Movies
മാർക്കോ ഒടിടിയിലേയ്ക്ക്!; റിലീസ് തീയതി പുറത്ത്
മാർക്കോ ഒടിടിയിലേയ്ക്ക്!; റിലീസ് തീയതി പുറത്ത്
ഉണ്ണി മുകുന്ദൻ നായകനായി എത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇത് സംബന്ധിച്ച പുതിയ വിവരമാണ് പുറത്തെത്തുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.
ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായാണ് മാർക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ഡിസംബർ 20നാണ് ചിത്രം റിലീസിനെത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി.
അതേസമയം, മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്, സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.
