Malayalam
നിർമാതാക്കൾ മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത് സ്വന്തം കൈയിൽ നിന്ന് നയാപൈസ പോലും എടുക്കാതെ; 28 കോടി വാങ്ങി ചിത്രം നിർമിച്ചത് 19 കോടിയ്ക്ക് താഴെ
നിർമാതാക്കൾ മഞ്ഞുമ്മൽ ബോയ്സ് നിർമിച്ചത് സ്വന്തം കൈയിൽ നിന്ന് നയാപൈസ പോലും എടുക്കാതെ; 28 കോടി വാങ്ങി ചിത്രം നിർമിച്ചത് 19 കോടിയ്ക്ക് താഴെ
മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമിക്കാനായി സൗബിൻ ഷാഹിർ അടക്കമുള്ള നിർമ്മാതാക്കൾ സ്വന്തം കൈയിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസ്. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലെ അന്വേഷണത്തിൽ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്.
ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിൻ ഉൾപ്പടെയുള്ളവരുടെ വീട്ടിലൂം റെയ്ഡ് നടന്നിരുന്നു. സിനിമയുടെ 40% ലാഭവിഹിതം നൽകാമെന്ന ഉറപ്പിന്മേൽ സിറാജ് ഹമീദ് എന്ന വ്യക്തി സിനിമയുടെ ആദ്യത്തെ മുടക്കു മുതലായ ഏഴ് കോടി രൂപ നൽകിയിരുന്നു. എന്നാൽ ലാഭവിതമോ മുടക്കുമുതലോ നൽകാതെ തന്നെ ചതിച്ചെന്ന് ആരോപിച്ച് സിറാജ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തിൽ, സിറാജ് പരാതിനൽകിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. ഈ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയായിരുന്നു കേസ്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു.