News
കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്
കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്
സിനിമ മേഖലയെ സുരക്ഷിതമായൊരു തൊഴിലിടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സിനിമ ആസ് എ പ്രൊഫഷന്‍’ എന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. കാലം മാറിയതോടെ സിനിമ കാണുന്നത് ഒരു സ്വകാര്യ ദൃശ്യാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പണ്ടു കാലത്ത് തിയേറ്ററുകളില്‍ പോയി സിനിമ കണ്ടു കൊണ്ടിരുന്നപ്പോള്‍ കാണികള്‍ക്ക് ഒരു മാസ് ദൃശ്യാനുഭവം ലഭിച്ചിരുന്നു. എന്നാല്‍ ടെക്‌നോളജിയുടെ വളര്‍ച്ചയും കൊവിഡും സിനിമ രംഗത്തും വന്‍ മാറ്റങ്ങള്‍ക്ക് കാരണമായി. ഓരോ വ്യക്തിയുടെയും സ്വകാര്യ ഇടമായിരുന്നു അവരുടെ വീടുകള്‍.
കാലം വരുത്തിയ മാറ്റങ്ങള്‍ വീടുകളെ തിയേറ്ററും ക്ലാസ് റൂമും ഓഫീസും തുടങ്ങിയവയുള്ള പൊതു സ്ഥലങ്ങള്‍ പോലെയായി മാറി. സാങ്കേതിക വിദ്യയിലുണ്ടായ മാറ്റങ്ങളാണ് സിനിമയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാന കാരണം. ബിഗ് ബജറ്റിന്റെ പിന്‍ബലമില്ലെങ്കിലും നല്ല ഉള്ളടക്കങ്ങള്‍ ഉള്ളതിനാല്‍ മലയാളികളല്ലാത്ത ധാരാളം ആളുകളും നമ്മുടെ സിനിമകള്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകത്തിന് നല്ല സന്ദേശങ്ങളും അറിവുകളും നല്‍കാന്‍ സാധിക്കുന്ന ശക്തമായൊരു ഉപകരണമാണ് സിനിമയെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്ലോവേനിയ മുന്‍ ഉപ പ്രധാനമന്ത്രി വയലേറ്റ ബുള്‍ച്ച് അറിയിച്ചു. സംവിധായകന്‍ സിബി മലയില്‍ അദ്ധ്യക്ഷനായിരുന്നു.
നിയോ ഫിലിം സ്‌കൂള്‍ ചെയര്‍മാന്‍ ജെയിന്‍ ജോസഫ്, സംവിധായകന്‍ ലിയോ തദേവൂസ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്, സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്, ദോഹ ബിര്‍ള സ്‌കൂള്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ്, ബീന ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് ഫാപ് രൂപം നല്‍കിയിട്ടുണ്ട്.