Tamil
തിരിച്ചുവരവിന്റെ പാതയിൽ മെറിലാൻഡ് സ്റ്റുഡിയോ; മെറിലാൻഡ് കുടുംബത്തിൽ നിന്ന് പുതിയ സിനിമാ കമ്പനി വരുന്നു
തിരിച്ചുവരവിന്റെ പാതയിൽ മെറിലാൻഡ് സ്റ്റുഡിയോ; മെറിലാൻഡ് കുടുംബത്തിൽ നിന്ന് പുതിയ സിനിമാ കമ്പനി വരുന്നു
മലയാളസിനിമയുടെ സുവർണ്ണ കാലഘട്ടത്തിന്റെ പര്യായമായിരുന്നു മെറിലാൻഡ് സ്റ്റുഡിയോ. 1952 മുതൽ 79 വരെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച 80ലേറെ സിനിമകൾ പിറന്നത് ഈ സ്‌റ്റുഡിയോയിലൂടെയാണ്. ഇപ്പോഴിതാ, മെറിലാൻഡ് കുടുംബത്തിൽനിന്ന് രണ്ട് വിതരണ, നിർമാണക്കമ്പനികൾ ഉദയം ചെയ്‌തിരിക്കുകയാണ്. ‘വൈക മെറിലാൻഡ് റിലീസ്’ ആണ് പുതിയ കമ്പനി.
സെന്തിൽ സുബ്രഹ്മണ്യമാണ് വൈക മെറിലാൻഡ് റിലീസിന്റെ ഉടമ. മെറിലാൻഡ് സ്റ്റുഡിയോയുടെയും സിറ്റി തിയേറ്റേഴ്സിൻറെയും സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും, ‘ശ്രീ സുബ്രഹ്മണ്യ എന്റർപ്രൈസസസ്’ വിതരണക്കമ്പനി ഉടമയുമായ എസ് കാർത്തികേയന്റെ മകനുമാണ് സെന്തിൽ.
തമിഴിലെ ഹിറ്റ് മേക്കറായ വെട്രിമാരന്റെ ‘വിടുതലൈ-രണ്ട്’ന്റെ കേരളത്തിലെ വിതരച്ചുമതലയേറ്റെടുത്തുകൊണ്ടാണ് വൈക മെറിലാൻഡ് റിലീസിന്റെ തുടക്കം. വിജയ് സേതുപതിയും മഞ്ജു വാര്യരുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇളയരാജയാണ് സംഗീതം. വെട്രിമാരൻ ചിത്രത്തിനു പിന്നാലെ മലയാളത്തിൽ സ്വന്തം പ്രൊജക്ടും വൈക ഒരുക്കുന്നുണ്ട്. സെന്തിൽ സ്വയം രൂപകൽപ്പന ചെയ്ത പ്രൊജക്ടിൽ രണ്ടു പ്രമുഖ മലയാള അഭിനേതാക്കൾ അണിനിരക്കും.
1951ൽ തിരുവനന്തപുരം നേമം ആസ്ഥാനമാക്കി പി സുബ്രഹ്മണ്യം ആരംഭിച്ച മെറിലാൻഡ് സ്റ്റുഡിയോയും 1947 മുതൽ ആലപ്പുഴയിൽ ആരംഭിച്ച കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോസും മലയാള സിനിമാ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഏടുകളാണ്. ഉദയാസ്റ്റുഡിയോസ് കുടുംബാംഗമായ നടൻ കുഞ്ചാക്കോ ബോബൻ 2016 മുതൽ ‘ഉദയാ പിക്‌ചേഴ്‌സ്’ എന്ന പേരിൽ നിർമാണക്കമ്പനി പുനരാരംഭിച്ചിരുന്നു.