ തുകയായ 46,943 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകിയത്. ഇന്നു രാവിലെ ചെക്കുകൾ കൈമാറി.

വൈറ്റില പൊന്നുരുന്നിയിലെ കാട്ടുനിലത്ത് ഷിൻസി സുരേന്ദ്രൻ തന്റെ ജന്മദിനാഘോഷം വേണ്ടെന്നു വെച്ച് ആഘോഷത്തിന്നായി കരുതിയിരുന്ന 10001 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി .

നെട്ടൂരിലെ 86 വയസുള്ള ഭിന്നശേഷിക്കാരിയായ സരസ്വതി ബ്രാഹ്മണിയമ്മ തന്റെ രണ്ടു മാസത്തെ വികലാംഗ പെൻഷനാണ് ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ നൽകിയത്.

നെട്ടൂരിൽ തന്നെയുള്ള കെ.പി ഷൺമുഖനും തന്റെ രണ്ടു മാസത്തെ വാർദ്ധക്യകാല പെൻഷൻ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് നൽകി. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തുന്നയാളാണ് ഷൺമുഖൻ . ലോക്ക് ഡൗണായതിനാൽ ലോട്ടറി കച്ചവടം നിലച്ചിരിയ്ക്കുമ്പോഴും തൻ്റെ വാർദ്ധക്യകാല പെൻഷൻ നാടിനു വേണ്ടി നൽകാൻ സ്വമേധയാ അദ്ദേഹം മുന്നോട്ടു വരികയായിരുന്നു.

നെട്ടൂരിലെ താമരക്കുളത്ത് ശ്രീമതി .കെ .ടി.രാധ തന്റെ വാർദ്ധക്യകാല പെൻഷൻ കുടിശിക സഹിതം സർക്കാർ അനുവദിച്ചത് പൂർണമായി ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി. 8,500 രൂപയാണ് സംഭാവനയായി നൽകിയത്.

എരൂർ അമേപ്പുറത്ത് വീട്ടിൽ തിബിൻ കുമാറിന്റെ മക്കളായ സ്വാതിയും ശ്രുതിയും തങ്ങൾക്ക് കിട്ടിയ വിഷുക്കൈനീട്ടവും സമ്പാദ്യക്കുടുക്കയിലെ പണവും പടക്കം പൊട്ടിയ്ക്കാൻ മാറ്റി വെച്ച തുകയും ചേർത്ത് 5,010 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

ഉദയംപേരൂരിലെ നെട്ടാനക്കുഴിയിൽ ഘോഷ് കുമാറിന്റെ മക്കളായ മീനാക്ഷിയും മാളവികയും തങ്ങൾക്ക് വിഷുക്കൈനീട്ടമായി കിട്ടിയ 2400 രൂപയും അമ്മൂമ്മ കനകമ്മയുടെ വാർദ്ധക്യകാല പെൻഷനും ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

പനങ്ങാട് ചേപ്പനത്ത് സി പി ഐ (എം) ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണന്റെ മകൾ നിളയ്ക്ക് വിഷുക്കൈനീട്ടമായി ലഭിച്ച 1180 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

എരൂരിലെ അയൽക്കാരായ കൊച്ചു കൂട്ടുകാർ കാർത്തിക D/o ജയേഷ്,

നിരഞ്ജന ബൈജു D/o ബൈജു ,

അനന്തു രാജീവൻ s/o രാജീവൻ ,

ജിറോഷ് എം എക്സ് s/o സേവ്യർ ,

മാധവ് പ്രകാശ് s/o സന്തോഷ് ,

ക്രിസ്റ്റി സേവ്യർ s/o സേവ്യർ എന്നിവർ തങ്ങളുടെ വിഷുക്കൈനീട്ടമായി 730 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

തിരുവാങ്കുളം സ്വദേശി മധു മാധവന്റെ മകൾ നക്ഷത്ര മധുവിന് വിഷുക്കൈനീട്ടമായി ലഭിച്ച 1000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി.

പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി കൂടിയായ തൃപ്പൂണിത്തുറയിലെ ശ്രീ.രാമചന്ദ്രൻ നായർ പെൻഷനിൽ നിന്നും 15,000 രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്. എല്ലാ പെൻഷൻകാരും ആവുംവിധം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകണമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് അഭ്യർത്ഥിയ്ക്കുന്നു.

അഭിഭാഷകനായ നെട്ടൂരിലെ ടി.ആർ. ഹരികൃഷ്ണൻ 5000 രൂപ സംഭാവന നൽകി.

സഹോദരി ടി.ആർ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള കമൽ റസ്റ്റ് ഹൗസ് പൂർണമായും ആരോഗ്യ പ്രവർത്തകർക്ക് താമസിയ്ക്കാൻ സൗജന്യമായി വിട്ടു നൽകാനുള്ള സമ്മതപത്രവും നൽകി.

എരൂർ കണിയാമ്പുഴയ്ക്കടുത്ത് താമസിയ്ക്കുന്ന പെൻഷൻകാരനായ പാലപ്പറമ്പിൽ അനിയപ്പൻ 15,000 രൂപ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സന്തോഷത്തോടെ കൈമാറി.

ഷിപ്പ് യാർഡിലെ ഫയർ വാച്ച്മാനായ നെട്ടൂർ വെളിപറമ്പിൽ വി.കെ സുരേഷ് 5000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സന്തോഷപൂർവം കൈമാറി.

ബാലസംഘം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയിലെ കൂട്ടുകാർ 25000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി.

തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിൻ്റെയും ജീവനക്കാരുടെയും സംഭാവനയായി 30 ,90 ,502 രൂപ ബാങ്ക് ചെയർമാൻ സ. സി.എൻ സുന്ദരൻ കൈമാറി.

ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഉദയംപേരൂർ എസ്എൻഡിപി ഹയർ സെക്കന്റെറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഇ.ജി ബാബുവിന്റെ ഫോൺ കോൾ വന്നത് .

അധ്യാപകൻ എന്ന നിലയിൽ ഈ മാസത്തെ ശമ്പളം കൈപ്പറ്റുന്നത് ജോലി ചെയ്യാതെയാണെന്നും ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് ശരിയല്ലെന്നും

ആ തുക പൂർണമായും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്കു നൽകാൻ ഉദ്ദേശിയ്ക്കുന്നുവെന്നുമാണ് ബാബു മാഷ് പറഞ്ഞത്.

അദ്ദേഹത്തോടൊപ്പം ഭാര്യയും ഹൈസ്ക്കൂൾ വിഭാഗം അധ്യാപികയുമായ ശ്രീമതി എൻ.എസ്. അജിതയും ഈ മാസത്തെ ശമ്പളം പൂർണമായും നാടിനു വേണ്ടി നൽകുകയാണ്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൻ.സി .ബീനയും തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചു . നാളെ കാലത്ത് മൂന്നു പേരിൽ നിന്നും ദുരിതാശ്വാസ നിധിയിലേയ്ക്ക് അവരുടെ ഒരു മാസത്തെ ശമ്പളം ഏറ്റുവാങ്ങും. മാതൃകകൾ തീർക്കുന്ന അധ്യാപകരുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങൾക്കിടയിലാണ് ബാബു മാഷും ബീന ടീച്ചറും അജിത ടീച്ചറും ശരിയായ അധ്യാപക മാതൃക സൃഷ്ടിയ്ക്കുന്നത്.

ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള സംഭാവന ജനപ്രതിനിധി എന്ന നിലയിൽ എന്റെ കയ്യിലേൽപിച്ചവരുടെ വിവരമാണ് മുകളിൽ കൊടുത്തത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ നല്ലവരായ നൂറുകണക്കിനാളുകൾ ബാങ്ക് വഴിയും മറ്റും ദുരിതാശ്വാസ നിധിയിലേയ്ക്ക് അകമഴിഞ്ഞ സംഭാവനകൾ ഇതിനോടകം നൽകിയിട്ടുണ്ട്. പലരും ആ വിവരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. നാം നമ്മുടെ കടമ നിർവഹിക്കുകയാണ്.

മുകളിൽ പേരു പറഞ്ഞവരാരും കോടീശ്വരന്മാരല്ല. സാധാരണക്കാരാണ്. പാവപ്പെട്ടവരാണ്. നാടിന്റെയും സഹജാതരുടെയും സങ്കടം കണ്ടപ്പോൾ വ്യക്തിപരമായ ദു:ഖങ്ങൾ മാറ്റി വച്ച് മറ്റുള്ളവർക്കു വേണ്ടി ഉള്ളതെല്ലാമെടുത്ത് തന്നവരാണ് …ക്ഷേമപെൻഷൻ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന അമ്മൂമ്മമാരും അപ്പൂപ്പൻമാരും വിഷുക്കൈനീട്ടവുമായി ഓടിയെത്തുന്ന കുഞ്ഞുങ്ങളുമുള്ള ഈ നാടെങ്ങനെയാണ് തോൽക്കുക ?

ഇല്ല , നമ്മൾ തോൽക്കില്ല .

നമ്മളൊരുമിച്ച് അതിജീവിയ്ക്കും.

എം. സ്വരാജ് .

mnikandan achari

Continue Reading
You may also like...

More in Malayalam

Trending

Recent

To Top