എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവം എനിക്കില്ല,എന്റെ പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അവിടെ കുറച്ചേ ഉണ്ടാവൂ; മിയ പറയുന്നു !
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് മിയ ജോര്‍ജ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന മിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹിതയായതിനെക്കുറിച്ചും കുഞ്ഞതിഥിയെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കിട്ടിരുന്നു.
കൊവിഡ് കാലത്തായിരുന്നു നടിയുടെ വിവാഹവും പ്രസവവുമൊക്കെ. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങളൊന്നും പുറംലോകത്തേക്ക് വന്നിരുന്നില്ല. നടി ഗര്‍ഭിണിയാണെന്ന കാര്യം ആരെയും അറിയിച്ചില്ലെന്ന് മാത്രമല്ല കുഞ്ഞിന്റെ ജനനത്തിന് ശേഷമാണ് ഇക്കാര്യം പുറത്ത് വന്നത് തന്നെ.
ഇപ്പോള്‍ മകന്‍ ലൂക്കയെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും മകന്റെ വിശേഷങ്ങള്‍ എല്ലാവരുമായി പങ്കുവെക്കുകയുമൊക്കെ മിയ ചെയ്യാറുണ്ട്. എന്നാല്‍ ഗര്‍ഭിണിയാണെന്നടക്കമുള്ള കാര്യങ്ങള്‍ നടി ഒളിപ്പിച്ച് വെച്ചിരുന്നതാണോന്ന് ചോദിച്ചാല്‍ അല്ലെന്നാണ് മറുപടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ഇതിനുളള വിശദീകരണം നല്‍കിയിരിക്കുകയാണ് മിയ ജോര്‍ജ്.
എല്ലാ നടിമാരും ഗര്‍ഭകാലം തുടങ്ങുന്ന സമയം മുതലേ ഫോട്ടോസ് ഇടും. അതൊക്കെ ഓണ്‍ലൈനില്‍ വാര്‍ത്തയുമാവും. മിയയുടെ ചിത്രങ്ങളൊന്നും എവിടെയും കാണാത്തതിന്റെ കാരണമെന്താണെന്നാണ് അവതാരക നടിയോട് ചോദിച്ചത്. ‘ഞാനങ്ങനെ ഗര്‍ഭിണിയാണെന്ന് അറിയിച്ചുള്ള ഫോട്ടോസ് എവിടെയും ഇട്ടിട്ടില്ലെന്നാണ് മിയയുടെ മറുപടി. എന്റെ കല്യാണവും പ്രസവവുമൊക്കെ കൊവിഡ് കാലത്താണ്.
ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ ആയിരുന്ന സമയത്താണ് എന്റെ പ്രസവം നടക്കുന്നത്. കൊവിഡ് വന്നതിന് ശേഷം എല്ലാവരില്‍ നിന്നും ഒതുങ്ങി ജീവിക്കുന്നൊരു രീതിയിലേക്ക് മാറിയിരുന്നല്ലോ. പുറത്ത് പരിപാടികള്‍ക്കൊന്നും പോവാറില്ല, മാക്‌സിമം സമയവും വീട്ടില്‍ തന്നെയാണ് ചിലവഴിച്ചത്. അങ്ങനെയുള്ള സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്.ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആദ്യത്തെ മാസം കരുതി കുറച്ചൂടി കഴിഞ്ഞിട്ട് പുറംലോകത്തോട് പറയാമെന്ന്. അതങ്ങനെ പിന്നെയാവട്ടെന്ന് പറഞ്ഞ് പറഞ്ഞ് നീണ്ട് പോയതാണ്. രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം പറയാമെന്ന്. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്ന സ്വഭാവം എനിക്കില്ല. ഇന്‍സ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ എവിടെയും ആയിക്കോട്ടെ, എന്റെ പേഴ്‌സണല്‍ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അവിടെ കുറച്ചേ ഉണ്ടാവൂ.
ഇനിയിപ്പോള്‍ എന്തെങ്കിലും പോസ്റ്റ് ഇടുകയാണെങ്കില്‍ തന്നെ കഴിഞ്ഞ മാസം പോയ യാത്രയെ കുറിച്ച് ഈ മാസമായിരിക്കും ഇടുക. ഗാലറിയില്‍ ഇങ്ങനെ തപ്പി പോവുന്ന സമയത്ത് എന്തെങ്കിലും കാണുകയാണെങ്കില്‍ അതിടും. അതല്ലാതെ കൃത്യ സമയത്ത് തന്നെ കാര്യങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന സ്വഭാവമില്ല. ചിലതില്‍ മൂഡ് ഉണ്ടെങ്കില്‍ ഇടും, അതില്ലെങ്കില്‍ ഇടില്ലെന്ന രീതിയാണ് തന്റേത്. അങ്ങനെ ഗര്‍ഭിണിയായിരുന്ന സമയത്ത് എല്ലാ കാര്യങ്ങളും പറയണമെന്ന് തനിക്ക് തോന്നിയില്ലെന്നും- മിയ പറയുന്നു.
തമിഴില്‍ നടന്‍ വിക്രത്തിന്റെ കൂടെ അഭിനയിച്ചതിനെ കുറിച്ചും മിയ പറഞ്ഞു. ‘വളരെ സ്വീറ്റായിട്ടുള്ള വ്യക്തിയാണ് വിക്രം. എത്ര റീടേക്കുകള്‍ പോവാനും യാതൊരു മടിയുമില്ലാത്ത മനുഷ്യനാണ്. നമുക്ക് സ്‌നേഹവും ബഹുമാനവുമൊക്കെ ഉണ്ടെങ്കിലും അദ്ദേഹവുമായി ഇടപഴകാന്‍ യാതൊരു പേടിയും തോന്നില്ല. ഇനിയിപ്പോള്‍ നമ്മള്‍ ഒന്നും മിണ്ടാതെ പുറകോട്ട് മാറി ഇരിക്കുകയാണെങ്കില്‍ അദ്ദേഹമായിരിക്കും ഇങ്ങോട്ട് സംസാരിച്ച് വരിക. അങ്ങനൊരു സ്വീറ്റ് പേഴ്‌സനാണ് വിക്രമെന്ന്’, മിയ സൂചിപ്പിച്ചു.
