Malayalam
മിന്നൽ മുരളി യൂണിവേഴ്‌സ്; ഡിറ്റക്റ്റീവ് ഉജ്ജ്വലന് തിരിച്ചടി, ‘മിന്നൽ മുരളി’യെ സംബന്ധിച്ചുള്ള പകർപ്പവകാശങ്ങൾ ലംഘിക്കരുതെന്ന് കോടതി
മിന്നൽ മുരളി യൂണിവേഴ്‌സ്; ഡിറ്റക്റ്റീവ് ഉജ്ജ്വലന് തിരിച്ചടി, ‘മിന്നൽ മുരളി’യെ സംബന്ധിച്ചുള്ള പകർപ്പവകാശങ്ങൾ ലംഘിക്കരുതെന്ന് കോടതി
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു മിന്നൽ മുരളി. ഈ ചിത്രത്തിലെ കഥാപാത്രങ്ങളെയും സ്ഥലങ്ങളെയും ഉൾപ്പെടുത്തി ‘മിന്നൽ മുരളി’ യൂണിവേഴ്‌സിൽ ഒരുക്കാനിരുന്ന ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിന് തിരിച്ചടി.
മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. മിന്നൽ മുരളിയുടെ കൂടി നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നേരത്തെ മിന്നൽ മുരളി യൂണിവേഴ്‌സിൽ പെടുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.
ഇതിനെതിരെയാണ് തിരക്കഥാകൃത്തുക്കൾ കോടതിയെ സമീപിച്ചത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ‘മിന്നൽ മുരളി’ സിനിമയെ സംബന്ധിച്ചുള്ള പകർപ്പവകാശങ്ങൾ ലംഘിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു.
എറണാകുളം ജില്ലാ കോടതിയാണ് ഈ നീക്കത്തെ തടഞ്ഞത്. മിന്നൽ മുരളി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്‌മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ തുടങ്ങിയവ വാണിജ്യപരമായോ അല്ലാതെയോ ഉപയോഗിക്കാൻ പാടില്ലെന്നാണ് കോടതി നിർദ്ദേശം.
‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നിർമ്മാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
നേരത്തെ മിന്നൽ മുരളിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിന്നൽ മുരളി യൂണിവേഴ്‌സ് ഉണ്ടാവുമെന്ന് നിർമാതാവ് സോഫിയ പോൾ പ്രഖ്യാപിച്ചിരുന്നു. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിലായിരുന്നു ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ഡിറ്റക്റ്റീവ്ഉ ജ്ജ്വലൻ എന്ന ചിത്രം പ്രഖ്യാപിച്ചത്.