Connect with us

മലയാളത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങൾ

Malayalam

മലയാളത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങൾ

മലയാളത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങൾ

മലയാള സിനിമാതാരങ്ങൾക്ക് അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടുന്നതുപോലെ തമിഴിലും ഹോളിവുഡിലും ബോളിവുഡിലുമുള്ള താരങ്ങൾക്കും മലയാള സിനിമ ലോകത്ത് അഭിനയിക്കാൻ അവസരം ലഭിക്കാറുണ്ട്. അങ്ങനെ മലയാള സിനിമാലോകത്ത് അവരുടെ അഭിനയപാടവം തെളിയിക്കാൻ ബോളിവുഡിൽ നിന്നെത്തിയ നിരവധി താരനിര തന്നെയുണ്ട്. അമിതാഭ്ബച്ചൻ, സുനില്‍ ഷെട്ടി, ജാക്കി ഷെറഫ്, അനുപം ഖേര്‍, തബു, ജൂഹി ചൗള, ഉർമിള മാതോന്ദ്കർ തുടങ്ങിയ താരങ്ങൾക്ക് പുറമെ നിരവധി നായികാ നായകന്മാർ ബോളിവുഡിൽ നിന്നും മലയാള സിനിമാലോകത്തേയ്ക്ക് എത്തിയിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ ചെയ്തവരും അതിഥി റോളുകളിൽ എത്തിയവരുമുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് കാണ്ഡഹാര്‍. 1999ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനറാഞ്ചലുമായി ബന്ധപ്പെട്ടാണ് ചിത്രം കഥ പറയുന്നത്. അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അനുപം ഖേര്‍ മലയാളത്തിലെത്തിയത് ബ്ലെസ്സി ഒരുക്കിയ പ്രണയം എന്ന ചിത്രത്തിലൂടെയാണ്. മോഹൻലാലും അനുപം ഖേറുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരുടെ നായികയായി അഭിനയിച്ചത് ജയപ്രദ ആയിരുന്നു.

1996ല്‍ പുറത്തിറങ്ങിയ കാലാപാനി,2000ത്തില്‍ പുറത്തിറങ്ങിയ കവര്‍ സ്റ്റോറി, 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ട്, 2011ല്‍ പുറത്തിറങ്ങിയ ഉറുമി തുടങ്ങിയവയാണ് തബു അഭിനയിച്ച മലയാള ചിത്രങ്ങള്‍. 2003-ൽ പുറത്തിറങ്ങിയ ‘ ഭൂം’ എന്ന ചിത്രത്തിലൂടെയാണ് കത്രീന ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഐ വി ശശി സംവിധാനം ചെയ്ത ബൽറാം വി എസ് താരാദാസ് ആണ് കത്രീന അഭിനയിച്ച മലയാള ചിത്രം. ചിത്രത്തില്‍ സുപ്രിയ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

ബോളിവുഡ് താരമായ സുനില്‍ ഷെട്ടിഅഭിനയിച്ച മലയാള ചിത്രങ്ങൾ മോഹൻലാൽ നായകനായ കാക്കക്കുയില്‍, ശ്വേത മേനോന്‍ നായികയായി എത്തിയ കളിമണ്ണ് തുടങ്ങിയവയാണ്. ഈ ചിത്രങ്ങളിൽ സുനില്‍ ഷെട്ടി അതിഥി താരമായാണ് എത്തിയത്. കാവ്യ മാധവന്‍, ജയസൂര്യ എന്നിവര്‍ അഭിനയിച്ച അതിശയന്‍ എന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ജാക്കി ഷെറഫ് അഭിനയിച്ചത്.

1998ല്‍ പ്രദർശനെത്തിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലൂടെയാണ് ജൂഹി ചൗള മലയാളത്തില്‍ എത്തിയത്. മമ്മൂട്ടിയും മോഹൻലാലും നായകന്മാരായി എത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. 1980 ൽ ഒരു ബാലതാ‍രമായിട്ടാണ് ഉർമിള ആദ്യമായി അഭിനയിച്ചത്. പിന്നീട് 1991 ൽ ഒരു നായിക വേഷത്തിൽ നരസിംഹ ന്ന ചിത്രത്തിൽ അഭിനയിച്ചു. ഉർമിളയെ മുൻ നിര ഹിന്ദിചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയ ചിത്രം 1995 ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ്. ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസനോടൊപ്പവും ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവും ഉർമ്മിള മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്.

മനീഷ കൊയ്‌രാള അഭിനയ ജീവിതം തുടങ്ങിയത് ഒരു നേപ്പാളി ചിത്രമായ ഫേരി ഭേട്ടുല എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ്. ബോളിവുഡ് ചലച്ചിത്രമേഖലയിൽ ആദ്യമായി അഭിനയിച്ചത് സുഭാഷ് ഘായ് സംവിധാനം ചെയ്ത സൌദാഗർ എന്ന ചിത്രത്തിലൂടെയാണ്. 1994ൽ പുറത്തിറങ്ങിയ വിധു വിനോദ് ചോപ്ര ചിത്രമായ എ ലവ് സ്‌റ്റോറി മനീഷയുടെ കരിയറിലെ വഴിത്തിരിവായി.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇലക്ട്ര ആണ് മനീഷ കൊയ്‌രാള അഭിനയിച്ച മലയാള ചിത്രം.

ബോളിവുഡിലെ നടിയായ പ്രിയ ഗിൽ തമിഴിലും കന്നഡയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ചിട്ടുള്ള 1996 ലെ തേരേ മേരെ സപ്നെ എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി അഭിനയിച്ചിട്ടുള്ളത്. കൂടാതെ സർഫ് ടും, ജോഷ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മേഘം ആണ് മലയാളത്തിൽ പ്രിയ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ദിലീപിന്റെ നായികയായാണ്‌ താരം എത്തിയത്.

സറീനാ വഹാബ് അഭിനയ ജീവിതം തുടങ്ങുന്നത് ചലച്ചിത്രനിർമാതാവ് രാജ് കപൂറിനോടൊപ്പം ആണ്.1976 ൽ ബാസു ചാറ്റർജിയുടെ ചിത് ചോർ എന്ന ചിത്രത്തിൽ അഭിനയിച്ചു. ചാമരം,മദനോത്സവം, പാളങ്ങള്‍,ആദാമിന്റെ മകന്‍ അബു തുടങ്ങിയവയാണ് സറീനാ അഭിനയിച്ച മലയാള ചിത്രങ്ങള്‍. ഒരു ഇടവേളക്കു ശേഷം കലണ്ടർ എന്ന മലയാളച്ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് സറീനാ വഹാബ് ചലച്ചിത്ര ലോകത്തേക്ക് തിരിച്ചു വന്നു. ഇന്ത്യന്‍ ചലച്ചിത്ര വേദിയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ്‌ ജയപ്രദ. കന്നട, തെലുഗു, ഹിന്ദി ചിത്രങ്ങൾക്ക് പുറമേ മലയാള സിനിമയിലും അഭിനയിച്ചു. മലയാളത്തിൽ മോഹൻലാൽ നായകനായ ‘ദേവദൂതൻ’, ‘പ്രണയം’ എന്നീ സിനിമകളിലൂടെയാണ് ജയപ്രദ സുപരിചിതയെങ്കിലും മലയാളത്തിൽ അരങ്ങേറിയത് മമ്മൂട്ടി ചിത്രമായ ‘ഇനിയും കഥ തുടരും’ എന്ന സിനിമയിലൂടെയാണ്.

മോഡലിംഗ് രംഗത്ത് കരിയർ തുടങ്ങിയ നമ്രത ശിരോദ്കര്‍ ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മമ്മൂട്ടി നായകനായ ഏഴുപുന്നതരകൻ എന്ന ചിത്രത്തിലെ നായികയായിട്ടാണ് നമ്രത ശിരോദ്കര്‍ മലയാളത്തിലെത്തിയത്. ചിത്രത്തിൽ അശ്വതി വർമ്മ എന്ന കഥപാത്രത്തെയാണ് നമ്രത ശിരോദ്കര്‍ അവതരിപ്പിച്ചത്. ബോളിവുഡ് ചലച്ചിത്രനടിയായ ജെനീലിയ ഡിസൂസ 2003ല്‍ പ്രദര്‍ശനത്തിനെത്തിയ തുജെ മേരി കസം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയാവുന്നത്. റിതേഷ് ദേശ്മുഖായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ശ്രദ്ധ ചെലുത്തിയ താരം 2007ൽ പ്രദർശനത്തിനെത്തിയ മേരെ ബാപ് പെഹ് ലെ ആപ് എന്നചിത്രത്തിലൂടെയാണ് ബോളിവുഡ് രംഗത്തേക്ക് എത്തിയത്. 2011ല്‍ പുറത്തിറങ്ങിയ ഉറുമിയാണ് ജെനീലിയ അഭിനയിച്ച മലയാള ചലച്ചിത്രം.

മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് ആണ് ഹുമ ഖുറേഷി അഭിനയിച്ച ആദ്യ മലയാള ചിത്രം.അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസേപൂർ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ബോളിവുഡിലെ ഗ്ലാമർ താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡിൽ ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധ നേടി പിന്നീട് നായികാ വേഷങ്ങൾ ലഭിച്ചുതുടങ്ങിയ താരം മധുരരാജ എന്ന മലയാളം സിനിമയിൽ ഐറ്റം ഡാൻസ് ചെയ്താണ് മലയാളത്തിൽ അരങ്ങേറിയത്.

ലഗാൻ, മുന്നഭായി എംബിബിഎസ് ഉൾപ്പെടെ നിരവധി ബോളിവുഡ് സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ് ഗ്രേസി സിങ്. ജയരാജ് ഒരുക്കിയ മമ്മൂട്ടി ചിത്രം ലൗഡ് സ്പീക്കറിലൂടെയാണ് ഗ്രേസി സിങ് മലയാളത്തിൽ എത്തിയത്. ബോളിവുഡ് ചലച്ചിത്രനടിയും നിർമ്മാതാവും എഴുത്തുകാരിയുമായ ടിസ്ക ചോപ്ര വിവിധ ഭാഷകളിലായി അമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘മായാബസാർ’ എന്ന സിനിമയിലാണ് ടിസ്ക അഭിനയിച്ചത്. മേജർ രവി മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സൈനിക പശ്ചാത്തലത്തിലുള്ള ചിത്രമായ ‘മിഷൻ 90 ഡെയ്സിലൂ’ടെയാണ് തുലിപ് ജോഷി മലയാളത്തിലെത്തിയത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഡല്‍, ചലച്ചിത്രതാരം തുടങ്ങിയ നിലകളിൽ പ്രശസ്തയായ താരമാണ് തപ്സി പന്നു. തെലുങ്ക്, തമിഴ് സിനിമകളിലൂടെ തിളങ്ങി ബോളിവുഡിലെ മിന്നും താരമായി മാറിയ തപ്സി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സോഹന്‍ സീനുലാൽ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഡബിൾസിലാണ് തപ്സി അഭിനയിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top